
സത്യത്തിൽ എല്ലാവരുടെയും ചോദ്യങ്ങൾ ഇതൊക്കെ തന്നെയായിരിക്കും എന്താണ് ഈ പാൻഡോറ പേപ്പേഴ്സ്? എന്തുകൊണ്ടാണ് പാൻഡോറ പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്? എന്നിവ. ആദ്യം എന്താണ് പാൻഡോറ പേപ്പറുകൾ ഇന്ന് നോക്കാം.
പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാൻഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പാൻഡോറ രേഖകളിൽ ഓഫ്ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.
പാൻഡോറ രേഖകൾ പ്രകാരം 380 ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ട്.
പാൻഡോറ രേഖകൾ വെളിപ്പെടുത്തുന്നത് എന്ത് ?
പാൻഡോറ റിപ്പോര്‍ട്ട് ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചു വെച്ച ഇടപാടുകളിലേക്കും, ലക്ഷം കോടി കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്.
ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്ഷോർ കമ്പനികളുമായി ചേർന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് എന്ന് രേഖകൾ വെളിപ്പെടുത്തുന്നു.
പാൻഡോറയിൽ കുരുങ്ങിയത് ആരൊക്കെ ?
ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിന് തെണ്ടുല്‍ക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിൻ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു. ദ്വീപിലെ സാസ് ഇന്റർനാഷണല്‍ ലിമിറ്റഡ് എന്ന കമ്പനയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്.
പാൻഡോറയിലെ ഇന്ത്യൻ പ്രമുഖർ ആരെല്ലാം
- സച്ചിൻ തെൻഡുൽക്കർ (ക്രിക്കറ്റ് താരം, രാജ്യസഭ മുൻ അംഗം)
സച്ചിൻ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മെഹ്ത എന്നിവരുടെ പേരിലായിരുന്നു സമ്പാദ്യം. ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ (ബിവിഐ) വർഷങ്ങൾക്കു മുൻപു തന്നെ ബെനിഫിഷ്യൽ ഓണർ എന്ന നിലയിൽ ഒരു കമ്പനിയുടെ ഭാഗമായിരുന്നു. കോടിക്കണക്കിനു രൂപ വില മതിക്കുന്ന ഓഹരികളായിരുന്നു ഇതിൽ സച്ചിന്റെ ഭാര്യയ്ക്കുണ്ടായിരുന്നത്. സ്വിറ്റ്സർലൻഡിലും ഇടപാടുകളുണ്ടായി. എന്നാൽ, നികുതി ഇടപാടുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്നു സച്ചിന്റെ ഓഫിസ് അറിയിച്ചു.
- അനിൽ അംബാനി (വ്യവസായി)
ആഭരണങ്ങൾ വിറ്റിട്ടാണ് അഭിഭാഷകനു ഫീസ് കൊടുത്തതെന്ന് അടുത്തിടെ കോടതിയെ അറിയിച്ച റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് ന്യൂജഴ്സി, ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ്, സൈപ്രസ് എന്നിവിടങ്ങളിൽ അനധികൃത നിക്ഷേപമുണ്ട്. ലഭ്യമായ കണക്കുപ്രകാരം 130 കോടി ഡോളറിന്റെ ഇടപാടുകളാണു നടന്നത്.
- ഇക്ബാൽ മിർച്ചി (അധോലോക കുറ്റവാളി)
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അധോലോക കുറ്റവാളി ഇക്ബാൽ മിർച്ചിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിടെയാണു പുതിയ വെളിപ്പെടുത്തലുകൾ.
