
-ഫെബിനാ ഷാഫി
കുറ്റിപ്പുറത്തെ സ്ഥലമെടുപ്പ് പ്രശ്നത്തിൽ സർക്കാർ കൂടുതൽ ജനാധിപത്യ സ്വഭാവം കാട്ടണമെന്ന് മലപ്പുറം ഡിസിസി അധ്യക്ഷൻ വി വി പ്രകാശ്. വികസന പദ്ധതികളോടെതിർപ്പില്ല; എന്നാൽ സ്ഥലമുടമകളുടെ നഷ്ട പരിഹാര കാര്യത്തിൽ സർക്കാർ ഉദാര നയം സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് ന്യൂസ് അറ്റ് ഫസ്റ്റിനോട് പറഞ്ഞു.
എന്താണ് ഉദാര നയം വേണമെന്നതുകൊണ്ട് ഉദ്ദേശിച്ചത്.. ?
സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പുതുക്കിയ കേന്ദ്ര നയം പൂർണമായ തോതിൽ നടപ്പിലാക്കണം. വസ്തുവിന്റെ മുഖ വിലയുടെ പത്തിരട്ടി തുക ഉടമകൾക്ക് നൽകാൻ പുതിയ നിയമം നിര്ദ്ദേശിക്കുന്നുണ്ട്. ഈ നയം കുറ്റിപ്പുറത്തെ സ്ഥലമുടമകളുടെ കാര്യത്തിൽ നടപ്പിലാക്കണം. നഷ്ട്ട പരിഹാര തുക പുനർ നിർണ്ണയിക്കണം. ഉടമകളുടെ വിശ്വാസം ആർജ്ജിക്കണം. സംഘർഷമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കണം.
മുസ്ലിം ലീഗും മലപ്പുറത്ത് ഇതേ നിലപാടിലാണല്ലോ?
യു.ഡി.എഫ് ഇക്കാര്യത്തിലുള്ള നയം നേരത്തെ പറഞ്ഞിട്ടുണ്ട്. വികസന പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കൽ അനിവാര്യമാണ്. എന്നാൽ സ്ഥലം ഉടമകളുടെ ആവശ്യങ്ങളും പരാതികളും പരിഹരിക്കണം. അതിനായി ജനാധിപത്യ മാർഗം പിന്തുടരണം, അല്ലാതെ അധികാരം ഉപയോഗിച്ചുള്ള അടിച്ചമർത്തൽ ഉണ്ടാവരുത്.
ഭരണത്തിൽ ഉള്ളപ്പോഴും കോൺഗ്രസിന് ഇതേ നയം തന്നെയാണോ?
മലപ്പുറം ജില്ലയിൽ ഗെയിൽ പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട സംഘർഷം ഉണ്ടായിരുന്നു. അന്നും ഇതേ നയമാണ് ഞങ്ങൾ സ്വീകരിച്ചത്. കോൺഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു, ഞാൻ സത്യാഗ്രഹം കിടന്നു. അതിനു പ്രയോജനം ഉണ്ടായി. സ്ഥലം ഉടമകളുമായി സർക്കാർ കൂടിയാലോചന നടത്തി നഷ്ടപരിഹാരം വർധിപ്പിച്ചു. പൈപ്പ് ലൈൻ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ആശങ്കകൾ തീർക്കാനും ജനങ്ങളെ ബോധവത്കരിക്കാനും നടപടികൾ ഉണ്ടായി. ജനമൈത്രി പൊലീസിനെ പരിശീലിപ്പിച് ഓരോ വീടുകളിലും അയച്ചാണ് ബോധവത്കരണത്തിന് നേതൃത്വം നൽകിയത്.
കോൺഗ്രസ്സും ലീഗും സമര രംഗത്ത് ഇല്ലാത്തത് കൊണ്ടാണോ മറ്റു ചെറിയ പാർട്ടികൾ സ്ഥലമുടമകളുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്നത്?
യുഡിഫ് അധികാരത്തിലിരുന്നപ്പോൾ അന്നത്തെ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി മുൻകൈയ്യെടുത്ത് നിരവധി കൂടിയാലോചനകൾ നടത്തിയിരുന്നു. അന്ന് രൂപപ്പെട്ട ധാരണയാണ് ഞങ്ങൾ ഇപ്പോഴും പറയുന്നത്. കോൺഗ്രസിന് ഭരണത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ടു നയമില്ല. ആം ആദ്മി പോലുള്ള കക്ഷികൾ കുറ്റിപ്പുറത്തു സ്ഥലമെടുപ്പിന് എതിരാണ്. വികസനത്തെ കണ്ണും പൂട്ടി എതിർക്കാൻ കഴിയില്ല. എന്നാൽ വികസനത്തിന് വേണ്ടി എന്തും ചെയ്യാമെന്ന അഭിപ്രായവുമില്ല. നാടിന്റെ വികസനത്തിനൊപ്പം ജനങ്ങളുടെ ബുദ്ധിമുട്ടുകളും പരിഹരിക്കണം. ജന പിന്തുണയോടെ വികസന പദ്ധതികൾ യാഥാർഥ്യമാക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാട്.
കുറ്റിപ്പുറത്തെ സംഘർഷം അവസാനിച്ചിട്ടുണ്ടോ?
സർക്കാരിന്റെ ധിക്കാരപരമായ സമീപനമാണ് പ്രശ്നം വഷളാക്കുന്നത്. ജനാധിപത്യപരമായ മാർഗങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കണം. ജന പിന്തുണ തേടണം, എങ്കിൽ സംഘർഷം ഉണ്ടാവുകയില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)