
-ഫെബിനാ ഷാഫി
കണ്ണൂരിൽ വെട്ടേറ്റ് മരിച്ച ശുഹൈബിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് നടൻ ദേവൻ. ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ് മരണഭീതിയിൽ ഉറങ്ങാനാകാതെ കഴിയുകയാണെന്നും ദേവൻ പറഞ്ഞു. കണ്ണൂരിൽ ഇരുവരുടെയും വീടുകൾ സന്ദർശിച്ച ശേഷം ന്യൂസ് അറ്റ് ഫസ്റ്റ്-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുഹൈബിന്റെയും നൗഷാദിന്റെയും വീടുകൾ സന്ദർശിച്ചു, എന്താണ് പ്രതികരണം?
രണ്ടു വീടുകളിലും ഞാൻ പോയി. മനുഷ്യൻ എന്ന നിലക്ക് ഞാൻ ലജ്ജിക്കുന്നു. നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെയൊരു ഗതി വന്നല്ലോ. ശുഹൈബിന്റെ ഉമ്മ ഇനിയും എഴുന്നേറ്റിട്ടില്ല. ചെറിയ സഹോദരിമാർ പൊട്ടിക്കരയുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഉപ്പ. അവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; നാം ഉത്തരം പറയേണ്ടുന്ന ചോദ്യവും അതുതന്നെയാണ്. ശുഹൈബിനെ എന്തിനു കൊന്നു? ആരാണവർ?
നൗഷാദിന്റെ വീട്ടിൽ പോയപ്പോഴുള്ള സ്ഥിതി എന്തായിരുന്നു?
ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദിന് ആ കാര്യം ഓർത്തെടുക്കുമ്പോൾ ഇപ്പോഴും ബോധക്ഷയം ഉണ്ടാവുന്നു. അത്ര ക്രൂരമായ ഓർമകളാണത്. സ്വന്തം സ്നേഹിതനെ കൺമുന്നിൽവെച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നത് കാണേണ്ടി വന്ന ദുരവസ്ഥ. കടുത്ത മാനസിക സംഘർഷത്തിലാണയാള്. ഏതു നിമിഷവും താൻ കൊല്ലപ്പെടുമെന്ന് നൗഷാദ് ഭയക്കുന്നു. ആ ഭയം അസ്ഥാനത്തല്ല, അങ്ങനെയാണ് കാര്യങ്ങൾ. ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷിയാണയാൾ. നൗഷാദിന് അപകടം സംഭവിക്കാൻ പാടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഞാനുൾപ്പെടെയുള്ള പൊതുസമൂഹത്തിന് ആ ഉത്തരവാദിത്വമുണ്ട്. ഇനി ശുഹൈബിനുണ്ടായ ദുരന്തം മറ്റൊരു ചെറുപ്പക്കാരനുണ്ടാവരുത്.
താങ്കളുടെ കണ്ണൂർ സന്ദർശനത്തിനു രാഷ്ട്രീയമായ ഉദ്ദേശങ്ങൾ ഉണ്ടോ?
ഞാൻ ബിജെപിയോ, സിപിഎമ്മോ, കോൺഗ്രസ്സോ അല്ല. മനുഷ്യനാണ്, കലാകാരനാണ്. ആ നിലക്കാണ് ഞാൻ കണ്ണൂരിലെത്തിയത്. എന്റെ ഉത്തരവാദിത്വമാണത്. രാഷ്ട്രീയ കൊലപാതകങ്ങളെ ഞാൻ അപലപിക്കുന്നു. ഞാൻ എല്ലാ കാലത്തും അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
കെ.സുധാകരന്റെ സമരപ്പന്തലിൽ പ്രസംഗിച്ചതായി അറിഞ്ഞു.
ശരിയാണ്. കെ.സുധാകരൻ സ്വീകരിച്ച ഗാന്ധിയൻ മാർഗ്ഗത്തെ ഞാൻ പിന്തുണയ്ക്കുന്നു. ആ സമരപ്പന്തലിനു ചുറ്റും നൂറുകണക്കിനുപേർ തടിച്ചുകൂടി. അവർ കോൺഗ്രസുകാർ മാത്രമല്ല, സമാധാനം ആഗ്രഹിക്കുന്ന നിരവധി പേർ അവിടെയുണ്ടായിരുന്നു. അവർ നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. ശുഹൈബിന്റെ അനുഭവം ഇനി ആർക്കും ഉണ്ടാവരുതെന്ന് പ്രാർത്ഥിക്കുന്ന ജനക്കൂട്ടമായിരുന്നു അത്. ഞാൻ അവർക്കൊപ്പമാണ്, എനിക്ക് രാഷ്ട്രീയമില്ല.
തുടർന്നും ഇതുപോലെയുള്ള സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുമോ?
ഞാൻ മുമ്പും ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ട്, പലതരം പ്രശ്നങ്ങളിലും. എന്റെ പൗരബോധം മാത്രമാണതിനു കാരണം. ഇപ്പോൾ കണ്ണൂരിലെത്തിയതിന് കൂടുതൽ വാർത്താ പ്രാധാന്യം ലഭിച്ചുവെന്നേയുള്ളൂ.
അത്തരം ഇടപെടൽ ഇനിയും തുടരുമോ?
തീർച്ചയായും. അട്ടപ്പാടിയിൽ മരിച്ച മധുവിന്റെ വീട് സന്ദർശിക്കുന്നുണ്ട് അടുത്തദിവസങ്ങളിൽ. സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാൻ ഞാൻ എന്നാലാകും വിധം പരിശ്രമിക്കും.
എം.ടി യുടെ ആരണ്യകത്തിൽ താങ്കളുടേത് വിപ്ലവകാരിയുടെ കഥാപാത്രമായിരുന്നു, വളരെ വിജയം നേടിയ കഥാപാത്രം. സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തിൽ ആ കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ?
ശരിയാണ്. എംടി സൃഷ്ടിച്ച ആരണ്യകത്തിലെ വിപ്ലവകാരിയായ യുവാവ് എന്റെയും മാർഗ്ഗദർശിയാണ്. ആ കഥാപാത്രം എന്റെ സാമൂഹ്യ കാഴ്ചപ്പാടിനെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ചിന്താധാരകളിൽ ആ കഥാപാത്രം വഴിത്തിരിവ് സൃഷ്ടിച്ചുവെന്നതാണ് സത്യം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)