
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍, ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയ നടപടി അട്ടിമറിക്കപ്പെടുന്നുവെന്നാണ് വാര്‍ത്തകള്‍. ഇത് ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് തുടങ്ങിയപ്പോള്‍ തന്നെ സൂചന ഉണ്ടായിരുന്നു. കൃത്യസമയത്ത് ജോലിക്ക് എത്തിയാലേ കൃത്യസമയത്ത് പഞ്ചിംഗ് ചെയ്യാന്‍ കഴിയൂ. കൃത്യസമയമോ? അങ്ങനെ ഒന്നുണ്ടോ? എവിടെയോ കേട്ടതു പോലെ..! എന്ന മനോഭാവമായിരുന്നു ഒരു വിഭാഗം ജീവനക്കാര്‍ക്ക്. പഞ്ചിംഗ് വിരുദ്ധ മുന്നേറ്റത്തില്‍ ഏതാണ്ട് എല്ലാ ജീവനക്കാരും ഒറ്റക്കെട്ടാണ്. ഉത്തരകൊറിയയുടെയും ഇസ്രായേലിന്റേയും പേരില്‍ സെക്രട്ടറിയേറ്റ് മുറ്റത്ത് ചേരി തിരിയാറുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ചിംഗ് സമ്പ്രദായത്തിനെതിരെ തോളോടു തോള് ചേര്‍ന്നു! ഐക്യമത്യം മഹാബലം.
മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ക്കശമായ നിലപാടാണ് പഞ്ചിംഗ് നിര്‍ബന്ധമാക്കാന്‍ കാരണമായത്. ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളതെന്ന് തുടക്കത്തില്‍ അദ്ദേഹം ജീവനക്കാരെ സൗമ്യമായി ഓര്‍മ്മിപ്പിച്ചിരുന്നു. കണിശക്കാരനായ മുഖ്യമന്ത്രിയോട് എതിര്‍ക്കാനുള്ള ധൈര്യക്കുറവും ജനവികാരം എതിരാകുമെന്ന തിരിച്ചറിവും കൊണ്ട് തുടക്കത്തില്‍ മനസ്സില്ലാമനസ്സോടെ ജീവനക്കാര്‍ പഞ്ചിംഗിന് തയ്യാറായി.
പഞ്ചിംഗ് ഏര്‍പ്പെടുത്തിയ ആദ്യ ദിവസങ്ങളില്‍ പഞ്ചിംഗ് മെഷീന് മുന്നില്‍ വന്‍ തിരക്കായിരുന്നു. തിരക്ക് കാരണം മെഷീന് തകരുന്ന നിലയായി. പതിവായി വൈകിയെത്തുന്നവര്‍ പണികിട്ടും എന്ന് പേടിച്ചു. സ്ഥിരമായി വൈകിയാല്‍ അവധി; അവധി കൂടിയാല്‍ ശമ്പളം പോകും, എങ്ങനെ പേടിക്കാതിരിക്കും? ഇപ്പോഴാണ് മനസ്സിലായത് ശമ്പളം കട്ടാവില്ലെന്ന്; അപ്പോള്‍ പിന്നെ എന്തുപേടിക്കാന്‍? എന്തു പഞ്ചിംഗ്? ആരുടെ പഞ്ചിംഗ്?
പഞ്ചിംഗിനെതിരെ കൈ കൊടുക്കുന്ന ജീവനക്കാരുടെ ആവശ്യങ്ങളില്‍ ഒന്ന് ഇതാണ്:
ജീവനക്കാര്‍ക്ക് സമയത്ത് എത്താന്‍ ട്രെയിന്‍, ബസ്സ്, സമയം പുനക്രമീകരിക്കണം; എങ്കില്‍ നോക്കാം.
മറുചോദ്യമിതാണ്:
സെക്രട്ടറിയേറ്റിന് തൊട്ടടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ ഏജീസ് ഓഫീസ്. അവിടെ എല്ലാവരും നിശ്ചിത സമയത്തെത്തുന്നു; കൃത്യസമയത്തെത്താന്‍ ഉപാധികള്‍ വയ്ക്കുന്നുമില്ല. കേന്ദ്ര ജീവനകാര്‍ക്ക് ആകാമെങ്കില്‍ സര്‍ക്കാര്‍ ജീവനകാര്ക്കെന്താ പ്രശ്നം? ഇവര്‍ക്കെന്താ കൊമ്പുണ്ടോ? മാത്രമല്ല സര്‍ക്കാര്‍ നല്കുന്ന ശമ്പളത്തില്‍ വീട്ടുവാടക അലവന്‍സും ഉള്‍പ്പെടുന്നു. അതിനര്‍ത്ഥം യാത്രചെയ്ത് ബുദ്ധിമുട്ടാതെ തിരുവനന്തപുരത്ത് തന്നെ താമസിക്കൂ എന്നാണല്ലോ. അയ്യായിരത്തോളം പേര് സെക്രട്ടറിയേറ്റില്‍ ജീവനക്കാരായുണ്ട് ഇവരെല്ലാവരും സമയത്ത് ജോലിക്കുവരാന്‍ വിമുഖതയുള്ളവരല്ല. ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള അഴിമതി വിരുദ്ധരായ ന്യുനപക്ഷം ഇവിടെയുമുണ്ട്. പലപ്പോഴും ഭൂരിപക്ഷത്തിന്റെ ശക്തി പ്രകടനത്തില്‍ ഇവര്‍ നിസ്സഹായരായി പോകുന്നു.
-സ്പെഷ്യല്‍ കറസ്പോണ്ടന്റ് -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)