
തിരുവനന്തപുരം: ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കിവരുന്ന പരമോന്നത പുരസ്കാരമായ 2021ലെ എഴുത്തച്ഛന് പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വല്‍സലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നോവല്‍രംഗത്തും ചെറുകഥാരംഗത്തും അവര്‍ നല്കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയാണ് പരമോന്നത സാഹിത്യ ബഹുമതി ലഭിച്ചത്. പുരസ്കാരം നല്കുന്ന തിയ്യതി പിന്നീട് അറിയിക്കും. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണിത്.
അധ്യാപികയായി പ്രവര്‍ത്തനമനുഷ്ഠിച്ച പി വല്‍സല സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. നെല്ല് ആണ് ആദ്യനോവല്‍. ഈ നോവല്‍ പിന്നീട് അതേ പേരില്‍ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, സി എച്ച് അവാര്‍ഡ്, കഥ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്, മരച്ചോട്ടിലെ വെയില്ചീളുകള്, മലയാളത്തിന്റെ സുവര്ണകഥകള്, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വല്‍സലയുടെ സ്ത്രീകള്‍, പേമ്പി, വിലാപം, നിഴലിലുറങ്ങുന്ന വഴികള്‍, പോക്കുവെയില്‍ പൊന്‍വെയില്‍ എന്നിവ പ്രധാന കൃതികളില്‍ ഉള്‍പ്പെടുന്നു.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷനും ഡോ.ബി ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തില്‍ ആവാഹിച്ച എഴുത്തുകാരിയാണ് പി വല്‍സലയെന്ന് സമിതി വിലയിരുത്തി. പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്കരിക്കാന്‍ അവര്‍ക്ക് സാധിച്ചു. മലയാള ഭാഷയില്‍ അതുവരെ അപരിചിതമായ ഒരു ഭൂമികയെ അനായാസമായി വല്‍സല നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. മാനവികതയുടെ അപചയങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തിയ പി വല്‍സല, നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികള്‍ക്ക് എഴുത്തില്‍ ഇടം നല്‍കിയെന്നും സമിതി ചൂണ്ടിക്കാട്ടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)