
കാറൽ മാര്‍ക്സില്‍ നിന്നും കെ.എം.മാണിയിലേക്ക് അധികം ദൂരമുണ്ട്. ആശയപരമായ വൈരുദ്ധ്യമാണത്. ‘അദ്ധ്വാനവർഗ്ഗസിദ്ധാന്തം’ എന്ന പുസ്തകം എഴുതിക്കൊണ്ട് കെ.എം.മാണി കാറൽ മാര്‍ക്സിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കെ.എം.മാണി തന്റെ പഠനഗ്രന്ഥത്തിൽ മാർക്സിസത്തെ തള്ളിപ്പറയുന്നതിന് മുന്നോട്ടുവയ്ക്കുന്ന പ്രധാന കാരണം, വർഗ്ഗവിഭജനം സംബന്ധിച്ച തന്റെ വിയോജിപ്പാണ്.
കാറൽ മാർക്സിന്റെ വർഗ്ഗവിഭജന വിശകലനം അശാസ്ത്രീയമാണെന്ന് കെഎം മാണി കണ്ടെത്തുന്നു; ചൂഷിതനും, ചൂഷകനുo അഥവാ കാപ്പിറ്റലിസ്റ്റും തൊഴിലാളിയുo എന്നീ രണ്ടു വിധത്തിലാണ് മാർക്സിന്റെ വിഭജനം. എന്നാൽ സമൂഹത്തെ കേവലം രണ്ടു വർഗങ്ങളായി അല്ല വിലയിരുത്തേണ്ടത്. മൂന്നാമതൊരു വർഗ്ഗത്തെ കൂടി ഉൾക്കൊള്ളണം; അത് മധ്യവര്‍ഗ്ഗമാണ്; നാമമാത്ര കർഷകരായ മധ്യവർഗ്ഗം. മധ്യവർഗ്ഗത്തിന്റെ പ്രസക്തി കാറൽ മാക്സ് തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി, മുതലാളി, ചെറുകിടക്കാർ എന്നിങ്ങനെ മൂന്നു വര്‍ഗ്ഗങ്ങളാണ് സമൂഹത്തിൽ. മൂന്നാം വർഗ്ഗത്തെ തിരിച്ചറിയാത്തതിനാൽ കമ്മ്യൂണിസം ശാസ്ത്രീയമല്ല.-- കെ.എം മാണി നിരീക്ഷിക്കുന്നു.
മൂന്നാം വർഗ്ഗത്തെ വിഭാവനം ചെയ്തു എന്നതാണ് തന്റെ സംഭാവനയെന്ന് കൂടി മാണി സ്വയം വിശേഷിപ്പിക്കുന്നു. അതായത്, കാറൽ മാർക്സിനു പിണഞ്ഞ അബദ്ധം പിൽക്കാലത്ത് താൻ ചൂണ്ടിക്കാണിച്ചിരിക്കുന്നു; ‘മൂലധനം’ കാലോചിതമായി പരിഷ്കരിക്കണം. മാര്‍ക്സ് പുതിയകാലത്തിന്റെ വെല്ലുവിളികളെ ശാസ്ത്രീയമായി വിഭാവനം ചെയ്തിട്ടില്ല എന്നാണ് കെഎം മാണിയുടെ വിമർശനം. ഇതാണ് മാർക്സിൽ നിന്നും മാണിയിലേക്കുള്ള ആശയപരമായ ദൂരം.
നാളിതുവരെ രേഖപ്പെടുത്തിയിട്ടുള്ള ലോകചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് കാറൽ മാർക്സ്. വർഗ്ഗ സമരം എന്ന കമ്മ്യൂണിസത്തിന്റെ അടിസ്ഥാന പ്രമാണത്തെ തന്നെ കെഎം മാണി ചോദ്യം ചെയ്യുന്നു.
കെഎം മാണിയെ കൂട്ടാൻ സിപിഎം ഒരുങ്ങിക്കഴിഞ്ഞു; ഇപ്പോഴൊന്നും തീരുമാനിച്ചിട്ടില്ല; തീരുമാനിച്ചാൽ അറിയിക്കാമെന്ന് സിപിഎം സംസ്ഥാന സമ്മേളന വേദിയിലിരുന്ന് രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മാധ്യമങ്ങളോടു പറയുകയുംചെയ്തു.
കെ.എം.മാണിയോട് പണ്ട് ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു; ബജറ്റ് അവതരിപ്പിക്കാൻ സമ്മതിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളെക്കാള് ഗൗരവമുള്ള ചോദ്യം ഇതുതന്നെയല്ലേ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന ശിലയായ വർഗ്ഗബോധത്തെ കെ.എം.മാണി നിരാകരിക്കുന്നു. ചോദ്യം ചെയ്യുന്നു; ഇതിലൂടെ കാറൽ മാർക്സിനെ കെഎം മാണി തള്ളിപ്പറയുന്നു.
മാർക്സിനെ തള്ളുന്ന മാണി അകത്തുo, മാർക്സിനെ ഉൾക്കൊള്ളുന്ന സിപിഐ പുറത്തും ആകുമോ ?
-സ്പെഷ്യല്‍ കറസ്പോണ്ടന്റ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)