
കൊച്ചി: കൊച്ചിയിൽ മോഡലുകൾ അടക്കം മൂന്ന് പേരുടെ മരണത്തിനു ഇടയാക്കിയ കാർ അപകടത്തിലെ ദുരൂഹത നീക്കണമെന്നും പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ചു ഇതൊരു സ്വഭാവിക അപകടം ആണെന്ന് കരുതാൻ വയ്യ എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കൊച്ചിയിൽ മോഡലുകൾ അടക്കം മൂന്ന് പേരുടെ മരണത്തിനു ഇടയാക്കിയ കാർ അപകടത്തിലെ ദുരൂഹത നീക്കണം. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ചു ഇതൊരു സ്വഭാവിക അപകടം ആണെന്ന് കരുതാൻ വയ്യ. ഹോട്ടലിൽ നിന്നും ഇവരെ മറ്റൊരു കാർ പിന്തുടരുകയും, അമിത വേഗതയിലുള്ള കാറോട്ടമാണ് നടന്നതെന്നും പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. കൊച്ചിയിൽ ഹോട്ടൽ ഉടമ യഥാർത്ഥ ഹാർഡ് ഡിസ്ക് അല്ല പോലീസിന് കൈമാറിയത് എന്ന് പറയുന്നു. ഹോട്ടലിലെ പൂർണ്ണമായ ദൃശ്യങ്ങൾ ഇല്ല എന്നും യഥാർത്ഥ ഹാർഡ് ഡിസ്ക് നശിപ്പിച്ചിരിക്കാമെന്നും പൊലീസ് തന്നെ സൂചിപ്പിക്കുന്നു. അപ്പോൾ ഹോട്ടൽ ഉടമ ആരെയാണ് സംരക്ഷിക്കാൻ നോക്കുന്നത്? ആർക്കു വേണ്ടി എന്തിന് വേണ്ടിയാണ് ഹാർഡ് ഡിസ്ക് നശിപ്പിച്ചത്? ഹോട്ടലുടമയുടെ ഒളിച്ചു കളി പുറത്ത് കൊണ്ട് വരാൻ പറ്റാത്ത വിധം പോലീസിന് കഴിവ് കുറവ് ബാധിച്ചിട്ടുണ്ടോ? ഹോട്ടലിൽ ഉണ്ടായിരുന്നു എന്ന് പറയുന്ന പ്രമുഖൻ, അത് സിനിമ നടനോ, രാഷ്ട്രീയ നേതാവോ ആണെങ്കിൽ എന്ത് കൊണ്ട് അയാളിലേക്ക് അന്വേഷണം നീളുന്നില്ല? ചോദ്യങ്ങൾ നിരവധിയുണ്ട്. പ്രമുഖർക്ക് മുന്നിൽ പോലീസിന് പരിമിതികൾ ഉണ്ടെന്നാണോ മനസ്സിലാക്കേണ്ടത്. ഡിജെ പാർട്ടിയും ലഹരി ഉപയോഗവും കൊച്ചിയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ സത്യങ്ങൾ പുറത്ത് കൊണ്ട് വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. കൊച്ചിയിലെ പോലീസ് മറ്റു കേസുകളിൽ അറസ്റ്റ് ചെയ്യാനും നടപടി എടുക്കാനും കാണിക്കുന്ന ആവേശം ഈ കേസിന്റെ അന്വേഷണത്തിൽ കാണിക്കേണ്ടതുണ്ട്. വിദഗ്ധ അന്വേഷണ സംഘത്തെ നിയമിച്ചു കൊണ്ട് അപകടത്തിന്റെ പിന്നിലെ ദുരൂഹത നീക്കണം. ഈ അപകട മരണം മനുഷ്യ സൃഷ്ടി ആണെങ്കിൽ അതിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന അനധികൃത നിശാ പാർട്ടികളിലും, ലഹരി ഉപയോഗത്തിലും അധികാരികളുടെ ശ്രദ്ധ പതിയണം.
അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എങ്കിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനകീയ പ്രക്ഷോഭം നയിക്കും.
ഡിജെ പാർട്ടിയിൽ നടൻ ജോജു പങ്കെടുത്തിരുന്നോ എന്നത് പൊലീസ് അന്വേഷിക്കണമെന്നും മുഹമ്മദ് ഷിയാസ്
കോൺഗ്രസ് ദേശീയപാത ഉപരോധസമരത്തിനിടെ നടൻ ജോജു ജോർജ് വന്നു കയറിയത് യാദൃച്ഛികമായല്ലെന്ന് അന്നേ സംശയമുണ്ടായിരുന്നതായി മുഹമ്മദ് ഷിയാസ്. അന്നു പുലർച്ചെ അപകടത്തിൽ മരിച്ച മുൻ മിസ് കേരള ഉള്‍പ്പടെയുള്ളവർ പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു പങ്കെടുത്തിരുന്നോ എന്നത് പൊലീസ് അന്വേഷിക്കണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും കൃത്യമായ വിവരങ്ങൾ അറിയുന്നതിനു വേണ്ടിയാണു കാത്തിരിക്കുന്നത്. അന്നു വെളുപ്പിന് ഉണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിനായാണു സമരത്തിനിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്നാണ് അറിയാനായതെന്നും ഷിയാസ് പറഞ്ഞു.
അന്നു രാത്രി ആരൊക്കെയാണ് നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തത് എന്നതിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല എന്നാണ് വ്യക്തമാകുന്നത്. അന്വേഷണം അട്ടിമറിക്കാനാണ് തുടക്കം മുതൽ പൊലീസ് ശ്രമിക്കുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഈ കേസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളൊ ഒക്കെയുണ്ടാകാം. അല്ലെങ്കിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർ ഉണ്ടാകും. കേസ് തേച്ചുമായ്ച്ചു കളയാൻ പൊലീസിനു വലിയ സമ്മർദമുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിന് പൊലീസ് ഒമ്പതു ദിവസം കാത്തു നിന്നു. മോൻസൺ വിഷയത്തിൽ ഉൾപ്പെടെ പൊലീസിന്റെ സമീപനം ഇതുപോലെയാണ്. ആരാണ് തലേദിവസം നടന്ന പാർട്ടിയിൽ പങ്കെടുത്തത് എന്നറിയാൻ പാർട്ടി നേതൃത്വവും തുടക്കം മുതൽ ശ്രമിക്കുന്നുണ്ടായിരുന്നു. ലഹരി വിരുന്നിൽ ജോജു ഉണ്ടായിരുന്നോ മറ്റാരെങ്കിലുമാണോ പങ്കെടുത്തത് എന്നെല്ലാം അന്വേഷിക്കുന്നു. കോൺഗ്രസ് പരിപാടി അലങ്കോലപ്പെടുത്താൻ വന്ന ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യൻ കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നു. റോഡ് തടയുമ്പോൾ ജനത്തിന്റെ പ്രതിഷേധം മനസിലാക്കാം. പക്ഷെ അദ്ദേഹം വേറൊരു തരത്തിലുള്ള ആളെ പോലെയാണ് പെരുമാറിയത്.
ജോജു വന്നു എന്നു പറയുന്ന ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതലുള്ള സിസിടിവി കാമറകൾ പരിശോധിക്കുന്നുണ്ട്. സംഭവ സമയം ഇയാളുടെ തൊട്ടു പിന്നാലെയുണ്ടായിരുന്ന ഒരാൾ ഈ ദൃശ്യങ്ങൾ ഫെയ്സ്സ്ബുക്കിൽ ഇട്ടിരുന്നു. ആസൂത്രിതമായ സംഭവം പോലെയായിരുന്നു ജോജു വന്നിറങ്ങിയതും പ്രശ്നങ്ങൾ ഉണ്ടാക്കിയതും. എ.കെ. സാജൻ എന്നു പറയുന്ന ആൾ മറ്റൊരു വാഹനത്തിലാണ് വന്നത്. ജോജുവിന്റെ വാഹനത്തിലായിരുന്നില്ല. എന്നാൽ സംഭവത്തിനു ശേഷം ജോജുവിന്റെ വണ്ടിയിലാണ് കയറിയത്. ഇതെല്ലാം വച്ചു നോക്കുമ്പോൾ ചില പ്രശ്നങ്ങളുണ്ട്.
