
ആലുവ: രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസിന്റെ (25) ഹൃദയം, കരൾ, കൈകൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തു.
കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്ററിൽ ചികിത്സയിലുള്ള രോഗിയിലാണു ഹൃദയം തുന്നിച്ചേർത്തത്. വൃക്കകളിൽ ഒന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും മറ്റൊന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും. കൈകൾ കൊച്ചി അമൃത ആശുപത്രിയിലും നേത്രപടലങ്ങൾ അങ്കമാലി എൽഎഫ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കു നൽകി. കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കു തന്നെയാണു നൽകിയത്.
വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിൽ സാജൻ മാത്യുവിന്റെയും ഷെറിന്റെയും മകനും ഫ്രാൻസിൽ അക്കൗണ്ടിങ് ബിരുദാനന്തര ബിരുദ വിദ്യാർഥിയുമായ നേവിസിന്റെ മസ്തിഷ്ക മരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. വീട്ടിലിരുന്ന് ഓൺലൈനായാണു നേവിസ് പഠിച്ചിരുന്നത്. 16നു രാത്രിയിലെ പഠനം കഴിഞ്ഞു കിടന്ന യുവാവ് ഉണരാൻ വൈകി. സഹോദരി വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിലായിരുന്നു. തുടർന്നു കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്നം.
ആരോഗ്യനിലയിൽ പുരോഗതി ഇല്ലാത്തതിനാൽ 20ന് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രി മസ്തിഷ്ക മരണം സംഭവിച്ചതോടെ നേവിസിന്റെ മാതാപിതാക്കൾ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായി. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
കോഴിക്കോട്ടെ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാർ കൊച്ചിയിലെത്താൻ സമയമെടുക്കും എന്നതിനാൽ എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണു ഹൃദയം ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്.
ഹൃദയം വഹിച്ചുള്ള ആംബുലൻസിന്റെ കോഴിക്കോട്ടേക്കുള്ള യാത്ര സുഗമമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഗതാഗത സൗകര്യങ്ങൾ ഒരുക്കി.
നേവിസിന്റെ മൃതദേഹം പാലാ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ചൊവ്വ രാവിലെ കളത്തിപ്പടിയിലെ വീട്ടിൽ കൊണ്ടു വരും. സംസ്കാരം 12.30നു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)