
തിരുവനന്തപുരം: പാര്‍ട്ടി പുനഃസംഘടന അതിന്റെ വഴിക്ക് നടക്കുമെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്.
തിരഞ്ഞെടുപ്പ് നടത്തുന്നത് എഐസിസിയാണ്. സംഘടനാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഇന്നലത്തെ നേതൃയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബ്ലോക്ക് തലം വരെ പുനഃസംഘടിപ്പിക്കാനും അംഗത്വ വിതരണം യൂനിറ്റ് തലത്തില്‍ നടത്താനും തീരുമാനിച്ചു. പുനഃസംഘടന ബൂത്ത് തലത്തില്‍ നടത്തണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും തള്ളി. പൂര്‍ണ്ണ പുനഃസംഘടനയെ 11 ഡിസിസി പ്രസിഡന്റുമാര്‍ പിന്തുണച്ചപ്പോള്‍, ഒഴിവുകള്‍ നികത്തിയാല്‍ മതിയെന്ന് ആലപ്പുഴ, കോട്ടയം, മലപ്പുറം ഡിസിസി പ്രസിഡന്റുമാര്‍ നിര്‍ദ്ദേശിച്ചു.
പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം നേതൃത്വം തള്ളുകയായിരുന്നു. പുനഃസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ഇന്നലത്തെ ആദ്യയോഗത്തില്‍ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും നേര്‍ക്കുനേര്‍ പോരിലായിരുന്നു. പുതിയ ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ചുമതല ഏല്‍ക്കാനെത്തിയ യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ലക്ഷ്യമിട്ടത് കെ സുധാകരനെയായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തായിരുന്നു കെപിസിസി അധ്യക്ഷനെ കടന്നാക്രമിച്ചത്. പ്രസിഡന്റ് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുനഃസംഘടന വേണ്ടെന്ന് പറഞ്ഞ് ആദ്യം വെടി പൊട്ടിച്ചത് കെ ബാബുവായിരുന്നു. കെസി ജോസഫ്, ബെന്നി ബഹന്നാന് എന്നിവര്‍ പിന്തുണയുമായെത്തി.
ബൂത്തിന് താഴെ യൂനിറ്റ് കമ്മിറ്റികളിലും അംഗത്വവിതരണം നടത്തുന്നതിനെ ശക്തമായി ഏതിര്‍ത്തു. സുധാകരന് പുതുതായി രൂപീകരിച്ച യൂനിറ്റ് കമ്മിറ്റികള്‍ കെഎസ് ബ്രിഗേഡെന്ന് പറഞ്ഞ് ബെന്നി ഗുരുതര ആരോപണമുന്നയിച്ചു. എംപിമാരെയും എംഎല്‍എമാരെയും ഇവിടെ സംസാരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ പിണറായിയോട് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കരുതെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചായിരുന്നു സുധാകരന്റെ മറുപടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)