
നമ്മുടെ കടലുകളുടെ ആഴത്തിൽ ധാരാളം രഹസ്യങ്ങൾ നിറഞ്ഞിരിക്കുന്നു. എന്നാൽ, ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ സമുദ്രങ്ങളുടെ ആഴങ്ങളിലെ രഹസ്യങ്ങളിലേക്ക് വാതിൽ തുറക്കുന്നുണ്ട് ഇക്കാലത്ത്. അതിന്റെ ഫലമായി അതിശയകരമായ കണ്ടെത്തലുകളാണ് ഉണ്ടാകുന്നത്.
സമീപകാലങ്ങളിൽ അത്തരത്തിലുണ്ടായ ഒരു കണ്ടുപിടിത്തം മെക്സിക്കോ ഉൾക്കടലിനടിയിൽ നിന്നും കണ്ടെത്തിയ ഒന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. മെക്സിക്കോ ഉൾക്കടലിന്റെ ആഴമേറിയ ഭാഗങ്ങളിൽ ജീവിക്കുന്ന വ്യത്യസ്ത ജീവിവർഗ്ഗങ്ങളെന്ന് ഒരിക്കൽ വിശ്വസിച്ചിരുന്ന 14 വ്യത്യസ്ത ഇനം ലാർവകളെയാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നത്.
അന്യഗ്രഹജീവികളെപ്പോലെ കാണപ്പെടുന്ന ഈ ജീവികൾ കൂടുതലും ചെമ്മീനും കൊഞ്ചുമാണ് എന്ന് പഠനത്തിന്റെ സഹ രചയിതാക്കളിൽ ഒരാളായ ഹീതർ ബ്രാക്കൻ-ഗ്രിസം(Heather Bracken-Grissom) അഭിപ്രായപ്പെടുന്നു. സമുദ്രത്തിൽ കാണപ്പെടുന്ന ചെമ്മീൻ സാധാരണയായി ഒന്നിലധികം ലാർവ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നും ചില ജീവികൾ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്നും ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ബ്രാക്കൻ-ഗ്രിസം അഭിപ്രായപ്പെടുന്നു.
ഡൈവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ലാർവ ഇനങ്ങളെ തിരിച്ചറിയാൻ ഡിഎൻഎ ബാർകോഡിംഗും മോർഫോളജിക്കൽ രീതികളും ഉപയോഗിച്ചതായി ഗവേഷകർ എഴുതുന്നു. സർവകലാശാലയുടെ വാർത്താക്കുറിപ്പ് അനുസരിച്ച്, ബ്രാക്കൻ-ഗ്രിസം ആഴക്കടൽ ജീവികളെ കണ്ടെത്തുന്നതും പേര് നല്കുന്നതും ആദ്യമായിട്ടല്ല. 2012 -ൽ, അതേ ജനിതക രീതികൾ ഉപയോഗിച്ച് സെറാറ്റാസ്പിസ് മോൺസ്ട്രോസ എന്നറിയപ്പെടുന്ന ജീവികളെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞിരുന്നു.
ബ്രാക്കൻ-ഗ്രിസം പറയുന്നത് അനുസരിച്ച് പല ജീവികളും സമുദ്രത്തിന്റെ മെസോപെലാജിക് മേഖലയിലാണ് ജീവിക്കുന്നത്, 650 മുതൽ 3,200 അടി വരെയാണ് (200 മുതൽ 1,000 മീറ്റർ വരെ) ഇത്. പ്രായപൂർത്തിയായപ്പോൾ, ഈ ജീവികൾ സമുദ്രത്തിന്റെ ആഴങ്ങളിലായി കൂടുതൽ വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. "മിക്കതും മത്സ്യങ്ങൾ, ആഴങ്ങളില് വസിക്കുന്ന സമുദ്ര സസ്തനികൾ, സെഫലോപോഡുകൾ എന്നിവയ്ക്കുള്ള ഇരയാണ്. അത് ഭക്ഷ്യ ശൃംഖലയ്ക്ക് പ്രധാനമാണ്" എന്നും ബ്രാക്കൻ-ഗ്രിസം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)