
ആലുവ: സ്ത്രീകൾക്കു പരാതിയുമായി പൊലീസ് സ്റ്റേഷനിൽ കടന്നു ചെല്ലാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭർതൃവീട്ടുകാരുടെയും ആലുവ സി.ഐയുടെയും മോശം പെരുമാറ്റത്തിൽ മനംനൊന്ത് തൂങ്ങി മരിച്ച യുവതിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതിയുടെ പരാതി മാന്യമായി കേൾക്കാനുള്ള സൗമനസ്യം പൊലീസ് കാണിച്ചിരുന്നെങ്കിൽ മുഫിയയ്ക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് സതീശൻ ചൂണ്ടിക്കാട്ടി. പരാതിക്കാരോട് ധാർഷ്ട്യത്തോടെയാണ് പൊലീസ് പെരുമാറുന്നത്. കോട്ടയം സംഭവത്തിലടക്കം ഇതു കണ്ടതാണ്. കൊയിലാണ്ടിയിലും സമാനമായ സംഭവം ഇന്നുമുണ്ടായി. പരാതിയുമായി ചെല്ലുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിച്ച് അപമാനിച്ചു പറഞ്ഞുവിടുകയാണ്. കേരളത്തിലൊരിടത്തും സ്ത്രീകൾക്കു നീതി കിട്ടുന്നില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. പരാതിക്കാരായ സ്ത്രീകളോട് എങ്ങനെ പെരുമാറണണെന്ന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ പഠിപ്പിച്ചുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിൻറെ മകൾ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് സുഹൈലുമായി ദാമ്പത്യ പ്രശ്നങ്ങളും സ്ത്രീധന പീഡനവും നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. സ്റ്റേഷനിൽ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്ന് മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)