
'മാജിക്കല്‍' എന്നു വിശേഷിപ്പിക്കാവുന്ന എന്തൊക്കെയോ ഈ കൊച്ചു വലിയ സിനിമയിലുണ്ട്. പ്രതീക്ഷകളേക്കാള്‍ ഒരു പിടി മുകളിലായിരുന്നു ചിത്രം നല്കിയ സിനിമാനുഭവം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തിരക്കിട്ട ജീവിതത്തിനിടയിൽ പരസ്പരം സംസാരിക്കാനോ വിഷമങ്ങൾ പങ്കുവയ്ക്കാനോ വീട്ടിലുള്ളവർ ശ്രദ്ധിക്കാറില്ല. ബന്ധങ്ങൾ ശിഥിലമാകാൻ ഇത് പലപ്പോഴും കാരണമാകുന്നു. സിനിമയുടെ സമഗ്രതയില്‍ ഒരു കഥാപാത്രമോ കഥാസന്ദര്‍ഭമോ മുഴച്ചുനില്‍ക്കാതെയുള്ള തിരക്കഥാ മികവാണ് 'ലളിതം സുന്ദരം' എന്ന സിനിമയുടെ അടിക്കെട്ട്. നര്‍മ്മത്തെ കറുത്തഹാസ്യമോ അപഹാസ്യമോ പരിഹാസമോ ആയി വേര്‍തിരിക്കാതെ പ്രമേയത്തിന്റെ അന്തര്‍ധാരയായി നിലനിര്‍ത്തുന്ന രചാനശൈലിയാണ് തിരക്കഥയുടെ വിജയം. സിനിമ ആവശ്യപ്പെടുന്ന മിതത്വം ദൃശ്യങ്ങളില്‍ ഉള്‍ക്കൊണ്ടാണ് ഛായാഗ്രാഹകന്‍ പി സുകുമാറും, ഗൗതവും തങ്ങളുടെ ക്യാമറാക്കോണുകളും ചലനങ്ങളും വിന്യസിച്ചിരിക്കുന്നത്. ഒരു ഫ്രെയിം പോലും ആസ്വാദനത്തിന് അരോചകമാവാത്ത രീതിയിലാണ് ഛായാഗ്രാഹകൻ തന്റെ ജോലി നിര്‍വഹിച്ചിരിക്കുന്നത്.
മനസ് തുറന്ന് ചിരിക്കാന്‍ പറ്റുന്ന, സ്വാഭാവികത കൊണ്ട് ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളുള്ള, നല്ല തിരക്കഥയും സംവിധാനവുമുള്ള മികച്ച ചിത്രമാണ് ലളിതം സുന്ദരം. ഒരു സെക്കന്റ് പോലും ബോറടിക്കാതെ കാണാന്‍ പറ്റിയ നല്ല ഫ്രഷ് ഫീല്‍ തന്ന സിനിമ. മനുഷ്യരുടെ നിസഹായാവസ്ഥകളും, നഷ്ടബോധവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളുമെല്ലാം മനോഹരമായാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഏറ്റവും ഗംഭീരമായി തോന്നിയ ഘടകം ഹ്യൂമറാണ്. സിറ്റുവേഷണല്‍ കോമഡികളും ക്ലീഷേയല്ലാത്ത ചെറു ഡയലോഗുകളുമാണ് ഹ്യൂമര്‍ വശത്തിന്റെ മാറ്റ് കൂട്ടുന്നത്. നര്‍മത്തിലൂടെയാണ് ചിത്രത്തിന്റെ മുഴുവന്‍ കഥ നടക്കുന്നതെങ്കിലും പെട്ടെന്ന് സീരിയസും ഇമോഷണലുമാകുന്ന സന്ദര്‍ഭങ്ങള്‍ ഏച്ചുകൂട്ടലുകളില്ലാതെ കഥയില്‍ കടന്നുവരുന്നുണ്ട്.
