
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരെ കൂടുതല്‍ വലിയ സമരപരിപാടികളിലേക്ക് തള്ളിവിടാതെ അവര്‍ ആവശ്യപ്പെട്ടിട്ടുള്ള റിസ്ക് അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യന്ത്രിക്കു നല്കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരപരിപാടികള്‍ നടത്തിവരികയാണ്. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖലയെ വലിയ രീതിയില്‍ ബാധിക്കുന്ന ഒരു വിഷയമായിട്ടു പോലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തില്‍ ഡോക്ടര്‍മാര്‍ക്കും, പൊതുസമൂഹത്തിനും ശക്തമായ പ്രതിഷേധമുണ്ട്.
കോവിഡ് മഹാമാരി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അമിതജോലിഭാരവും, സമ്മര്‍ദ്ദവും സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ്–കോവിഡ് ഇതര ഡ്യൂട്ടികളോടൊപ്പം തന്നെ മറ്റ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഈ ഡോക്ടര്‍മാരുടെ സേവനം വിനിയോഗിക്കപ്പെടുന്നുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന കോവിഡ് ബ്രിഗേഡുകളെ അപ്രതീക്ഷിതമായി പിരിച്ചുവിട്ടതിനെത്തുടര്ന്നുള്ള പ്രതിസന്ധിയും കൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നേരിടുന്നുണ്ട്. ഇവരുടെ ജോലിഭാരവും പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് മനസ്സിലാക്കുന്നത്. കോവിഡ് ബ്രിഗേഡുമാര്‍ക്ക് കുടിശ്ശികയായി നല്‍കേണ്ടിയിരുന്ന റിസ്ക് അലവന്‍സ് പോലും കൊടുത്ത തീര്‍ക്കാതെയാണ് അവരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്.
കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖലയുടെ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച കോവിഡ് ബ്രിഗേഡുകളോടുള്ള സര്‍ക്കാരിന്റെ ഈ നടപടി തികച്ചും മനുഷ്യത്വരഹിതമാണ്. ഇവരുടെ സേവനം തുടര്‍ന്നും സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖലയില്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇവര്‍ക്ക് നല്‍കാനുള്ള റിസ്ക് അലവന്‍സ് അടക്കമുള്ള ആനൂകൂല്യങ്ങള്‍ എത്രയും വേഗം അനുവദിക്കണം. അതോടൊപ്പം സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)