
മുംബൈ: കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടർന്ന് ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു.
പതിമൂന്നാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 35,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ലതാ മങ്കേഷ്കറെ വിശേഷിപ്പിക്കുന്നത്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങിയ വിശിഷ്ട പുരസ്കാരങ്ങൾ ഗായികയെ തേടിയെത്തി.
സമാനതയില്ലാത്ത സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി
ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകളുണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാ മങ്കേഷ്കര്ക്കുള്ളതെന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
''പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്തുമ്ബിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു''- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലില്‍ സലില്‍ ചൗധരിയുടെ സംഗീതസംവിധാനത്തില്‍ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തില്‍ ലത പാടിയ ഏക ഗാനവും അതാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി. വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു.
പ്രണയം, വിരഹം, സന്തോഷം, സന്താപം തുടങ്ങി മനുഷ്യഭാവങ്ങളെയും ദേശസ്നേഹത്തിന്റെ വികാരത്തെയും തലമുറകള്‍ക്ക് തന്റെ സ്വരമാധുരിയിലുടെ കൈമാറാന്‍ ലതാജിക്ക് സാധിച്ചു.1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്കറുടെയും ശിവന്തിയുടെയും 5 മക്കളില്‍ മൂത്തയാള്‍. ഗോവയിലെ മങ്കേഷിയില്‍ നിന്ന് ഇന്‍ഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയന്‍ കുടുംബം. ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛന് തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. ലത ചെറുപ്പത്തിലേ ദീനാനാഥിന്റെ നാടകങ്ങളിലും അഭിനയിച്ചു.
തന്റെ നാടകത്തിലെ കഥാപാത്രത്തില്‍ നിന്നു പ്രേരണ ഉള്‍ക്കൊണ്ട് മകള്‍ ഹേമയുടെ പേര് ലതയെന്ന് അദ്ദേഹം മാറ്റിയതാണ്. ഹരിദ്കര്‍ എന്ന പേര് ജന്മനാടിന്റെ ഓര്‍മയ്ക്കായി മങ്കേഷ്കര്‍ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.മറാഠി സിനിമയില്‍ ലത പാടിത്തുടങ്ങുന്നത് 13ാം വയസ്സിലാണ്. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയര്‍ത്തിയത്. 1942ല്‍ കിതി ഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി. 1945ലാണ് ലതാ മങ്കേഷ്കര്‍ മുംബൈയിലേക്കു താമസം മാറ്റി.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്വരമായി മാറിയ ശബ്ദത്തെ ഒരിക്കല്‍ സ്വരം മോശമാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിരുന്നുവെന്ന് പറഞ്ഞാല്‍ അത്രപെട്ടെന്ന് ആരും വിശ്വസിക്കില്ല. അത്തരമൊരു അനുഭവവും ലതാ മങ്കേഷ്കറിനുണ്ടായിരുന്നു. വിനായകിന്റെ അപ്രതീക്ഷിത മരണത്തോടെ സംഗീത സംവിധായകന് ഗുലാം ഹൈദറാണ് മാര്‍ഗദര്‍ശിയായി മാറിയത്. ഇതോടെ, വീണ്ടും ചെറിയ അവസരങ്ങള്‍.ഈ സമയത്താണ് സ്വരം മോശമാണെന്ന പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത്. പക്ഷേ ഹൈദറിന് ഉറപ്പുണ്ടായിരുന്നു, ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കുമെന്ന്. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂര് എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി. ലതയുടെ സ്വരം ഇന്ത്യ താല്പര്യത്തോടെ കേള്‍ക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്.
