
കേരളത്തിൽ സിപിഎം സ്റ്റാലിനിസം നടപ്പിലാക്കുകയാണെന്ന് ഡോ: എം.കെ മുനീർ എംഎൽഎ. കീഴാറ്റൂരിലെ കര്‍ഷക സമരത്തിനെതിരായ പൊലീസ് നടപടിയെക്കുറിച്ച് ന്യൂസ് അറ്റ് ഫസ്റ്റ്-നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന കീഴാറ്റൂരില്‍ നടന്ന കര്‍ഷക സമരത്തിനെതിരായ പൊലീസ് നടപടിയെ പ്രതിപക്ഷം എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഏകാധിപത്യം അതിന്റെ ക്രൂരമായ മുഖം കാണിച്ചിരിക്കുന്നു. കമ്മ്യൂണിസം ഏകാധിപത്യവും സർവ്വാധിപത്യവുമാണ്. ചൈന അടുത്തിടെ കൂടുതൽ സർവാധിപത്യത്തിലേക്ക് നീങ്ങിയ വാർത്ത നാം കണ്ടു. ഇതിന്റെയൊക്കെ പ്രതിഫലനങ്ങൾ കേരളത്തിലും വന്നുകഴിഞ്ഞു. തന്റെ തെറ്റ് ശരിയാണെന്നും, അന്യന്റെ ശരി തെറ്റാണെന്നും സ്ഥാപിക്കാനുള്ള തന്ത്രമാണ് സിപിഎം പയറ്റുന്നത്.
ഇത് കടുത്ത കമ്യൂണിസ്റ്റ് വിരോധമല്ലേ?
ഞാൻ വസ്തു വസ്തുതകളായാണ് പങ്കുവെക്കുന്നത്. ബോംബെയിൽ കർഷകരുടെ ലോംഗ് മാർച്ച് സംഘടിപ്പിച്ച സിപിഎം കേരളത്തിൽ കർഷകരുടെ സമരപ്പന്തൽ തീ വെക്കുന്നു. ഇത് വസ്തുതയല്ലേ? എതിർശബ്ദം അനുവദിക്കില്ലെന്ന സന്ദേശമാണിത്. ആരും ചോദ്യം ചെയ്യാൻ പാടില്ലെന്ന പ്രഖ്യാപനമാണിത്.
വയൽ കിളികളുടെ സമരത്തോടുള്ള മുസ്ലീം ലീഗിന്റെ നിലപാട് എന്താണ്?
സമരം ജനാധിപത്യ മാർഗമാണ്. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾ സമരത്തിനെതിരല്ല. അത് ജനാധിപത്യപരമായ സമരമാർഗ്ഗമാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തണം. അതാണ് സുതാര്യമായ മാർഗ്ഗം. സമരക്കാരെ കള്ളക്കേസിൽ കുടുക്കുക, അവരുടെ സമരപ്പന്തൽ തീവെക്കുക തുടങ്ങിയവ ഏകാധിപത്യ ശൈലിയാണ്. സിപിഎം ഈ ശൈലി എല്ലായിടവും വ്യാപകമാക്കുന്നു. ഈ ശൈലിയുടെ അവസാനത്തെ ഇരയാണ് കണ്ണൂരിലെ ശുഹൈബ്.
മുസ്ലീം ലീഗും അസഹിഷ്ണുതയുള്ള പാർട്ടിയാണെന്ന് ആരോപണമുണ്ട്; മന്ത്രി കെ.ടി ജലീൽ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത് ലീഗുകാർ 44 പേരെ കൊന്നിട്ടുണ്ടെന്നാണ്.?
മുസ്ലിംലീഗ് കൊലപാതകം നടത്തുമെന്ന് ആരും വിശ്വസിക്കില്ല. കള്ളക്കണക്കാണത്. കുടുംബ വഴക്കുകളിലും മറ്റും കൊല്ലപ്പെട്ട മുസ്ലീം സമുദായാംഗങ്ങളുടെ കണക്കാണത്. ജലീലിന്റെ വ്യാജ പ്രചാരണത്തിനെതിരെ വ്യാപകമായ പ്രചാരണത്തിന് ലീഗ് തുടക്കം കുറിക്കും. ജലീലിന്റെ സ്വന്തം മണ്ഡലത്തിൽ ഞാൻ നേരിട്ട് പോയി പ്രസംഗിക്കുന്നുണ്ട്. ഞാൻ യൂത്ത് ലീഗ് പ്രസിഡന്റായിരിക്കുമ്പോൾ ജലീൽ യൂത്ത് ലീഗ് സെക്രട്ടറിയായിരുന്നു. അന്ന് തിരുവനന്തപുരം വരെ ഞങ്ങൾ പ്രചരണം നടത്തിയത് സിപിഎം കൊലപാതകത്തിനെതിരെ ആയിരുന്നു. ജലീൽ അത് ഓർക്കുന്നുണ്ടാവണം. സിപിഎമ്മിനെ പ്രീണിപ്പിക്കാൻ വേണ്ടി ലീഗിനെ ഒറ്റു കൊടുക്കുന്ന പണി ജലീൽ അവസാനിപ്പിക്കണം.
-ഫെബിന ഷാഫി
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)