
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ഗാന്ധി.
'ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതിയെ ഹിന്ദു-സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ നീക്കം നടക്കുകയാണ്. ദേശീയ ഐക്യത്തിന് മേല്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ഇത് അധാര്‍മികവും തെറ്റായതുമായ പ്രവണതയാണ്. അപകടകരമായ ഇത്തരം നീക്കം ഒരു തലമുറയില്‍ വീണ്ടും മുറിവുകളുണ്ടാക്കാന്‍ ഇടയാക്കും. ഒരിക്കലും ദേശീയ ഐക്യത്തിന് മേല്‍ നീചമായ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുത്.'- വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന് കര്‍ഷകര്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റി നരനായാട്ട് നടത്തിയ സംഭവത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി വരുണ്‍ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു. അക്രമത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.
കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹലുണ്ടായിരുന്ന ബിജെപി നേതാവിന്റെ കാര്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ ഇടിച്ചുകയറുന്നത് വ്യക്തമായി വരുണ്‍ ഗാന്ധി പങ്കുവച്ച വീഡിയോയില്‍ കാണാമായിരുന്നു.
'വീഡിയോ വളരെ വ്യക്തമാണ്. കൊലപ്പെടുത്തി കര്‍ഷകരെ നിശ്ശബ്ദരാക്കാനാവില്ല. നിരപരാധികളായ കര്‍ഷകരുടെ ചോരയ്ക്ക് ഉത്തരവാദിത്തം പറയണം. ഓരോ കര്‍ഷകന്റെയും മനസ്സില്‍ ക്രൂരതയുടെയും സന്ദേശമെത്തുന്നതിന് മുമ്പ് നീതി ലഭ്യമാക്കണം.'- അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പങ്കില്ലെന്ന ബിജെപി വാദങ്ങളുടെ മുനയൊടിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെ വരുണ്‍ ഗാന്ധിയെയും മനേകാ ഗാന്ധിയെയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രിയുടെ മകന് ആശിഷ് മിശ്രയെ അറസ്റ്റുചെയ്തിരുന്നു. ഇയാളെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
തുടരെ തുടരെയുള്ള ട്വീറ്റുകള്‍ ബി ജെ പിക്ക് തലവേദനയാവുന്നു
ലഖിംപുര്‍ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം കയറ്റി ജീവന് അപഹരിച്ച കേന്ദ്ര മന്ത്രിയുടെ മകന് ഉള്‍പ്പെട്ട സംഭവത്തില്‍ വരുണ്‍ഗാന്ധിയുടെ തുടരെ തുടരെയുള്ള ട്വീറ്റുകള്‍ ബി ജെ പിക്ക് തലവേദനയാവുന്നു. ഒമ്പത് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ സഹിതം പങ്കുവച്ചാണ് അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് വരുണ്‍ ആവശ്യപ്പെട്ടത്.
കേന്ദ്രമന്ത്രിയുടെ മകനെ കേസില്‍ നിന്നും രക്ഷിക്കുവാന്‍ പൊലീസ് ആദ്യം മുതല്ക്കേ ശ്രമിച്ചിരുന്നു എങ്കിലും കോടതിയുടെ ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ ഒടുവില്‍ കേന്ദ്ര മന്ത്രിയുടെ മകന് ആശിശ് കുമാര്‍ മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)