
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. അധികാരത്തില്‍ ഇരുന്നത് കുറച്ചു സമയമാണെങ്കിലും പുതുചരിത്രമാണ് കമല ഹാരിസ് കുറിച്ചത്. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡന് കമല ഹാരിസിന് അധികാരം കൈമാറിയത്. ഇതോടെ അല്പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറി.
ആരോഗ്യ പരിശോധനകള്‍ക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 57 കാരിയായ കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും കമല തന്നെ.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന് കുടല് സംബന്ധമായ പരിശോധനയായ കൊളെനോസ്കോപി നടത്താന്‍ വേണ്ടിയാണ് അനസ്തേഷ്യക്ക് വിധേയനാകുന്നത്. വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ബൈഡന് പരിശോധനയ്ക്ക് വിധേയനാകുക.
പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബൈഡന് അന്സ്തേഷ്യയിലുള്ള സമയത്താകും കമല ഹാരിസ് അമേരിക്കയുടെ പരമാധികാര സ്ഥാനത്തിരിക്കുക. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ കമലയ്ക്കായിരിക്കും.
നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലയളവിലും അമേരിക്കയില്‍ സമാനമായ അധികാര കൈമാറ്റം ഉണ്ടായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)