
മക്ക: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി വിദേശ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധനകള്‍ ഒഴിവാക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നേരത്തെ സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഹറമിലെത്തി ഉംറ നിര്‍വ്വഹിക്കുന്നതിന് 18 നും 50 നും ഇടയില്‍ പ്രായ പരിധിയായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. സൗദിയില്‍ രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ തീരുമാനം വന്നതോടെ 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം പുണ്യ ഭൂമിയിലെത്തി ഉംറ നിര്‍വ്വഹിക്കാനും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ റൗളാ ശരീഫ് സന്ദര്‍ശനത്തിനും അവസരം ലഭിക്കും. ആരോഗ്യ സുരക്ഷയുടെ ഭാഗമായി കൊവിഡ് മുന്‍ കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക.
വിദേശത്ത് നിന്ന് വരുന്ന 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ വിലക്ക് തുടരും. സൗദിയില്‍ കഴിയുന്ന 12 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഇരുഹറമിലേക്കും പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് രണ്ട് ഡോസ് വാക്സീന് എടുത്തിരിക്കണമെന്ന കര്‍ശന നിബന്ധനയോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹറമുകളുടെ പ്രവേശന കവാടങ്ങളില്‍ വാക്സിന് സ്റ്റാറ്റസ് പരിശോധിച്ച് പൂര്‍ണമായി വാക്സീന് എടുത്തവരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും അധികൃതര്‍ പറഞ്ഞു.
ഇനി മുതല്‍ ഇടനിലക്കാരുടെ ആവശ്യം ഉണ്ടാകാതെ തന്നെ വിശ്വാസികള്‍ക്ക് പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കി ഹജ്ജ് ഉംറ മന്ത്രാലയം. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറ, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ രണ്ട് ആപ്പുകള്‍ വഴി നേരിട്ട് പെര്‍മിറ്റ് എടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഖുദൂം' ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. നേരത്തെ വിദേശ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഉംറ ഏജന്‍സികള്‍ വഴിയായിരുന്നു പെര്‍മിറ്റുകള്‍ അനുവദിച്ച് നല്‍കിയിരുന്നത്. ഗൂഗിള്‍ പ്ലേ, ആപ്പ് സ്റ്റോര്‍, ആപ്പ് ഗാലറി, ഗാലക്സി സ്റ്റോര്‍ എന്നീ പ്ലാറ്റ് ഫോമുകളില്‍ പുതിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹകരണത്തോടെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)