
മയക്കുമരുന്ന് വ്യാപാരത്തിലൂടെ ആഗോള വിപണി പിടിച്ചെടുത്ത താലിബാൻ അഫ്ഗാനിൽ അധികാരത്തിലേറിയതോടെ ലഹരിക്കടത്തും വ്യാപാരവും നിരോധിക്കാൻ പദ്ധതിയിടുന്നു എന്ന് സൂചന. അഫ്ഗാനിസ്ഥാന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് മയക്കുമരുന്ന് കൃഷിയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്
കാണ്ഡഹാർ, ഉറുസ്ഗാൻ, മസാറെ ഷെരീഫ് എന്നീ പ്രദേശങ്ങളിലാണ് കറുപ്പ് കൃഷി വ്യാപകമായിട്ടുള്ളത്. കിലോഗ്രാമിന് 70 മുതൽ 200 യു എസ് ഡോളർ വരെയാണ് അന്താരാഷ്ട്ര വിപണിയിൽ കറുപ്പിന്റെ വില. ഏറ്റവും വില കൂടിയ മയക്കുമരുന്നായ ഹെറോയിൻ ഉല്പാദനത്തിന് പ്രധാന ചേരുവയായ കറുപ്പ് നിർണായകഘടമാണ്.
എന്നാൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് അന്താരാഷ്ട്ര പിന്തുണ ഉറപ്പു വരുത്താനായി ഭീകരവാദം, മയക്കുമരുന്ന് മാഫിയ എന്നീ സാമൂഹ്യ തിന്മകൾക്ക് പ്രോത്സാഹനം നൽകേണ്ടതില്ല എന്ന് താലിബാനിലെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നുണ്ട്.
അതിനിടെ താലിബാൻ രാജ്യം ഏറ്റെടുത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടയിലും അഫ്ഗാനിസ്ഥാനിൽ നിന്നും കടത്തിയ ഏകദേശം മൂന്ന് ടൺ ഹെറോയിൻ ഗുജറാത്ത് തുറമുഖത്ത് പിടിച്ചെടുത്തത് കഴിഞ്ഞ ദിവസമാണ്.
കടത്തലുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അന്വേഷണം തുടരുകയും ചെയ്യുന്നതായാണ് അറിയുന്നത്.
മയക്കുമരുന്ന് അടങ്ങിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 15 ന് പടിഞ്ഞാറൻ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്താണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) രണ്ട് കണ്ടെയ്നറുകൾ പിടിച്ചെടുത്തത്.
വിജയവാഡയിലെ ഒരു സ്ഥാപനമാണ് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
“ഇതുവരെ നടന്ന അന്വേഷണത്തിൽ കടത്തിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുണ്ടെന്നും വെളിപ്പെടുത്തുന്നു, എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡിആർഐ ഉദ്യോഗസ്ഥർ വിസമ്മതിക്കുകയാണ്.
മയക്കുമരുന്ന് ഡൽഹിയിലേക്കാണ് കൊണ്ടുപോയതെന്നും അറസ്റ്റിലായ രണ്ടുപേരും വിജയവാഡയിലെ ഒരു വീട്ടുവിലാസത്തെ അടിസ്ഥാനമാക്കി ഒരു ഇറക്കുമതി-കയറ്റുമതി ലൈസൻസ് തേടിയതായും വിജയവാഡയിലെ പോലീസ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഈ കണ്ടെയ്നറുകൾ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സെമി-പ്രോസസ്ഡ് ടാൽക്ക് കല്ലുകൾ അടങ്ങിയതായി കാണിച്ചു കൊണ്ട് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്ന് ഗുജറാത്ത് മുന്ദ്ര തുറമുഖത്തേക്ക് അയക്കുകയും ചെയ്തതാണെന്നും, പിന്നീട് ഫോറൻസിക് പരിശോധനയിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഗുജറാത്തിലെ മുന്ദ്ര തുറമുഖം പൂർണ്ണമായും പ്രൈവറ്റ് ഗ്രൂപ്പിന്റെ അധീനതയിലുള്ളതാണെന്നതും കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നതായി വിലയിരുത്തുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)