
അര്‍ധസെഞ്ചുറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (36 പന്തുകളില്‍ 55) കെ എല്‍ രാഹുല്‍ ( 49 പന്തുകളില്‍ 65 റണ്‍സ്) എന്നിവരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും നേടിയ 117 റണ്‍സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. നേരത്തെ മികച്ച തുടക്കം നേടി തകര്‍ത്തടിച്ച കിവീസിനെ അവസാന ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണായകമായി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. രാഹുല്‍ തകര്‍ത്തടിച്ച് മുന്നേറിയപ്പോള്‍ രോഹിത് ശര്‍മ താരത്തിന് പിന്തുണ നല്കി കൂടെ നിന്നു. ഇരുവരും ചേര്‍ന്ന് ന്യൂസിലന്‍ഡ് ബൗളര്‍മാരെ അനായാസം നേരിട്ടപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സും അനായാസം ഒഴുകിയെത്തുകയായിരുന്നു. തകര്‍ത്തടിച്ച് മുന്നേറിയ ഇവര്‍ പവര്‍പ്ലേ ഓവറില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷവും അടിതുടര്‍ന്ന ഇവര്‍ക്കെതിരെ കിവീസ് ബൗളര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ സാന്റ്നര്‍ എറിഞ്ഞ 10-ആം ഓവറില്‍ 29ല്‍ നില്‍ക്കെ രോഹിത് ശര്‍മ നല്കിയ ക്യാച്ച് ട്രെന്റ് ബോള്‍ട്ട് നിലത്തിട്ടതും അവര്‍ക്ക് തിരിച്ചടിയായി. പിന്നാലെ 11-ആം ഓവറില്‍ മില്‍നെയെ സിക്സിന് പറത്തി രാഹുല്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷവും അടിതുടര്‍ന്ന രാഹുല്‍ ഒടുവില്‍ സൗത്തിയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്കൊപ്പം 117 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.
രാഹുല്‍ മടങ്ങിയെങ്കിലും മറുവശത്ത് രോഹിത് അടി തുടര്‍ന്നു. 15-ആം ഓവറില്‍ മില്‍നെയുടെ പന്തില്‍ സിക്സ് പറത്തിയാണ് രോഹിത് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അര്‍ധസെഞ്ച്വറി തികച്ചുനില്ക്കുകയായിരുന്ന രോഹിതിനെ പുറത്താക്കി സൗത്തി വീണ്ടും ന്യൂസിലന്‍ഡിന് ആശ്വാസം നല്കി. രോഹിത് മടങ്ങിയ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. എന്നാല്‍ അതേ ഓവറിന്റെ അവസാന പന്തില്‍ സൂര്യകുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കി സൗത്തി കിവീസിന് ബ്രേക്ത്രൂ നല്കി.
ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത് പോലൊരു പ്രകടനം ന്യൂസിലന്‍ഡ് ബൗളര്‍മാരും ആവര്‍ത്തിക്കുമോ എന്ന് ആരാധകരില്‍ ചെറിയ സംശയം ഉണര്‍ന്നെങ്കിലും അവയെ അടിച്ചു പറത്തി ഋഷഭ് പന്ത് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 11 പന്തില്‍ 12 റണ്‍സോടെ വെങ്കടേഷ് അയ്യരും ആറ് പന്തില്‍ 12 റണ്‍സോടെ പന്തും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് മാര്ട്ടിന് ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് ഈ തുടക്കം മുതലെടുക്കാന്‍ കഴിയാതെ പോയതോടെ അവര്‍ ചെറിയ സ്കോറിലേക്ക് ഒരുങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200 റണ്‍സ് നേടുമെന്ന് തോന്നിച്ച ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു. 11.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായിരുന്ന അവര്‍ക്ക് പിന്നീടുള്ള 52 പന്തുകളില്‍ നിന്നും കേവലം 63 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 21 പന്തുകളില്‍ 34 റണ്‍സ് എടുത്ത ഗ്ലെന്‍ ഫിലിപ്സാണ് അവരുടെ ടോപ് സ്കോറര്‍. വെടിക്കെട്ട് ബാറ്റര്‍മാരായ ടിം സീഫെര്‍ട്ട് 15 പന്തുകളില്‍ 13, ജിമ്മി നീഷാം 12 പന്തുകളില്‍ 3 എന്നിവര്‍ നിരാശപ്പെടുത്തി.
അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)