
-ഫെബിനാ ഷാഫി
വികലമായ ഭാഷാ പഠനത്തെ ചോദ്യം ചെയ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെ പിന്തുണക്കുകയാണെന്ന് കവി പി.കെ ഗോപി പറഞ്ഞു. ഭാഷാ പഠനത്തെ അലസമായി കാണുന്ന അധ്യാപകർ നിരവധിയുണ്ട്; പതിറ്റാണ്ടുകളായി ഈ ദുഃസ്ഥിതി തുടരുകയാണെന്നും പികെ ഗോപി ന്യൂസ്@ഫസ്റ്റിനോട് പറഞ്ഞു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നിലപാടിനെ എങ്ങനെ നോക്കിക്കാണുന്നു?
കഴിഞ്ഞ ദിവസം ഭാഷപോലും ആവശ്യമില്ലെന്ന് പറഞ്ഞ ഒരു അധ്യാപകനെ വേദിയിൽ ഞാൻ നേരിട്ടു. മാതൃ ഭാഷയോട് പുച്ഛവും പരിഹാസവുമുള്ള ആളായിരുന്നു അദ്ദേഹം. എന്നാൽ എഴുത്തുകാരൻ എന്ന ലേബൽ ഉണ്ടായിരുന്നു. ഇത്തരക്കാർ കുട്ടികളെ പഠിപ്പിച്ചാൽ അടുത്ത തലമുറയുടെ ഗതിയെന്തായിരിക്കും.. ? ഈ ചോദ്യമാണ് ചുള്ളിക്കാടും ഉദ്ദേശിച്ചത്. അതുകൊണ്ട് അദ്ദേഹത്തെ ഞാൻ പിന്തുണക്കുന്നു.
സ്വന്തം കവിത പഠിപ്പിക്കേണ്ടതില്ലെന്ന ചുള്ളിക്കാടിന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു?
ഒരു കവിയുടെ രചന പഠിപ്പിക്കരുതെന്നോ ചർച്ച ചെയ്യരുതെന്നോ പറയാൻ ആർക്കും അവകാശമില്ല.
അച്ചടിച്ചു പ്രസിദ്ധം ചെയ്തു കഴിഞ്ഞാൽ അത് പൊതുസമൂഹത്തിന്റെ സ്വത്താണ്. ചുള്ളിക്കാടിന്റെ തനത് പ്രതികരണമാണിത്. സ്നേഹാദരങ്ങളോടെ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണക്കുമ്പോഴും കവിതകൾ പഠിപ്പിക്കരുതെന്ന നിലപാടിനോട് വിയോജിക്കുന്നു.
ചുള്ളിക്കാടിന്റെ പ്രതിഷേധത്തിന് അർത്ഥമില്ലെന്നാണോ?
കവിത ദുരുപയോഗം ചെയ്താൽ ഏത് കവിക്കും ദുഃഖമുണ്ടാകും, അമർശമുണ്ടാകും. അത്തരത്തിലുള്ള ദുഃഖവും അമർഷവുമാണ് ചുള്ളിക്കാടിന്റെ പ്രസ്താവനയിൽ കാണുന്നത്. അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ അതേ പടി സ്വീകരിക്കാനാണെനിക്കിഷ്ടം. എന്നാൽ ആ കവിത ആരും പഠിക്കരുതെന്നോ ഗവേഷണം ചെയ്യരുതെന്നോ ശഠിക്കുന്നതിനോട് തുല്യ ആത്മാർത്ഥതയോടെ ഞാൻ വിയോജിക്കുന്നു.
ഇനി എന്ത് തുടർച്ച ഉണ്ടാകണമെന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത്?
സർക്കാർ തലത്തിലും സർവകലാശാലാ തലത്തിലും ഇക്കാര്യങ്ങൾ സജീവമായി ചർച്ച ചെയ്യണം. എഴുത്തുകാർക്ക് ആത്മപരിശോധന നടത്താൻ ഈ വിവാദം ഉപകരിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)