
യുവാക്കളുടെ മനം കവരുന്ന ലുക്കുമായി മമ്മൂട്ടി വീണ്ടും ക്യാംപസിലേയ്ക്ക് എന്നതായിരുന്നു "മാസ്റ്റര്‍പീസ്" ചിത്രം കാണാനുള്ള പ്രചോദനം. എന്നാല്‍ മമ്മൂട്ടിയും ഈ ചിത്രവും നമ്മെ ഒട്ടും നിരാശപ്പെടുത്തുന്നില്ല. ഒപ്പം പൂനം ബാജ്വ മുതല്‍ സന്തോഷ് പണ്ഡിറ്റ് വരെയുള്ള നീണ്ട താരനിരയും.
ട്രാവന്‍കൂര്‍ മഹാരാജ കോളേജിലെ രണ്ട് വിഭാഗം വിദ്യാര്‍ഥികളുടെ സംഘട്ടനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മലയാളത്തിലെ യുവതാരനിരയിലെ പ്രമുഖരായ ഗണേഷ് വെങ്കിട്ടരാമന്, മഖ്ബൂല്‍ സല്മാന്, ഗോകുല്‍ സുരേഷ് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ഗോകുല്‍ സുരേഷ്, ഉണ്ണികൃഷ്ണന് എന്ന കഥാപാത്രമായി മികവ് കാട്ടി. ചിത്രത്തില്‍ ഉണ്ണികൃഷ്ണന് വേദികയുമായി പ്രണയത്തിലാകുന്നു. തുടര്‍ന്ന് 2 കൊലപാതകങ്ങള്‍ സംഭവിക്കുന്നു. ഇത് കോളേജിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുന്നു.
കോളേജിലെ വിദ്യാര്‍ത്ഥികളോട് കൊമ്പ് കോര്‍ക്കുന്ന ജോണ്‍ തെക്കന്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വേഷം, തന്റെ കരിയറിലെ വഴിത്തിരിവായ വേഷങ്ങളില്‍ ഒന്നായിരിക്കും ഉണ്ണി മുകുന്ദന്. കോളേജില്‍ സംഘര്‍ഷം നടക്കുന്ന സമയത്ത് പുതിയ നിയമനമായി, തന്റെ സ്റ്റൈലിഷ് ലുക്കില്‍ പ്രൊഫ. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണായി മമ്മൂട്ടിയെത്തുന്നു.
പിന്നീട് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒപ്പം നിര്‍ത്തി അദ്ദേഹം ക്യാമ്പസിലെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ ശ്രമിക്കുന്നതിലൂടെ കഥ പുരോഗമിക്കുന്നു. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ കൊലപാതകങ്ങള്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ അന്വേഷണം മറ്റുള്ള വിദ്യാര്‍ത്ഥികളിലേയ്ക്ക് തിരിയുന്നു. ഈ സാഹചര്യത്തില്‍ എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ് പ്രതിയെ തേടിയിറങ്ങുന്നിടത്ത് വെച്ച് ഈ ക്യാമ്പസ് ചിത്രം ഒരു മികച്ച ക്രൈം ത്രില്ലറായി പരിണമിക്കുന്നു.
ലിവിംഗ്സ്റ്റണിനെ വെല്ലുവിളിച്ച് ഭവാനി ദുര്‍ഗ്ഗയായി വരലക്ഷ്മി ശരത്കുമാര് തിളങ്ങി. ലിവിംഗ്സ്റ്റണും കൂട്ടരും കൊലപാതകികളിലേയ്ക്ക് എത്തിപ്പെടുമോ അതോ പോലീസ് സത്യം കണ്ടെത്തുമോ എന്നതിന്റെ ഉത്തരം ചിത്രത്തിന്റെ ക്ലൈമാക്സ് നല്‍കും.
സ്ഥിരം കാണുന്ന പ്രമേയമാണെങ്കിലും സംവിധായകന് അജയ് വാസുദേവ് ബുദ്ധിപരമായി കഥാസന്ദര്‍ഭങ്ങളെ നിയന്ത്രിച്ചു. ഇതിന് കൂട്ടായി എഡിറ്റിങ്ങും ക്യാമറയും ഒപ്പം നിന്നപ്പോള്‍ ചിത്രം ഒരു മുഴുനീള എന്റര്‍ടൈനറായി മാറി.
കസബയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാതലത്തില്‍ നോക്കി കാണുമ്പോള്‍ ഈ ചിത്രത്തില്‍, തന്നെ പ്രകോപിപ്പിക്കുന്ന സ്ത്രീകളോട് ലിവിംഗ്സ്റ്റണ് തന്റെ നിലപാട് വ്യക്തമാക്കുന്നു. ഇത് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ശമിപ്പിക്കാനിടയാക്കട്ടെ.
എന്തായാലും താരരാജാവിന്റെ യുവത്വം തുളുമ്പുന്ന ഈ മാസ്റ്റര്‍പീസ് ക്രിസ്മസ് വീഞ്ഞിന്റെ മധുരവും ഹരവും നല്‍കും. 2017 അവസാനിക്കുന്നത് മമ്മൂട്ടി ആരാധകരയും മറ്റ് പ്രേക്ഷകരെയും പരിപൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന മാസ്റ്റര്‍പീസിലൂടെ തന്നെയാകും എന്നതില്‍ സംശയം വേണ്ട.
അതുപോലെ തന്നെ, ടൈറ്റിലില്‍ കേരളത്തിലെ ബഹുമുഖ പ്രതിഭകള്‍ പഠിച്ചിറങ്ങിയ കോളേജുകള്‍ അവരുടെ ചിത്രങ്ങളോടെ കാണിച്ചത് ഒരു കൌതുകമായി.
ആര് അഖില്‍ രതീഷ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)