എന്നാല്‍, നേര്‍ത്തതും തുളച്ചുകയറുന്നതുമാണ് ശബ്ദമെന്നും അത് ഹിന്ദിയിലെ അന്നത്തെ ഗാനശബ്ദസൗന്ദര്യ സങ്കല്പവുമായി യോജിച്ചു പോകുന്നില്ലെന്നും ഇതിനിടെ വിമര്‍ശനം ഉയര്‍ന്നു. മറാഠി കലര്‍ന്ന ഹിന്ദി ഉച്ചാരണമാകട്ടെ, ഉര്‍ദുവിന്റെ കാല്പനിക സൗന്ദര്യവുമായി ഇഴ ചേര്‍ന്നിരുന്നില്ല. പക്ഷേ, നിശ്ചയദാര്‍ഢ്യത്തോടെ ഹിന്ദുസ്ഥാനിയും ഉര്‍ദുവും പഠിച്ചെടുത്ത ലതയ്ക്കു മുന്നില്‍, ആ സ്വരത്തിനു മുന്നില്‍, കാലം കീഴടങ്ങി. പിന്നീടുള്ളത് ചരിത്രമായി. ലതാ മങ്കേഷ്കറിന്റെ മാത്രമല്ല; ഇന്ത്യന്‍ സിനിമയുടെയും സിനിമാ സംഗീതത്തിന്റെയും ചരിത്രം.
വ്യക്തിജീവിതത്തില്‍ കടുംപിടുത്തക്കാരിയായിരുന്നു ലത. പല ഗായകരുമായും സംഗീത സംവിധായകരുമായും അവര്‍ അകന്നു നിന്നിട്ടുണ്ട്; വര്‍ഷങ്ങളോളം. പിന്നീട്, ചിലര്‍ ഇങ്ങോട്ടു വന്നു കൂട്ടുകൂടിയപ്പോള്‍ ചിലരോട് അങ്ങോട്ടു പോയി പിണക്കം മാറ്റി. ഇതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പിണക്കങ്ങളിലൊന്ന് സംഗീത സംവിധായകന് എസ്.ഡി. ബര്‍മനുമായിട്ടായിരുന്നു. ബര്‍മന്റെ സംഗീതത്തിന് ലതയുടെ സ്വരം അനുഭൂതി തീര്‍ക്കുന്ന കാലമായിരുന്നു അത്. ഒരിക്കല്‍ ലത പാടിയ പാട്ട് രണ്ടാമതും പാടിച്ച ബര്മന് അതിലും തൃപ്തിയില്ലാതെ ഒന്നുകൂടി പാടാന്‍ വരാന്‍ ആളെ അയച്ചു.
വിദേശയാത്രയ്ക്കൊരുങ്ങുകയായിരുന്നു ലത. തിരിച്ചു വന്നശേഷം ആദ്യം തന്റെ പാട്ടു പൂര്‍ത്തിയാക്കണമെന്നു ബര്മന് പറഞ്ഞു. ഉറപ്പു നല്‍കാനാകില്ലെന്നു ലത മറുപടിയും പറഞ്ഞു. അതോടെ ഇനി അവര്‍ തനിക്കു വേണ്ടി പാടില്ലെന്നു ബര്മന് പ്രഖ്യാപിച്ചു. അതേ ഗാനം ലതയുടെ സഹോദരി ആശാ ഭോസ്ലെയെക്കൊണ്ടു പാടിച്ചു. പക്ഷേ, അതില്‍ തൃപ്തി വരാതെ ലതയുടെ രണ്ടാമത്തെ സൗണ്ട് ട്രാക്ക് തന്നെ ബര്മന് സിനിമയില്‍ ഉപയോഗിച്ചുവെന്നത് വേറെ കാര്യം. അഞ്ചു വര്‍ഷത്തിനു ശേഷം ബര്‍മന്റെ മകന് ആര്.ഡി. ബര്മന് മുന്‍കൈയെടുത്താണ് പിരിഞ്ഞ ബന്ധം വിളക്കിച്ചേര്‍ത്തത്. അതിനുശേഷം ഇരുവരും ചേര്‍ന്ന് ഹിന്ദിയില്‍ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു. തന്റെ ഹിറ്റുകൂട്ടുകെട്ടായിരുന്ന റാഫിയോടു പോലും ലതാജി പിണങ്ങിയിട്ടുണ്ട്.
