
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമല മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ ടി ഉമ്മര്‍, രവീന്ദ്രന്, ജി ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.
സി ജെ ഭാസ്കരന് നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല 1970ല്‍ എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ശബരിമല ശ്രീ ധര്‍മ്മശാസ്താ' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്.
സി ആര് കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി 'ബ്രാഹ്മമുഹൂര്‍ത്തം' എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന് മധു നിര്‍മ്മിച്ച 'അക്കല്ദാമ' യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985ല്‍ പുറത്തിറങ്ങിയ 'സത്യം' എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. 'ശക്തി' എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, 'ഇഷ്ടപ്രാണേശ്വരി' എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
എ ആര് റഹ്മാന് മലയാളത്തില്‍ ഈണം നല്കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന് ദര്ശന് രാമന് എന്നിവരാണ് സഹോദരങ്ങള്‍. പ്രസന്നയാണ് ഭാര്യ. സുമന് മകനാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)