
കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ശുഹൈബിന്റെ നീതിക്കായി കോടതിയെ സമീപിക്കുമെന്ന് പിതാവ് സി മുഹമ്മദ്. ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ശുഹൈബിന്റെ പിതാവ് ന്യൂസ് അറ്റ് ഫസ്റ്റ്-നോട് പ്രതികരിച്ചു.
ശുഹൈബിന്റെ പിതാവുമായി ന്യൂസ് അറ്റ് ഫസ്റ്റ് പ്രതിനിധി ഫെബിനാ ഷാഫി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം
എന്ത് ആവശ്യം ആണ് താങ്കൾ കോടതിയിൽ ഉന്നയിക്കുക?
മോന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും പിടികൂടണം. അവർക്ക് ശിക്ഷ കിട്ടണം, വെട്ടിക്കൊന്നവരെയും, അതിന് സഹായിച്ചവരെയും, ഗൂഢാലോചനക്കാരെയും ഒരുപോലെ നിയമത്തിന് മുന്നിൽ എത്തിക്കണം ഇതാണ് ആവശ്യം.
പൊലീസ് അന്വേഷണത്തിൽ തൃപ്തനാണോ?
പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. യഥാർത്ഥ പ്രതികൾ രക്ഷപ്പെടാനാണ് സാധ്യത. മുഴുവൻ കുറ്റവാളികളെയും കണ്ടെത്തണം. അതിനു സിബിഐ അന്വേഷിക്കണം. ഇനി ഒരു മക്കൾക്കും ഈ ഒരു ഗതി വരരുത്.
ശുഹൈബ് നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?
കുടുംബത്തിന്റെ ഗൃഹനാഥൻ ഞാനാണെങ്കിലും ഓനായിരുന്നു എല്ലാം നോക്കിയിരുന്നത്. ഇപ്പൊ ഞങ്ങൾക്കെല്ലാം നഷ്ടമായി, ഇനിയൊരു കുടുംബത്തിനും ഇങ്ങനെ സംഭവിക്കരുത്.
ശുഹൈബിനെക്കുറിച്ചുള്ള ഉപ്പയുടെ സ്വപ്നം എന്തായിരുന്നു? (ആലോചിച്ചിട്ട് വിങ്ങിപ്പൊട്ടുന്നു)
പറയാൻ ശക്തിയില്ല... എല്ലാ രക്ഷിതാക്കളെയും പോലെ ഞാനും ഓന്റെ വളർച്ചയിൽ സ്വപ്നം കണ്ടു. ഓന് വളരുകയായിരുന്നല്ലോ... സമൂഹത്തിൽ കൂടുതൽ വളരുമെന്നും, അങ്ങനെ ആവട്ടെ എന്നും ഞങ്ങൾ ആഗ്രഹിച്ചു. അതിനുള്ള കഴിവുണ്ടായിരുന്നു, അധ്വാനിക്കുമായിരുന്നു, ആരെയും സഹായിക്കാനും മുന്നിലുണ്ടായിരുന്നു. അങ്ങനെ തന്നെ ആയിരുന്നു ഓന്റെ ജീവിതം.
ശുഹൈബിന്റെ ആഗ്രഹമോ?
രാഷ്ട്രീയത്തിൽ ആയിരുന്നു. അവിടെ നന്നായി പ്രവർത്തിക്കുമായിരുന്നു. രാഷ്ട്രീയ ചിന്താഗതി ഉണ്ടായിരുന്നു. അതിന്റേതായ നിലയിൽ രാഷ്ട്രീയത്തിൽ വളരുമെന്നായിരുന്നു ഞങ്ങളുടെയും പ്രതീക്ഷ. മക്കളുടെ നല്ല നിലയിലുള്ള വളർച്ചയല്ലെ ഏതൊരു ഉപ്പയും, ഉമ്മയും ആഗ്രഹിക്കുക. അത്രതന്നെ...
ഇനി എനിക്കൊന്നും പറയാൻ പറ്റുന്നില്ല... കൂടുതൽ ചോദിക്കല്ലേ... ആലോചിക്കുന്തോറും വേദന കൂടുന്നു....
-ഫെബിന ഷാഫി
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)