
ലക്ഷിംപൂര്‍ ഖേരി: യുപിയിലെ ലക്ഷിംപൂര്‍ ഖേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷകരുടെ ഇടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും വാഹനവ്യൂഹത്തിലെ വാഹനമാണ് സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ പ്രദേശത്ത് കര്‍ഷകര്‍ ഉപരോധ സമരം നടത്തിയിരുന്നു. രണ്ട് പ്രതിഷേധക്കാരുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതായി കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ ഏതാനും വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വാഹനങ്ങള്‍ കത്തുന്ന വീഡിയോ സാമൂഹികമാധ്യങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
'ഉപമുഖ്യമന്ത്രി ഇറങ്ങാനിരുന്ന ഹെലിപ്പാഡ് ഉപരോധിക്കാന്‍ കര്‍ഷകര്‍ പദ്ധതിയിട്ടിരുന്നു. ഉപരോധം കഴിഞ്ഞ് മടങ്ങുന്ന കര്‍ഷകരുടെ ഇടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു.'- കര്‍ഷക നേതാവായ ഡോ. ദര്ശന് പാല് പറഞ്ഞു. കര്‍ഷക നേതാവ് തജേന്ദ്ര എസ് വിക്രമിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ലക്ഷിമൂര് ഖേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപമുഖ്യമന്ത്രി ഖേരിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് സ്ഥലത്തെത്തിയത്. സംഭവത്തെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിയുടെ മകനായ ആഷിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)