
ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീംകോടതി നിരസിച്ചു. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എൻ.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചതും അലന്റെ ജാമ്യം നിലനിർത്തിയതും. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച് കേസെടുക്കുമെന്ന് വാദത്തിനിടെ എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. വാദത്തിനിടെ അലന് ഷുഹൈബ്, താഹ എന്നിവരുടെ പ്രായം സംബന്ധിച്ച് കോടതിയില്‍ ചര്‍ച്ച ഉയര്‍ന്നപ്പോള്‍ തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എന്‍ഐഎയുടെ മറുപടി. കേസെടുക്കുമ്പോള്‍ അലന് ഷുഹൈബിന് 19ഉം താഹ ഫസലിന് 23മായിരുന്നു പ്രായം.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ അംഗങ്ങളാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദത്തിനിടെ കോടതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. എന്നാൽ, അലൻ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എൻ.ഐ.എ സുപ്രീംകോടതിയെ സമീപിച്ചത്.
മകന്റെ രണ്ടാം ജന്മമാണിത്
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മാതാവ് ജമീല. മകന്റെ രണ്ടാം ജന്മമാണിത്. ജയിലിലായതോടെ മകന്റെ പഠനം മുടങ്ങി. ജയിലില്‍ പഠിക്കാന്‍ സൗകര്യമില്ലായിരുന്നു. നാട്ടുകാരുടെ പിന്തുണ എന്നുമുണ്ടെന്നും ജമീല പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. എന്നാല്‍, നാട്ടുകാരായ പാര്‍ട്ടിക്കാരുടെ പിന്തുണ ലഭിച്ചിരുന്നു. കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും ജമീല പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)