നമ്പർ 18 ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തത് ആരെല്ലാം അറിഞ്ഞാലെ ഇക്കാര്യങ്ങൾ കൃത്യമായി പറയനാകൂ. ഇത്തരത്തിലുള്ള സംഭവങ്ങൾ മറച്ചു വയ്ക്കപ്പെടുന്നത് ധാർമികനടപടിയല്ല. ഗൗരവമായി സർക്കാർ അന്വേഷിക്കുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം. ജോജു സമരത്തിൽ വന്നുണ്ടാക്കിയ ബഹളം ആർക്കു വേണ്ടിയാണ് എന്നത് അന്വേഷണം കൂടി കഴിയുമ്പോൾ പുറത്തു വരണം. കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു പിന്നിൽ ആരെല്ലാമാണ് എന്ന് അറിയണം. കോൺഗ്രസിന്റെ സമരത്തെ അവരെ രക്ഷപ്പെടുത്താൻ ചിലർ ആയുധമാക്കുകയായിരുന്നു.
സിനിമാ മേഖലയിൽ നിന്ന് ക്രെഡിബിലിറ്റി ഉള്ള ഒരാളും ജോജുവിന്റേത് ശരിയായ നടപടിയായിരുന്നു എന്നു പറഞ്ഞിട്ടില്ല. സിനിമാ സംഘടനയായ ‘അമ്മ’യോ സിനിമയിലുള്ള മറ്റാരെങ്കിലുമോ അന്നത്തെ ജോജുവിന്റെ നടപടിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല. ബി.ഉണ്ണികൃഷ്ണനാണ് ഇതിൽ വന്ന് എന്തെങ്കിലും പറഞ്ഞത്. ബോധപൂർവമായി ഉണ്ടാക്കിയതാണ് അന്നത്തെ സംഭവം എന്നതിനാൽ പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണം എന്നാണ് ഡിസിസിയുടെ ആവശ്യം. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നൽകും. ഇക്കാര്യത്തിൽ പാർട്ടിയുടെ സമാന്തര അന്വേഷണം നടക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഒളിച്ചുകളി തുടര്‍ന്ന് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്
ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഒളിച്ചുകളി തുടര്‍ന്ന് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്. ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കിൽ ഇല്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് പൊലീസ് സ്റ്റേഷനിൽ വീണ്ടും ഹാജരായി. ഡിവിആർ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യും. നാലു ജീവനക്കാരും ഉടൻ പൊലിസിന് മുമ്പിൽ ഹാജരാകും. അപകടത്തിനു മുൻപു മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്നത് റോയ് വയലാട്ടിന്റെ ഹോട്ടലിൽ ആയിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന ആരോപണത്തിലാണ് റോയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഹോട്ടലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ജീവനക്കാർക്കു നിർദേശം നൽകിയ വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു.
അപകടം സംബന്ധിച്ച അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ അന്വേഷണം നിലച്ച മട്ടാണ്. നിലവിലെ അന്വേഷണം കൃത്യമായി മുന്നോട്ടുപോയാല്‍ സിനിമാ രംഗത്തുള്ളവരെ ചോദ്യംചെയ്യേണ്ടിവരും. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ സിനിമാരംഗത്തുള്ളവര്‍ അടക്കം പങ്കെടുത്ത റേവ് പാര്‍ട്ടി നടന്നതായി പോലിസ് സംശയിക്കുന്നുണ്ട്. എന്നാല്‍, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)