- ജാക്കി ഷ്റോഫ് ( നടൻ)
ഭാര്യാമാതാവ് ന്യൂസീലൻഡിൽ സ്ഥാപിച്ച ട്രസ്റ്റിന്റെ പ്രധാന പ്രയോജനം ജാക്കി ഷ്റോഫിനാണെന്നു പാൻഡോറ രേഖകൾ പറയുന്നു. ഷ്റോഫ് നേരിട്ടും ഇതിൽ നിക്ഷേപം നടത്തി. ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിലെ കമ്പനി, സ്വിസ് ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
- വിനോദ് അദാനി (വ്യവസായി)
പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനി സൈപ്രസ് പൗരനും ദുബായിൽ സ്ഥിരതാമസക്കാരനുമാണ്. 2018 ൽ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ സ്ഥാപിച്ച കമ്പനിയുടെ മുഴുവൻ ഓഹരികളും ഇദ്ദേഹത്തിന്റെ പേരിലാണ്. പാനമ രേഖകളിലും പേരുണ്ടായിരുന്നു.
- കിരൺ മജൂംദാർ ഷാ (വ്യവസായി)
കുനാൽ കശ്യപ് എന്ന ധനകാര്യ ഉപദേഷ്ടാവിന്റെ സഹായത്തോടെ നടത്തിയ ഇടപാടുകളാണ് ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരൺ മജൂംദാറിന്റെയും ഭർത്താവ് ജോൺ ഷായുടെയും വിദേശ നിക്ഷേപങ്ങളെ സംശയനിഴലിൽ നിർത്തുന്നത്. സിംഗപ്പൂർ കേന്ദ്രമായ ട്രസ്റ്റ് വഴിയാണ് നിക്ഷേപങ്ങൾ നിയന്ത്രിച്ചിരുന്നത്.
- നീര റാഡിയ(കോർപറേറ്റ് ഇടനിലക്കാരി)
2 ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് 2010ൽ മാധ്യമങ്ങളിൽ നിറഞ്ഞ നീര റാഡിയയുടെ പേര് പാനമ രേഖകളിലും ഉൾപ്പെട്ടിരുന്നു. 12 ഓഫ്ഷോർ കമ്പനികൾ നീര റാഡിയ രഹസ്യസ്വത്തു നിക്ഷേപത്തിനായി ഉപയോഗിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
- സമീർ ഥാപ്പർ (വ്യവസായി)
ജെസിടി ലിമിറ്റഡ് ചെയർമാനായ സമീർ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിലാണ് (ബിവിഐ) നിക്ഷേപം നടത്തിയത്. ഒരു കമ്പനിയിലെ മുഴുവൻ ഓഹരികളും സൻഹ ഇന്റർനാഷനൽ ലിമിറ്റഡിന്റെ ബെനിഫിഷ്യൽ ഓണറുമാണു സമീർ. 2009 ൽ ബിവിഐയിൽ സ്ഥാപിച്ച മസ്ക് ഹോൾഡിങ്സ് എന്ന സ്ഥാപനത്തെ ജെസിടിയിൽ ഓഹരി പങ്കാളിയാക്കിയിരുന്നു.
- അജിത് കേർകർ (വ്യവസായി)
ട്രാവൽ ആൻഡ് ടൂർസ് കമ്പനിയായ കോക്സ് ആൻഡ് കിങ്സ് ഉടമകളിലൊരാളായ അജയ് കേർക്കർ ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ 2 ട്രസ്റ്റുകൾ വഴിയാണു നിക്ഷേപം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 നവംബറിൽ അറസ്റ്റിലായിരുന്നു.
- പുർവി മോദി (വ്യവസായി)
വിവാദ വ്യവസായി നീരവ് മോദിയുടെ സഹോദരിയും കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പുകേസിലെ പ്രതിയും. നീരവ് ഇന്ത്യ വിടുന്നതിനു ഒരു മാസം മുൻപായിരുന്നു പുർവി ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സിൽ നിക്ഷേപം നടത്തിയത്.
- സതീഷ് ശർമ (മുൻ കേന്ദ്രമന്ത്രി)
അന്തരിച്ച കോൺഗ്രസ് നേതാവിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ 10 പേർ ഗുണഭോക്താക്കളായ ട്രസ്റ്റുകളാണ് ആരോപണത്തിനു കാരണം. കരീബിയൻ കെയ്മെൻ ദ്വീപുകളിൽ നിക്ഷേപം നടത്തുമ്പോൾ സതീഷ് ശർമ കേന്ദ്രമന്ത്രിയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)