
കൊച്ചി: കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ്(70) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10മണിയോടെ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കെ പി സി സി വര്‍കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു. തൊടുപുഴയില്‍ നിന്നും രണ്ടുതവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
വിടപറയുന്നത് കോൺഗ്രസിലെ കരുത്തുറ്റ പോരാളി, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എക്കാലത്തെയും മികച്ച പോരാളി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ട് എതിരാളികളെപ്പോലും കൊമ്പു കുത്തിച്ച വിപ്ലവ നേതാവ്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനങ്ങൾക്കിടയിൽ അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയ വ്യക്തിപ്രഭാവം. കേരളം മുഴുവൻ നിറഞ്ഞു നിന്ന രാഷ്ട്രീയ നേതൃപാടവം. ഇന്നു രാവിലെ അന്തരിച്ച പി.ടി. തോമസ് എന്ന രാഷ്ട്രീയ വടവൃക്ഷത്തിന്റെ അഭാവം രാഷ്ട്രീയ കേരളത്തിനു തീരാ നഷ്ടം.
1950 ഡിസംബർ 12നാണ് തോമസിന്റെ ജനനം. ഇടുക്കി ജില്ലയിലെ പാറത്തോടാണു സ്വദേശം. പിതാവ് തോമസ് പതിയപറമ്പിൽ. അമ്മ അന്നമ്മ. ഭാര്യ ഉമ തോമസ്, രണ്ട് മക്കൾ.
കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമാണു പിടി തോമസ് . അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിന്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു.
ഇടുക്കി ജില്ലയിലെ പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ തുടങ്ങിയ വിദ്യാർഥി രാഷ്ട്രീയമാണ് തോമസിനെ കേരളം അറിയുന്ന രാഷ്ട്രീയനേതാവാക്കി വളർത്തിയത്. കെഎസ്യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചായിരുന്നു തുടക്കം. ശൂന്യതയിൽ നിന്ന് ആൾക്കൂട്ടത്തെയും ആൾക്കൂട്ടത്തിൽ നിന്നു സംഘടനയെയും സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എതിരാളികളെപ്പോലും അമ്പരിപ്പിച്ചിട്ടണ്ട്.
കെഎസ്യുവിലൂടെ വളർന്ന തോമസ് പിന്നീട് ഇടുക്കി ജില്ലാ പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികളിലെത്തി. കേരളത്തിലെ കലാലയങ്ങളിൽ കെഎസ്യുവിന്റെ കൊടി പാറിക്കാൻ അഹോരാത്രം പണിപ്പെട്ടു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ്, തൊടുപുഴ ന്യൂമാൻ കോളെജ്, എറണാകുളം മഹാരാജ് കോളെജ് തുടങ്ങിയ വിദ്യാലയങ്ങളിൽ കെഎസ്യുവിനെ നയിച്ചു വിജയിപ്പിച്ചു. കോളെജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സ്റ്റി യൂണിയൻ കൗൺസിലർ, സെനറ്റ് മെംബർ തുടങ്ങിയ നിലകളിൽ വിദ്യാഭ്യാസ കാലത്ത് തിളങ്ങി.
യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പിന്നീടു പാർട്ടിയുടെ സംസ്ഥാന പരമോന്നത പദവിയിൽ വരെയെത്തി. കെപിസിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, എഐസിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, കെപിസിസി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഏറ്റവും അവസാനത്തെ പാർട്ടി പുനഃസംഘടനയിലും വർക്കിംഗ് പ്രസിഡന്റ് പദം നൽകി പാർട്ടി അദ്ദേഹത്തിൽ വിശ്വാസം ഉറപ്പിച്ചു. ഊർജസ്വലമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിവന്നത്. രോഗം ഗുരുതരമായ അവസ്ഥിയിലായപ്പോഴും അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ തത്പരനായിരുന്നു.
1991-96, 2001-2006 കാലത്ത് തൊടുപുഴയിൽ നിന്ന് നിയമസഭാംഗമായി. 2016 മുതൽ എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്. 2009-14 കാലത്ത് ഇടുക്കിയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായിരുന്നു. പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ മാനെജിംഗ് ഡയറക്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ചീഫ് എഡിറ്ററുടെ ചുമതല നിർവഹിച്ചുവരികയായിരുന്നു.
കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി
പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മൂന്നു ദിവസം ദുഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അറിയിച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പർലിമെന്റെറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ്
കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്…. എനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി…. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി… വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല… പ്രണാമം….
കോടിയേരി ബാലകൃഷ്ണൻ
P T തോമസിന്റെ അകാല വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭ അംഗം എന്ന നിലയിലും പാർലമെൻറ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു പാർലമെന്റെറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടന നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നു.
മുഹമ്മദ് ഷിയാസ്
പ്രിയ പിടി… ഞെട്ടിച്ചാണ് പോകുന്നത്. നിരാശയും വേദനയും ചേർന്ന് ഏത് തരം മാനസീക അവസ്ഥയിലൂടെ ആണ് ഇപ്പോൾ കടന്ന് പോകുന്നതെന്ന് അറിയില്ല. വാക്കുകൾ തികയില്ല പിടിയെ കുറിച്ച് പറയാൻ. നിലപാടിന്റെ ആർജ്ജവവും തളരാത്ത പോരാട്ട വീര്യവുമാണ് എനിക്ക് പിടി. എന്നും കൂടെ നിന്നിട്ടേയുള്ളു. ചേർത്തു പിടിച്ചിട്ടേ ഉള്ളു. നിർത്തുന്നു…
വിട എന്ന് പറയുന്നില്ല. കാരണം വിട ചൊല്ലാനാകില്ല…
കെ.സുരേന്ദ്രൻ
എല്ലാ കാലത്തും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന നേതാവായിരുന്നു പി.ടി തോമസ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.ടി തോമസിന്റെ അപ്രതീക്ഷിത മരണം കേരള രാഷ്ട്രീയത്തിന് നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നെങ്കിലും പിടിയുമായി വ്യക്തിപരമായി ഏറെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടേയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)