
"കാറല്‍ മാര്‍ക്സിന്റെ അനന്തരാവകാശികളാകാന്‍ നമുക്കെന്തു യോഗ്യത?"
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കണ്ണൂരില്‍ തൊടുത്തുവിട്ട ഈ ചോദ്യം വ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കാറല്‍ മാര്‍ക്സിന്റെ മൂലധനത്തിന്റെ 150-ാ൦ വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയും ജില്ലാലൈബ്രറിയും സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തവേയായിരുന്നു ബേബിയുടെ ചോദ്യം; മാര്‍ക്സിന്റെ കൃതികള്‍ മാത്രം പഠിച്ചാല്‍ പോര; ജീവിതവും പഠിക്കണം- ബേബി പറഞ്ഞു
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയത് എന്തു കൊണ്ടെന്ന് ആലോചിക്കണം. മാര്‍ക്സിന്റെ കൃതികള്‍ മാത്രം പഠിച്ചാല്‍ പോര, മാര്‍ക്സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാര്‍ക്സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന, നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ്. മറ്റു വേദനസംഹാരികളൊന്നും കണ്ടുപിടിച്ചിട്ടില്ല. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം, ഒരാശ്രയവുമില്ലാത്തവരുടെ ആശ്രയം. അതാണു മാര്‍ക്സ് പറഞ്ഞത്.
സാമ്പത്തിക സൗഖ്യങ്ങളൊന്നുമില്ലാതെ, സ്വന്തം ജീവിതം നരകയാതനയ്ക്കു വിധേയമാക്കി, ദിവസങ്ങളോളം പട്ടിണികിടന്നാണു മാര്‍ക്സ് മൂലധനം എഴുതിയത്. അക്കാലത്ത് അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ പോഷകാഹാരം കിട്ടാതെയും പട്ടിണി കിടന്നും മരിച്ചു. ലോകത്തു പരിസ്ഥിതിശാസ്ത്രം ഉണ്ടാകുന്നതിനു മുന്‍പേ, മുതലാളിത്ത വികസനം മണ്ണിനെ നശിപ്പിക്കുമെന്നു മാര്‍ക്സ് ചൂണ്ടിക്കാട്ടിയിരുന്നു.
2002ലാണു സിപിഎം പാര്‍ട്ടി പരിപാടിയില്‍ പരിസ്ഥിതിസംരക്ഷണം ഉള്‍പ്പെടുത്തിയത്. എന്തു കാര്യം? ആ ശാസ്ത്രീയ അവബോധം ഇന്ന് എത്ര സഖാക്കള്‍ക്കുണ്ട്? എന്തെങ്കിലും പരിസ്ഥിതി പ്രശ്നമുണ്ടായാല്‍, 'പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ഞങ്ങളുടെ പാര്‍ട്ടി പരിപാടിയിലുണ്ട്. മറ്റുള്ളവരൊക്കെ പരിസ്ഥിതിമൗലികവാദികളാണ്, അവരെ ഞങ്ങള്‍ നോക്കിക്കൊള്ളാം' എന്നു പറയും. സ്ത്രീസമത്വത്തിന്റെകാര്യത്തിലും അതു തന്നെ.
നമ്മള് പറയും, പക്ഷേ പ്രവര്‍ത്തിക്കില്ല.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചു പറയുന്ന സഖാക്കളില്‍ എത്ര പേര് മക്കളെ സര്‍ക്കാര്‍ സ്കൂളിലോ എയ്ഡഡ് സ്കൂളിലോ പഠിപ്പിക്കുന്നുണ്ട്? ഞാനും നിങ്ങളുമൊക്കെ, മാര്‍ക്സിന്റെ അനന്തരാവകാശികളാകാന്‍ എന്തു യോഗ്യതയാണു ജീവിതം കൊണ്ടു നേടിയത്?
നിലപാടുകളില്‍ രണ്ടിടത്തു മാര്‍ക്സിനു തെറ്റു പറ്റി. ആദ്യമായി തൊഴിലാളി സംഘടന രൂപീകരിച്ചപ്പോള്‍, ഇന്റര്‍നാഷനല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന് എന്നാണു പേരിട്ടത്. സ്ത്രീകള്‍ അന്നു തൊഴില്‍രംഗത്തുണ്ടായിട്ടും അക്കാലത്തെ പൊതുബോധം മാര്‍ക്സിനെ സ്വാധീനിച്ചു. ബഹുജനങ്ങളില്‍ നിന്നു പിരിവെടുക്കുന്നതിനെ മാര്‍ക്സ് എതിര്‍ത്തത് അദ്ദേഹത്തിന്റെ മധ്യവര്‍ഗ കുടുംബ പശ്ചാത്തലം കൊണ്ടാവാം- ബേബി അഭിപ്രായപ്പെട്ടു.
സ്വയം വിമര്‍ശനപരമായ ബേബിയുടെ പ്രസംഗത്തിന് കൂടുതല്‍ അര്‍ത്ഥതലങ്ങളുണ്ട്. സാമ്പത്തിക വിവാദങ്ങളുടെ പേരില്‍ പാര്‍ട്ടിക്കെതിരെയുള്ള ആരോപണം സജീവമായി നിലനില്‍ക്കുമ്പോഴാണ് കാറല്‍മാര്‍ക്സ് ദരിദ്രനായിരുന്നുവെന്ന് ബേബി ഓര്‍മ്മിപ്പിക്കുന്നത്. മാര്‍ക്സിന്റെ അനന്തരാവകാശികള്‍ എന്നുപറയാന്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്താണു യോഗ്യതയെന്നും ബേബി തുറന്നു ചോദിക്കുന്നു. മാത്രവുമല്ല, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്സിന്റെ നിരീക്ഷണത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെയും ബേബി എതിര്‍ക്കുന്നു. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം എന്നുകൂടി മാര്‍ക്സ് പറഞ്ഞിട്ടുണ്ടെന്ന ബേബിയുടെ ഓര്‍മ്മിപ്പിക്കലും ശ്രദ്ധേയമാണ്. ബേബിയുടെ ഓര്‍മിപ്പിക്കലുകള്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും.
-സ്പെഷ്യല്‍ കറസ്പോണ്ടന്റ്
എം.എ ബേബിയും പേരക്കുട്ടിയും
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)