
ഫെബിന ഷാഫി
ശുഹൈബിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും ഇതിൽ ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന് പങ്കുണ്ടെന്നും കണ്ണൂർ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി ആരോപിച്ചു. ന്യൂസ് അറ്റ് ഫസ്റ്റ്-നോട് സംസാരിക്കവെയാണ് ഡിസിസി അധ്യക്ഷൻ ഈ ആരോപണം ഉയർത്തിയത്.
ഇത്തരമൊരു ആരോപണത്തിന് കാരണമെന്താണ്?
ശുഹൈബിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. പെട്ടെന്നുണ്ടായതല്ല. ഇത്തരമൊരു ആസൂത്രണം നടക്കുമ്പോൾ അത് ജില്ലയിലെ പ്രധാന നേതാവ് അറിയാതെ നടക്കില്ല. ജില്ലയിലെ പ്രമുഖ നേതാവിന് പങ്കുണ്ടായതുകൊണ്ടാണ് പൊലീസ് അന്വേഷണം കൃത്യമായി നടക്കാത്തത്.
പൊലീസ് അന്വേഷണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലേ?
പൊലീസ് അന്വേഷണം വഴിതിരിച്ചു വിടാൻ നീക്കം നടക്കുന്നു. പൊലീസ് കടുത്ത സമ്മർദ്ദത്തിലാണ്.
ഇനി എന്താണ് ഉദ്ദേശിക്കുന്നത്, പ്രത്യേകിച്ചും കെ.സുധാകരൻ സമരം തുടരുമ്പോൾ?
കെ.സുധാകരന്റെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യപ്രശ്നം ഉണ്ടെങ്കിലും അദ്ദേഹം സമരം തുടരും. സിബിഐ അന്വേഷണമാണ് ശുഹൈബിന്റെ കുടുംബവും, ഞങ്ങളും ആവശ്യപ്പെടുന്നത്. അതുവരെ ഞങ്ങൾ സമരമുഖത്ത് ഉണ്ടാകും.
രാഹുൽഗാന്ധി ശുഹൈബിന്റെ വീട് സന്ദർശിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എന്നാണ്?
രാഹുൽഗാന്ധി കണ്ണൂരിൽ എത്താൻ ആലോചിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തിയ്യതി നിശ്ചയിച്ചിട്ടില്ല. മാർച്ച് ആറിന് അദ്ദേഹം കണ്ണൂരിലെത്തി ശുഹൈബിന്റെ വീട് സന്ദർശിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
പൊലീസിന്റെ ഇതുവരെയുള്ള നടപടികളെ എങ്ങനെ നോക്കിക്കാണുന്നു?
പൊലീസ് ആദ്യഘട്ടത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. തെളിവ് നശിപ്പിക്കപ്പെടാൻ ഇത് കാരണമായി, പ്രതികൾക്ക് രക്ഷപ്പെടാനും സൗകര്യമുണ്ടായി. എന്നാൽ പിന്നീട് രണ്ടാം ഘട്ടത്തിൽ കോൺഗ്രസ് സമരം ശക്തമാക്കിയതോടെ പൊലീസ് തെളിവുകൾ ശേഖരിക്കാനും പ്രതികളെ കണ്ടെത്താനും ഊർജ്ജിതമായി ശ്രമിച്ചു. ഇപ്പോൾ ആ വഴിക്കുതന്നെയാണ് പൊലീസ്. ഇത് സമരത്തിന്റെ വിജയമാണ്. കോൺഗ്രസ് നടത്തിയ സമരം കൊണ്ടുണ്ടായ പ്രയോജനമാണ് പൊലീസിന്റെ ഈ മാറ്റം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)