നമുക്ക് ചുറ്റും നാം കണ്ടിട്ടുള്ള ഒരു കുടുംബത്തിന്റെ കഥ പറയുന്ന ലളിതം സുന്ദരം എല്ലാവര്ക്കും ആസ്വദിക്കാന്‍ പറ്റിയ, സിനിമാപ്രേമികള്‍ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഒരു സംശയവും കൂടാതെ പറയാം. വലിച്ച് നീട്ടാതെ കൃത്യതയോടെ, കഥയുടെ ത്രില്ല് ആദ്യാവസാനം നിലനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ സംവിധായകന് മധുവാര്യര്‍ വിജയിക്കുന്നുണ്ട്. രസകരമായി അതിവേഗം അവസാനിക്കുന്ന ഒന്നാം പാതിക്ക് ശേഷം രണ്ടാം പാതിയുടെ ആദ്യപാദം അല്പം മെല്ലെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ അതിന് ശേഷം ഗതിവേഗമാര്‍ജിക്കുന്ന കഥപറച്ചില്‍ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ മനോഹരമായ അനുഭവമാകുന്നു. ഓര്‍മകളിലേക്ക് തിരിഞ്ഞു നോക്കാതെ ഒരാള്‍ പോലും പടം കണ്ടു തീർക്കില്ല. ഒരു ചെറിയ തേങ്ങല്‍ നിങ്ങൾക്ക് എവിടെയൊക്കെയോ അനുഭവപ്പെടും. ഇതേപോലുള്ള സിനിമകള്‍ ഇനിയും വരാന്‍ ആഗ്രഹിക്കുന്നു.
മനസ്സിനെ ഈറനണിയിക്കുന്ന "ലളിതം സുന്ദരം"
ഒരു കുഞ്ഞു കഥയെ ലളിതമായി വര്‍ണിച്ച, അതിസുന്ദരമായ സിനിമ അനുഭവമാണ് മധു വാര്യർ സംവിധാനം ചെയ്ത് Disney + Hotstar വഴി റിലീസ് ചെയ്തിരിക്കുന്ന 'ലളിതം സുന്ദരം'. നവാഗതന് എന്ന വാക്കിന്റെ അര്‍ത്ഥത്തോട് ഒട്ടും തൊട്ട് തീണ്ടിട്ടില്ലാത്ത വിധത്തിലുള്ള സംവിധാന മികവു തന്നെയാണ് ആദ്യ ചിത്രത്തിൽ കൂടി മധു വാര്യര്‍ പുറത്തെടുത്തത്. അഭൗമമെന്നോ അതിഭൗതികമെന്നോ തോന്നാവുന്ന സിനിമയെ കഥകൊണ്ട് മാത്രം അളക്കാനിറങ്ങിയാല് പരാജയമാകും ഫലം. സിനിമ അതിന്റെ ഒന്നാമത്തെ ദൃശ്യം മുതൽ നമ്മെ ആവാഹിക്കുകയും ആവേശിക്കുകയും ചെയ്യും എന്നതാണ് സത്യം. ഒരു തരത്തിൽ ലളിതം സുന്ദരം മഞ്ജുവിന്റെ സിനിമയാണ്. മഞ്ജു വാര്യർ എന്ന നടി തന്റെ പൂർണ്ണതയിൽ നിറഞ്ഞാടുകയാണ് സിനിമയിൽ. ക്ലോസപ്പുകളില്‍, കണ്ണിന്റെ ചലനങ്ങളിൽ, വിഷാദം വിങ്ങിനിൽക്കുന്ന, കരയാൻ വെമ്പുന്ന കവിള് കൊണ്ട് പോലും ഏറ്റവും നാച്ചുറൽ ആയി അഭിനയിക്കുന്നുണ്ട് മഞ്ജു. ബിജിപാല്‍ രൂപപ്പെടുത്തിയ സംഗീതം മനോഹരം. പശ്ചാത്തല സംഗീതവും ഹൃദ്യമാണ്. സിനിമയുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിൽ കലാസംവിധാനത്തിലെ മികവ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. നിറപ്പകിട്ടാർന്ന സിനിമക്ക് ചേരുന്ന വസ്ത്രാലങ്കാരവും കൃത്രിമത്വമില്ലാത്ത മേക്കപ്പുമൊക്കെ എടുത്ത് പറയണ്ട വസ്തുത തന്നെയാണ്.
'ദ ക്യാംപസ്', 'നേരറിയാൻ സിബിഐ', തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മധു വാര്യര്‍. മഞ്ജു വാര്യരും, ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മഞ്ജു വാര്യർ തന്നെയാണ്. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും കൂടി അങ്ങനെ മഞ്ജു തന്റെ സാന്നിധ്യം അറിയിക്കുന്നു. സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തൽ അണിനിരക്കുന്നുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,കുടമാറ്റം, ഇന്നലെകളില്ലാതെ,പ്രണയവർണ്ണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രവും കൂടിയാണ് ലളിതം സുന്ദരം. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.സുകുമാറും, ചിത്രസംയോജനം ലിജോ പോളും കൈകാര്യം ചെയ്യുന്നു. പ്രമോദ് മോഹൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഒരു കുഞ്ഞു സിനിമയുടെ വലിയ വിജയം ഒരിക്കൽ കൂടി മലയാളത്തിൽ നടക്കുന്നു എന്നതിൽ സന്തോഷം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)