
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ രാഷ്ട്രീയനേതാവും, ഭരണാധികാരിയുമായ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ നൂറ്റി നാലാമത് ജന്മവാർഷികം നമ്മളിന്നാഘോഷിക്കുകയാണ്. മുൻ നാട്ടു രാജാക്കന്മാരുടെ അധികാര ഗർവ്വിനും, അഹങ്കാരത്തിനും മുകളിൽ ജനാഭിലാഷമെന്ന, ജനാധിപത്യത്തിന്റെ പരവതാനി വിരിച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി.
രാജ്യത്ത് നിന്നും പട്ടിണിയും, ക്ഷാമവും തുടച്ചു നീക്കുന്നതിനും, സ്വത്തിന്റെയും ,വിഭവങ്ങളുടെയും അസന്തുലിതമായ വിതരണം ഇല്ലാതാക്കുന്നതിനും വേണ്ടി തീവ്ര പരിശ്രമങ്ങളാണ് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുണ്ടായത്. 1971-ലെ പാകിസ്താനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം, ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ രൂപീകരണത്തിൽ ഇന്ത്യ വഹിച്ച പങ്ക് എന്നിവയെല്ലാം ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ നേതൃ മികവിന്റെയും,രാജ്യ സ്നേഹത്തിന്റെയും ഉത്തമോദാഹരണങ്ങളായി നിലകൊള്ളുന്നുണ്ട്.
ബാങ്ക് ദേശസാൽക്കരണവും, മുൻ നാട്ടു രാജാക്കന്മാർക്കുള്ള പ്രിവിപഴ്സ് നിർത്തലാക്കലും രാജ്യം കണ്ട വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു.
സുവർണ ക്ഷേത്രത്തിൽ നടന്ന 'ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ' തുടർന്ന് പ്രധാനമന്ത്രിക്ക് ഖാലിസ്ഥാൻ തീവ്രവാദികളിൽ നിന്നും ജീവനു ഭീഷണി ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തന്റെ അംഗരക്ഷകരിൽ നിന്നും സിഖ് സമുദായത്തിലുൾപ്പെട്ടവരെ മാറ്റിനിർത്തണം എന്ന നിർദ്ദേശം ഇന്ദിരാഗാന്ധിക്ക് ലഭിച്ചിരുന്നതാണ്. എന്നാലിതവർക്ക് സ്വീകാര്യമായിരുന്നില്ല. കാരണം, മതത്തിന്റെയും, ജാതിയുടെയും, ഭാഷയുടെയും പേരിൽ ആളുകളെ വേർതിരിച്ചു നിർത്തുന്നതിനെതിരെയുള്ള പോരാട്ടമായിരുന്നു അവർ ജീവിതകാലം മുഴുവനും നടത്തിയിരുന്നത്.
കൊല്ലപ്പെടുന്നതിന് തൊട്ട് തലേന്ന് ഒഡിഷയിലെ ഭുവനേശ്വറിൽ പൊതുയോഗത്തിൽ സംസാരിക്കുമ്പോൾ അവർ പറഞ്ഞത് 'ഒരു പക്ഷേ എനിക്കെന്റെ ജീവൻ നഷ്ടമായേക്കാം, പക്ഷേ ഞാൻ ചിന്തുന്ന ഓരോ തുള്ളി ചോരയും ഈ രാഷ്ട്രത്തിന്റെ ഐക്യവും, അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ ഉപകാരപ്പെടു'മെന്നാണ്.
രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ദിരാ ഗാന്ധി വിഭാവനം ചെയ്ത വികസനോന്മുഖമായ, സാഹോദര്യത്തിലും, സമത്വത്തിലും, ബഹുസ്വരതയിലും അധിഷ്ഠിതമായ ഒരു ഇന്ത്യയുടെ പുനർനിർമാണത്തിനും, വീണ്ടെടുപ്പിനുമുള്ള ബാധ്യത മറ്റാരേക്കാളും കൂടുതൽ ഓരോ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനുമുണ്ടെന്ന് ഈ ദിവസം സ്വയം ഓർമ്മിക്കുകയാണ്, പ്രിയമുള്ള ഓരോ ഇന്ത്യക്കാരനേയും ഓർമ്മിപ്പിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)