റോയല്‍റ്റി സംബന്ധിച്ച വിഷയമായിരുന്നു പിണക്കത്തിന് കാരണം. പ്രശ്നം വ്യക്തിതലത്തില്‍ എത്തിയതോടെ അന്നത്തെ ഹിന്ദി സിനിമാശാഖയിലെ ഏറ്റവും ഭാവസാന്ദ്രമായ യുഗ്മഗാന ജോഡി വേര്‍പിരിഞ്ഞു. നാലു വര്‍ഷത്തിനു ശേഷം ഒരു സംഗീതനിശയില്‍ വീണ്ടും യുഗ്മഗാനം പാടി അവരൊന്നിച്ചു.
ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ പലരോടൊപ്പം ലതയുടെ പേര് ചേര്‍ത്തു കഥകളുണ്ടായി. മുന്‍ ക്രിക്കറ്റര്‍ രാജ് സിങ് ദുംഗാര്‍പുരുമായുള്ള പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും വിവാഹസ്വപ്നങ്ങള്‍ ഉപേക്ഷിച്ചു. തകര്‍ക്കപ്പെടാതെ അവരുടെ പ്രണയം പിന്നെയുമൊഴുകി. ഗായകന് ഭൂപന്‍ ഹസാരികയുമായി ലതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പില്ക്കാലത്ത് ആരോപിച്ചത് ഭൂപന്റെ ഭാര്യ തന്നെയാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് സി. രാമചന്ദ്രയുമായുള്ള ബന്ധം വഷളായതിനു കാരണം.
പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന 'കദളി കണ്‍കദളി ചെങ്കദളി പൂ വേണോ...എന്ന ഗാനം. പക്ഷെ ആ ഒരൊറ്റ ഗാനം മതി ആ സാന്നിദ്ധ്യം നിലനിര്‍ത്താന്‍. സജീവ സംഗീതലോകത്ത് നിന്നു ലത പിന്മാറിയിട്ട് വര്‍ഷങ്ങളായി. ഇതുവരെ പാടിക്കഴിഞ്ഞതിനപ്പുറം എന്തെങ്കിലും ആകര്‍ഷകമായി തോന്നിയാല്‍ മാത്രമേ മൈക്ക് കയ്യിലെടുക്കൂ. വീട്ടിലിരുന്ന് സംഗീതം ആസ്വദിക്കും, ടിവിയില്‍ ക്രിക്കറ്റ് കാണും; പാട്ടു കഴിഞ്ഞാല്‍ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് ക്രിക്കറ്റ്. പിന്നെ, പുസ്തകങ്ങള്‍ വായിക്കും. ഇതാണ് ഇപ്പോള്‍ രീതി. ഫൊട്ടോഗ്രഫി മറ്റൊരു ഇഷ്ടവിനോദമായിരുന്നു.
അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മ്മിച്ചു. 1948നും 1974നും മധ്യേ ലത 25,000 ഗാനങ്ങള്‍ പാടിയതായും ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചയാളാണെന്നും ഗിന്നസ് ബുക് ഓഫ് റെക്കോര്‍ഡ്സ് രേഖപ്പെടുത്തിയെങ്കിലും അതിലേറെ ഗാനങ്ങള്‍ മുഹമ്മദ് റഫി പാടിയിട്ടുണ്ടെന്ന വാദം പിന്നാലെ ഉയര്‍ന്നു. പിന്നീട് പല കണക്കുകളും ഉയര്‍ന്നുവന്നെങ്കിലും പാട്ടുകളുടെ എണ്ണത്തിന്റെ കണക്ക് താന്‍ സൂക്ഷിച്ചിട്ടില്ലെന്ന് ലതാ മങ്കേഷ്കര്‍ തന്നെ വിശദീകരിച്ചു.
ഏഴു പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതം; അതില്‍ അവര്‍ ഒരു മഹാമേരുവായി നിലകൊണ്ടു. കലഹങ്ങളും പിണക്കങ്ങളുമെല്ലാം ഏറെ. എല്ലാറ്റിനുമൊടുവില്‍ ബാക്കിയാവുന്നത് ലതയുടെ മധുരശബ്ദം മാത്രം. അതില്‍ ലയിക്കാനാവുന്നതാണ് ഈ കാലഘട്ടത്തിന്റെ മഹാഭാഗ്യം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)