
ചവറ: നടക്കാന്‍ പോലുമാകാതെ പൂര്‍ണമായും ചെളിക്കുളമായി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതത്തിലായിട്ടും അധികാരികൾ കണ്ടമട്ടില്ല. ശങ്കരമംഗലം തൊടിന് വടക്ക് മടപ്പള്ളി വാർഡുകളിലെ അതിര് പങ്കിടുന്ന തൈക്കാട് ബാലവാടി റോഡാണ് നവീകരണം നടപ്പാക്കാതെ കിടക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല.
മെറ്റലിളകി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര ദുരിതം വിതയ്ക്കുന്നതാണ്. മഴക്കാലമായാൽ കുഴികളിൽ വീണ് ഇരുചക്ര വാഹനത്തിൽ വരുന്നവർ അപകടത്തിൽ പെടുന്നത് പതിവായി വരുകയാണ് ഇവിടെ.
പ്രദേശത്തെ മറ്റു റോഡുകൾ നവീകരിച്ചപ്പോൾ ഈ റോഡിനെ മറന്നു. ഇപ്പോൾ ശങ്കരമംഗലം എത്താൻ മറ്റു റോഡുകളെ ആശ്രയിക്കുകയാണ് നാട്ടുകാർ.
ഓട്ടോറിക്ഷപോലും വരാൻ മടിക്കുന്നു
ശങ്കരമംഗലത്തെത്തുന്നവർ വീടുകളിലെത്താനും ആശുപത്രിയിൽ പോകാനും മറ്റും ഓട്ടംവിളിച്ചാൽ ഈ റോഡിലൂടെ വരാൻ പലരും മടിക്കുകയാണ്. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് നടന്നു പോകുവാനെ സാധിക്കു.
'റോഡിന്റെ ദയനീയാവസ്ഥ കാരണം പലപ്പോഴും ഇതുവഴിയുള്ള ഓട്ടം പോലും വേണ്ടെന്നുവയ്ക്കുകയാണ്. നിരവധി കുഴികൾ ഉള്ളതിനാൽ ഓട്ടോയ്ക്ക് തകരാർ പറ്റും. അതുകൊണ്ടാണ് യാത്ര ഒഴിവാക്കേണ്ടി വരുന്നത്. അധികൃതർ ഇടപെട്ട് റോഡ് നന്നാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയാൽ അനുഗ്രഹമാണ്.'- ഓട്ടോ ഡ്രൈവർ ബാലചന്ദ്രൻ പിള്ള പറഞ്ഞു.
നവീകരണം നടന്നിട്ടു പത്തുവർഷം
റോഡ് നവീകരണം നടന്നിട്ട് പതിറ്റാണ്ടാക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സി.പി. സുധീഷ് കുമാറിന്റെ ശ്രമഫലമായാണ് വർഷങ്ങൾക്ക് മുൻപ് റോഡ് പണി നടന്നത്.
എന്നാൽ റോഡുനവീകരണവുമായി മുന്നോട്ടുപോകുമെന്ന് പഴഞ്ഞിക്കാവ് വാർഡ് അംഗമായ പി.ആർ ജയപ്രകാശ് പറഞ്ഞു. തൈക്കാവ്-ബാലവാടി റോഡിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി എത്രയും പെട്ടെന്ന് റോഡ് നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തും. വര്‍ഷങ്ങളായി നവീകരണം നടക്കാത്തതിനാൽ റോഡിൽ പലയിടത്തും കുഴികളാണ്. മഴമാറിയാൽ റോഡിന്റെ പണികൾ ആരംഭിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)