
-ഫെബിന ഷാഫി
ശുഹൈബ് വധത്തിൽ സിപിഐഎം സിബിഐയെ ഭയക്കുകയാണെന്നും, ഇതുകാരണമാണ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ഈ തീരുമാനത്തോടെ സിപിഎമ്മിന് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നത് ബോധ്യമായി. നേതാക്കൾ കുടുങ്ങുമെന്നും കെ.സുധാകരൻ ന്യൂസ് അറ്റ് ഫസ്റ്റ്-നോട് പറഞ്ഞു.
ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണാവശ്യത്തിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്താണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ തുടര്‍ നടപടി?
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ എക്കാലവും കോൺഗ്രസ് സമര രംഗത്തുണ്ട്. ഞങ്ങളുടേത് ഗാന്ധിയൻ മാതൃകയാണ്. ആയുധങ്ങളെ ആയുധം കൊണ്ട് നേരിടാൻ ഉദ്ദേശിക്കുന്നില്ല. നിയമത്തിന്റെ വഴി തേടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ശുഹൈബ് വധം സിബിഐ അന്വേഷിക്കേണ്ടേതില്ലെന്ന സിപിഎം നിലപാട് സംശയകരമാണ്. കണ്ണൂരിൽ ഇനി ഒരു തുള്ളി രക്തം വീഴരുത്. ആരുടെയും ജീവൻ നഷ്ടമാകരുത്.
താങ്കൾ അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു, ഇപി ജയരാജനെ വധിക്കാൻ ഗൂഡാലോചന നടത്തി എന്നൊക്കെ ആരോപണമുണ്ടല്ലോ?
ഇത് അസംബന്ധമാണ്. സിപിഎം വർഷങ്ങളായി നടത്തിവരുന്ന കുപ്രചാരണമാണത്. ജയരാജനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഒരു തെളിവും ഇതുവരെ സിപിഎമ്മിന് കണ്ടെത്താനായിട്ടില്ല. കോടതിക്ക് പോലും എന്റെ നിരപരാധിത്വം ബോധ്യമായിട്ടുണ്ട്. സിപിഎം എന്നെയാണ് വേട്ടയാടുന്നത്. സൂക്ഷ്മത കൊണ്ടാണ് ഞാൻ സിപിഎമ്മിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്.
എന്ത് സൂക്ഷ്മതയാണത്?
പലതവണ സിപിഎം എനിക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. പലയിടത്തു നിന്നും ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി ഞാൻ തിയേറ്ററുകളിൽ പോകാറില്ല, നാടകം കാണാൻ പോകാറില്ല, സിപിഎം ഒരുക്കുന്ന കെണികൾ അവിടെയെല്ലാം ഉണ്ടാകും. അവിടെ നിന്നെല്ലാം രക്ഷപ്പെടാൻ ഞാൻ എന്റേതായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് പതിവ്. സൂക്ഷ്മതയോടെയുള്ള എന്റെ ഇത്തരം നീക്കങ്ങൾ കാരണമാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്.
താങ്കൾക്ക് ഇപ്പോൾ ഭീഷണി ഉണ്ടോ?
സിപിഎമ്മിന്റെ ഭീഷണി ഇപ്പോൾ ഉണ്ടെന്ന് പറയുന്നില്ല.കാരണം ഒരു വിഭാഗം സിപിഎം പ്രവർത്തകർ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണക്കാരായ അണികളാണവർ. സിപിഎം നേതൃത്വം നൽകുന്ന അക്രമ രാഷ്ട്രീയത്തോട് അവർക്ക് വ്യക്തമായ എതിർപ്പുണ്ട്. പാർട്ടിയിൽ അവർക്ക് പറയാൻ അവസരമില്ല. അതുകൊണ്ട് അവർ എന്നെ കാണുമ്പോൾ രഹസ്യമായി അഭിനന്ദിക്കാറുണ്ട്. പല രഹസ്യങ്ങളും സിപിഎമ്മിന്റെ ചില പ്രവർത്തകർ എന്നെ അറിയിക്കാറുണ്ട്.
കണ്ണൂരിൽ താങ്കൾ നടത്തിയ സമരം വിജയം ആയിരുന്നുവോ?
കണ്ണൂരിലേത് എന്റെ വ്യക്തിപരമായ വിജയമല്ല. അത് സമാധാനം ആഗ്രഹിക്കുന്ന നൂറു കണക്കിന് ആൾക്കാരുടെ വിജയമാണ്. ശുഹൈബിന്റെ കുടുംബത്തിന്റെ വിജയം കൂടിയാണത്. എന്റെ സമര പന്തലിലേക്ക് ഒഴുകിയെത്തിയത് കോൺഗ്രസ്സുകാർ മാത്രമല്ല, ഒരു കക്ഷിയിലും പെടാത്ത നിരവധിപേർ പിന്തുണ അറിയിക്കാൻ എത്തിയിരുന്നു.
താങ്കളുടെ സമരം പെട്ടെന്ന് പിൻവലിക്കാൻ ഒരുവിഭാഗം നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു? എന്താണ് മറുപടി?
പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദികളിൽ ഞാൻ വിശദീകരിച്ചിട്ടുണ്ട്, പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. പാർട്ടിയിൽ നടന്ന ചർച്ച ഞാൻ പുറത്തു പറയാറില്ല.
ഗാന്ധിയൻ സമരമാർഗ്ഗം വേണ്ടെന്ന് താങ്കൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ടല്ലോ?
അങ്ങനെയല്ല. പതിവ് സമരശൈലി മാറണമെന്നാണ് ഞാൻ പറഞ്ഞത്. എങ്കിലേ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയൂ. ചെറുപ്പക്കാർക്ക് സംരക്ഷണം നൽകണം. ഇന്ന് പാർട്ടിയിലേക്ക് ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നില്ല. ഇത് എന്റെ ഉറച്ച നിലപാടാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)