
എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായിരുന്നു; രണ്ടു മാസം മുന്‍പ് രാജിവെച്ചു. ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളാണ് രാജിക്ക് കാരണമെന്നാണ് എം.പി വീരേന്ദ്രകുമാറിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദള്‍ (യു) വിന്റെയും വിശദീകരണം. അത് തന്നെയാണോ യഥാര്‍ത്ഥ കാരണമെന്നത് സംശയകരമാണ്. അത് എന്തായാലും, ഇപ്പോഴിതാ വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ്! രണ്ടു മാസം മുന്‍പു വരെ യു.ഡിഎഫിന്റെ രാജ്യസഭാംഗം! ഒരേ സഭയില്‍, അതേ രാജ്യസഭയില്‍, ഒരേ കാലയളവില്‍ രണ്ടു വിരുദ്ധ മുന്നണികളെ പ്രതിനിധാനം ചെയ്യുന്നു.
വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രമേശ് ചെന്നിത്തല പടയൊരുക്കം എന്ന പേരില്‍ ഒരു രാഷ്ട്രീയ പ്രചാരണ യാത്ര നടത്തിയിരുന്നു. അതില്‍ പങ്കെടുത്ത വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുടെ മറ്റൊരു നേതാവായ കെ.പി മോഹനന്, സിപിഎമ്മിനെ കണക്കിനു വിമര്‍ശിച്ചു പരിഹസിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അങ്ങനെയൊക്കെ പറഞ്ഞ് പ്രസംഗിച്ചു നടന്നു. രണ്ടു മാസത്തിനിടയില്‍ എന്താവാം ഇത്ര വലിയ മാറ്റം ? കെ.പി മോഹനന് ഇനി ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും കുറ്റപ്പെടുത്താന്‍ തയ്യാറെടുക്കുന്നു. ജനാധിപത്യമെന്ന് ഇതിനെ വിശേഷിപ്പിച്ചേക്കാം; യഥാര്‍ഥത്തില്‍ വിചിത്രാധിപത്യം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു ജനതാദള്‍(യു) നേതാവായ കെ.പി മോഹനന്. നിരവധി അഴിമതി ആരോപണങ്ങള്‍ കെ.പി മോഹനനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം നേതാക്കള്‍ ഉയര്‍ത്തി. നിയമസഭയിലും കെ.പി മോഹനനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതെല്ലം എണ്ണിയെണ്ണി പറഞ്ഞത് അന്നത്തെ സിപിഎം നിയമസഭാംഗങ്ങള്‍ തന്നെയായിരുന്നു. ഇപ്പോഴിതാ കെ.പി മോഹനന് പരിശുദ്ധനാകുന്നു. രണ്ടു മാസം കൊണ്ടുണ്ടായ മറിമായം; ഉത്തരം- ജനാധിപത്യ൦.
എം.പി വീരേന്ദ്രകുമാര്‍ ഇനി ഇടതുപക്ഷ പ്രതിനിധിയായി രാജ്യസഭയില്‍ എത്തും; കെ.പി മോഹനന് ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവായി, രണ്ടു മാസം മുന്‍പ് പടയൊരുക്കയാത്രയില് താന്‍ രൂക്ഷമായി വിമര്‍ശിച്ച സിപിഎം നേതാക്കളെ പുകഴ്ത്തും. ഇതെല്ലം നമ്മള് കണ്ടിരിക്കും; കൈയ്യടിക്കും. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. രാഷ്ട്രീയക്കാര്‍ മുമ്പ് പറഞ്ഞതും നമ്മള് കണ്ടതുമെല്ലാം ജനം മറക്കണം. മറവിയാണ് ഔഷധം.
- സ്പെഷ്യല്‍ കറസ്പോണ്ടന്റ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)