
അതിവേഗം പടരുന്ന പുതിയ കോവിഡ് വകഭേദം ഡെൽറ്റയെക്കാള്‍ അപകടകാരിയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ജാഗ്രത. മൈക്രോണ്‍ വകഭേദം ആശങ്കയുയര്‍ത്തുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച രാവിലെ 10.30നാണ് യോഗം നടക്കുക. കേന്ദ്രസര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലയില്‍ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ തീരുമാനമെടുത്തു. ഇത് ഓഹരി വിപണിയില്‍ വലിയ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുതിയ വകഭേദമായ ബി.1.1.529 നെ വളരെയധികം അപകടകാരിയെന്നാണ് വിശേഷിപ്പിച്ചത്. ഒമിക്രൊൺ എന്നാണ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം പ്രഖ്യാപിച്ചത്. ഇസ്രയേൽ, ബൽജിയം, ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വകഭേദത്തിന്റെ നൂറോളം ജീനോം സീക്വൻസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ രോഗബാധിതരായ പലര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശമുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും ജാഗ്രത പുലര്‍ത്താനും ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തര നിര്‍ദേശം നല്കി. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ട് ഡോസും കൂടാതെ ബൂസ്റ്റര്‍ വാക്സിനെടുത്തവരിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും വകഭേദത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
“വകഭേദത്തിന് നിരവധി ജനിതകമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചിലതെല്ലാം ആശങ്ക നല്‍കുന്നതാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വകഭേദങ്ങളെക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് വ്യക്തമാകുന്നത്,” ഡബ്ല്യുഎച്ചഒയുടെ പ്രസ്താവനയില്‍ പറയുന്നു.
“ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും തന്നെ പുതിയ വകഭേദം വ്യാപിച്ചിട്ടുള്ളതായാണ് തോന്നുന്നത്. മുന്‍പ് സ്ഥിരീകരിച്ച വകഭേദങ്ങളേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. പെട്ടെന്ന് പടരാനുള്ള ശേഷിയും വകഭേദത്തിനുള്ളതായി മനസിലാക്കുന്നു,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമായിരുന്നു കോവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായി ഇതുവരെ വിലയിരുത്തിയിരുന്നത്. നിലവില്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ഡെല്‍റ്റ വ്യാപിച്ചു കഴിഞ്ഞു. ഇത് തന്നെയാണ് ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റേയും നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനത്തിന്റെയും കാരണം.
ഡെല്‍റ്റയേക്കാള്‍ അപകടകാരിയാണൊ എന്നത് വിലയിരുത്താന്‍ സമയമായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞന്മാരില് നിന്ന് മനസിലാക്കിയത്. എന്നിരുന്നാലും ജാഗ്രത കടുപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
“പുതിയ വകഭേദത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. മുപ്പതിലധികം ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിവേഗം പടരുമോ രോഗപ്രതിരോധശേഷി ഇല്ലാതാക്കാന്‍ സാധിക്കുമോ എന്നത് പരിശോധിക്കണം. പക്ഷെ കൃത്യമായ ജാഗ്രത പുലര്‍ത്തണം,” വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു.
പുതിയ വകഭേദത്തിന്റെ വരവ് അപ്രതീക്ഷിതമായിരുന്നില്ല എന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചിലെ (ഐഐഎസ്ഇആര്‍) പ്രതിരോധശേഷി വിഭാഗത്തിലെ വിനീത ബാല്‍ വ്യക്തമാക്കി. കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി കേസുകള്‍ അതിവേഗം കണ്ടെത്താനുള്ള നടപടികള്‍ അധൃകര്‍ സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)