
തിരുവനന്തപുരം: കൽക്കരി ക്ഷാമത്തെ തുടർന്ന് രാജസ്ഥാനിന് പിന്നാലെ കേരളത്തിലും പവർകട്ട്. ഊർജപ്രതിസന്ധി സംസ്ഥാനത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാൻ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കൽക്കരി ക്ഷാമം ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവർകട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജലവൈദ്യുത പദ്ധതികളെയാണ് കേരളം വൈദ്യുതി ഉത്പാദനത്തിന് ആശ്രയിക്കുന്നത്. എന്നാൽ അതുകൊണ്ട് കേരളത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്ന് പറയാൻ കഴിയില്ല. സംസ്ഥാനത്തിന് മൊത്തം ആവശ്യമുള്ളതിൽ 20 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽ നിന്ന് ലഭിക്കുന്നത്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിൽ കാര്യങ്ങൾ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോയാൽ കേരളത്തിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
കൽക്കരിക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. കൽക്കരിയുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
രാജ്യത്ത് കൽക്കരിയുടെ ലഭ്യതയിൽ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാൽ കേരളത്തിന് പുറത്തുനിന്നും ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നതെങ്കിലും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)