
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. തിയറ്ററില്‍ സിനിമ റിലീസ് ചെയ്യിക്കുന്നതിന് എല്ലാ ശ്രമവും നടത്തി. എന്നാല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'തിയറ്ററുകള്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല. അവര്‍ വേണ്ട പിന്തുണയും നല്‍കിയില്ല. തിയറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ സഹകരിച്ചില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പിന്തുണയോടെയാണ് ഒ.ടി.ടി തീരുമാനം.'- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
40 കോടി രൂപ അഡ്വാന്‍സായി തിയേറ്ററുകളില്‍ നിന്ന് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തില്‍ ഒരു മീറ്റിംഗ് വച്ചിരുന്നു. ആ മീറ്റിംഗ് അവസാന നിമിഷം നടക്കാതെ പോയി. അവസാനത്തെ ഒരു സാധ്യതയായി കണ്ടതായിരുന്നു ആ ഒരു മീറ്റിംഗ്. നിര്‍ഭാഗ്യവശാല്‍ ആ മീറ്റിംഗും നടക്കാതെ പോയി. തീയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചതോടെയാണ് ആ ചര്‍ച്ച നടക്കാതെ പോയത്. ഇതാണ് ഇപ്പോള്‍ ഒടിടി ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിച്ചതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.
മരക്കാര്‍ ഒ ടി ടി റിലീസായിരിക്കുമെന്ന് ഫിലിം ചേംബര്‍ നേരത്തെ അറിയിച്ചിരുന്നു. തിയറ്റര്‍ റിലീസിനായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ അറിയിച്ചു. ഇന്നത്തെ ചര്‍ച്ചകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതും ചേംബര്‍ തന്നെയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നഷ്ടമുണ്ടായാല്‍ നികത്തണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ട ഉപാധി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അംഗീകരിച്ചില്ല. ഫിയോക്ക് വാശി പിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് തിയേറ്റര്‍ ഉടമകളുടെ പ്രതിനിധിയായ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)