
പെട്രോൾ വില കൂടുന്നതനുസരിച്ച് രാജ്യത്ത് വൈദ്യുത കാർ (ഇവി) റജിസ്ട്രേഷനിൽ കേരളം രണ്ടാമതെത്തി. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. വൈദ്യുതി ഉപയോഗിച്ചുള്ള മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതും കൂടി. മഹാരാഷ്ട്രയിൽ ഈ വർഷം ഇതുവരെ 1327 വൈദ്യുത കാറുകളാണു റജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഇത് 878 ആയി. ഡൽഹി– 836, കർണാടക–689, ഗുജറാത്ത്–318 എന്നിവ തൊട്ടുപിന്നിലുണ്ട്. രാജ്യത്ത്, കഴിഞ്ഞ 2 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്തതും ഈ അഞ്ച് സംസ്ഥാനങ്ങൾ തന്നെ.
മുച്ചക്ര വാഹന റജിസ്ട്രേഷനിൽ ഡൽഹിയാണ് ഒന്നാമത്(8060). വൈദ്യുത ഇരുചക്ര വാഹനങ്ങൾ കൂടുതലായി റജിസ്റ്റർ ചെയ്തതു കർണാടകയിൽ (14209). നിലവിൽ സർക്കാർ തലത്തിൽ 14 ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കി. 100 ചാർജിങ് സ്റ്റേഷനുകൾ കൂടി തുടങ്ങാനും തീരുമാനിച്ചു. സംസ്ഥാനത്തു സർക്കാർ വകുപ്പുകൾ ഡീസൽ, പെട്രോൾ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനു പകരം അനെർട്ട് വഴി വൈദ്യുത കാറുകൾ പാട്ട വ്യവസ്ഥയിൽ എടുക്കണമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ ഉത്തരവിറക്കിയിരുന്നു. തുടർന്നു 16 സർക്കാർ വകുപ്പുകളിൽ 120 പുതിയ വൈദ്യുത കാറുകൾ നൽകി പ്രവർത്തനക്ഷമത വിലയിരുത്തിയിരുന്നു. ഇതും റജിസ്ട്രേഷൻ കൂടാൻ വഴിയൊരുക്കി. ദീർഘദൂര യാത്ര ചെയ്യുമ്പോൾ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ കുറവാണ് ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുമ്പോഴുള്ള പോരായ്മ. ഇതു പരിഹരിക്കാൻ കെഎസ്ഇബി, അനെർട്ട് എന്നിവ വഴി പദ്ധതികൾ നടപ്പാക്കി വരികയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)