
-ഫെബിന ഷാഫി
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യവും വർദ്ധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, മുൻ എംഎൽഎ മാരുടെ അനുകൂല്യവും വർധിപ്പിക്കണമെന്ന് 'ഫോർമർ എംഎൽഎ ഫോറം' ആവശ്യപ്പെട്ടു. ഒരു ടേം എംഎൽഎമാരായി പ്രവർത്തിച്ചവർക്ക് കിട്ടുന്ന പെൻഷൻ 10,000 രൂപ മാത്രമാണ്. ഇത് ആനുപാതികമായി വർധിപ്പിക്കണം. മുൻ എം.എൽ.എയും ഫോർമർ എംഎൽഎ ഫോറം വൈസ് പ്രസിഡന്റുമായ ജോണിനെല്ലൂർ ന്യൂസ് @ ഫസ്റ്റിനോട് സംസാരിക്കവേ വ്യക്തമാക്കി.
മുൻ എംഎൽഎമാർ സമ്മർദം ഉയർത്തുകയാണോ? പ്രത്യേകിച്ച്, സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ കഴിയുമ്പോൾ?
മുൻ എംഎൽഎ മാരിൽ ബഹു ഭൂരിപക്ഷവും മറ്റ് വരുമാനം ഇല്ലാത്തവരാണ്. ജീവിതാന്ത്യത്തിൽ ഏകാകികളായി കഴിയുന്നവരുമുണ്ട്. ഇപ്പോൾ ലഭിക്കുന്ന പെൻഷനും ആനുകൂല്യവും തീരെ അപര്യാപ്തമാണ്. ജീവിതം വഴിമുട്ടി നിൽക്കുന്ന നിരവധി മുൻ എം.എൽ.എമാർ ഉണ്ട്. പലരുടെയും ജീവിതം ഞാൻ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.
ഇപ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ എന്താണ്?
ഒരു തവണ (5വർഷം) എംഎൽഎ ആയി പ്രവർത്തിച്ചവർക്ക് പ്രതിമാസം 10,000 രൂപയാണ് പെൻഷൻ. രണ്ട് ടേം പൂർത്തിയായവർക്ക് 13,500 രൂപ ലഭിക്കും. ഞാൻ മൂന്നുതവണ എംഎൽഎ ആയിരുന്നു. എനിക്ക് കിട്ടുന്നത് കഷ്ടിച്ചു 17,000 രൂപയാണ്. മെഡിക്കൽ പരിരക്ഷയുണ്ട്, എന്നാൽ അത് ഭാഗികമായേ ലഭിക്കുന്നുള്ളൂ. ചികിത്സയ്ക്ക് ചിലവായ മുഴുവൻ തുകയും ലഭിക്കാറില്ല. കാലത്തിന് അനുസരിച്ച് ആനുകൂല്യങ്ങളിൽ മാറ്റം വരുത്തണം.
ഈ ആവശ്യം നേരത്തെ ഉന്നയിച്ചതാണോ, അതോ ഇപ്പോൾ മന്ത്രിമാരുടെ ശമ്പളം വർധിപ്പിക്കുന്ന സാഹചര്യത്തിലാണോ ഇങ്ങനെ ഒരാവശ്യം ഉയർത്തുന്നത്?
ഞങ്ങൾ നേരത്തെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉറപ്പ് ലഭിച്ചിട്ടില്ല. ജെയിംസ് കമ്മിറ്റി റിപ്പോർട്ടിൽ എംഎൽഎമാരുടെ ആനുകൂല്യ വർധനവ് ശുപാർശ ചെയ്തിട്ടുണ്ട്. അതേ ജെയിംസ് കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും വേതന വർധന ശുപാർശ ചെയ്തിരിക്കുന്നത്. മുൻ എംഎൽഎ മാരിൽ പലരും പ്രതിസന്ധിയിലാണ് ഇപ്പോൾ.
നിങ്ങളുടെ സംഘടനയുടെ ഘടന എങ്ങനെയാണ്?
"ഫോർമർ എംഎൽഎ ഫോറം" മുൻ എംഎൽഎമാരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷമാണ് രൂപം കൊണ്ടത്. ഇപ്പോൾ 276 അംഗങ്ങളുണ്ട്. മുൻ സ്പീക്കർ എം.വിജയകുമാർ ആണ് ഫോറത്തിന്റെ പ്രസിഡന്റ്.
സംഘടനയുടെ മറ്റു പ്രവർത്തനങ്ങൾ?
മുൻ എംഎൽഎമാരിൽ പലരും ഇന്നില്ല. അവരുടെ കുടുംബാംഗങ്ങൾ ഫോറത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഞങ്ങൾ സംഘടന ഉണ്ടാക്കി അന്വേഷിച്ചു ചെല്ലുമ്പോഴാണ് പലരുടെയും ദയനീയ സ്ഥിതി അറിയുന്നത്. ബാഹ്യലോകത്ത് നിന്നും മാറി ഒറ്റപ്പെട്ട് ജീവിക്കുന്ന മുൻ എംഎൽഎ മാരും ഉണ്ട്. എല്ലാവരുടെയും കൂടിച്ചേരൽ ഞങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇന്നലെവരെ എംഎൽഎമാരായിരുന്നവർ ഇന്ന് മുൻ എംഎൽഎ ആകുന്നു. നാളെ തിരിച്ചും സംഭവിക്കാം. എല്ലാവരുടെയും കൂട്ടായ്മയും ആഹ്ലാദവുമാണ് സംഘടന ലക്ഷ്യംവെക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)