
തിരുവനന്തപുരം: പ്രശസ്ത സംവിധായകന് കെ.എസ്.സേതുമാധവന് (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. മലയാള ചലച്ചിത്ര മേഖലയ്ക്ക് അടിത്തറയിട്ട സംവിധായകന് കൂടിയായിരുന്നു സേതുമാധവന്.
ജെസി ഡാനിയേല്‍ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.
ഓടയില്‍ നിന്ന്, ഓപ്പോള്, ചട്ടക്കാരി, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങി ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു. മലയാള സിനിമയുടെ തുടക്ക കാലത്ത്, കൃത്യമായ ദിശാബോധം നല്കി വഴിതെളിച്ച സംവിധായകനായിരുന്നു സേതുമാധവന്. മലയാളത്തിലെ വായനക്കാര്‍ ഏറ്റെടുത്ത നോവലുകളെ അടക്കം സിനിമയാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2009 ലാണ് അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്. ഇന്ന് മലയാള സിനിമ അവകാശപ്പെടുന്ന മേന്മകളുടെ അടിത്തറ പാകിയ സംവിധായകനായിരുന്നു അദ്ദേഹം.
പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. 1960 ല്‍ വീരവിജയ എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെഎസ് സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.
പിന്നീട് 60 ഓളം സിനിമകള്‍ കെഎസ് സേതുമാധവന് സംവിധാനം ചെയ്തു. 1973 ല്‍ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്.
മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത ചലച്ചിത്ര സംവിധായകന് കെ എസ് സേതുമാധവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവന്. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയര്‍ത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവന് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രദ്ധേയമായ സാഹിത്യകൃതികള്‍ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസ്സുകള്‍ക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറെക്കാലം ചെന്നൈയിലായിരുന്നുവെങ്കിലും മലയാളത്തിന്റെ സാംസ്കാരിക രംഗത്തെയും കലാ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെയും ഏറെ ശ്രദ്ധിച്ചു പോന്നിരുന്നു അദ്ദേഹം. മലയാള സിനിമയുടെ ഒരുസംവിധാന കാലഘട്ടത്തിന്റെ തലക്കെട്ടായി പല പതിറ്റാണ്ടുകള്‍ നിന്ന് ശ്രദ്ധേയനായ സംവിധായകനാണ് സേതുമാധവന്. ചലച്ചിത്ര രംഗത്തിന് മാത്രമല്ല പൊതുസാംസ്കാരിക രംഗത്തിനാകെ കനത്ത നഷ്ടമാണ് കെ എസ് സേതുമാധവന്റെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അനുശോചനവുമായി നടന് മമ്മൂട്ടി
കെ എസ് സേതുമാധവന്റെ വിയോഗത്തില്‍ അനുശോചനവുമായി നടന് മമ്മൂട്ടി. സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്ത് നിര്‍ത്തിയ ആളാണ് കെ എസ് സേതുമാധവനെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ എത്തിയ സിനിമ അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത് കെ എസ് സേതുമാധവനായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)