
കേരള തീരത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചു. താലിബാന് ജയിലിലുകളില്‍നിന്നു തുറന്നുവിട്ട ഐഎസ് മലയാളികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് നടപടി. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പോലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കി.
സംസ്ഥാനത്ത് 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റല്‍ ഐജി പി.വിജയന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) , ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എസ്എസ്ബി വിഭാഗങ്ങള്‍ തീരമേഖലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചു. തീരദേശവുമായി ബന്ധപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തീരപ്രദേശവുമായി ബന്ധപ്പെട്ട് അപരിചിതരെ കണ്ടാല്‍ അറിയിക്കണമെന്നു മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കോസ്റ്റല്‍ പോലീസ് മുന്നറിയിപ്പ് നല്കി. കൂടാതെ തീരമേഖലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നു കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരം.
കേരളത്തിലും കര്ണാടകയിലുള്ളവരാണിവര്. താലിബാന് ഇവരെ തുറന്നുവിട്ടിരുന്നു. പാക്കിസ്ഥാന് വഴി കടല്‍മാര്‍ഗം സംഘം ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ എത്തിയാല്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കേണ്ടതായുണ്ട്.
അതേസമയം, മനുഷ്യാവകാശലംഘനത്തിന്റെ പേരു പറഞ്ഞ് ഇവരെ സംരക്ഷിക്കാന്‍ ചിലര്‍ രംഗത്തെത്തുകയും ക്രമസമാധാന പ്രശ്നങ്ങള്‍ക്കു വരെ സാധ്യതയുണ്ടെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇത്തരം തീവ്ര ആശയങ്ങളുമായി ഐഎസില്‍ പോയവരെ അനുകൂലിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്.
ഐഎസ് ബന്ധത്തെ തുടര്‍ന്ന് യുഎഇയില്‍നിന്ന് നാടുകടത്തിയ കോഴിക്കോട് സ്വദേശിയെയും നിരീക്ഷിക്കുന്നുണ്ട്. അതേസമയം ഈ യുവാവിന് ഇപ്പോള്‍ ഇത്തരം ആശയങ്ങളുള്ളവരുമായി അടുപ്പമില്ലെന്നാണ് പ്രാഥമിക നിഗമനം.
കോസ്റ്റല്‍ പോലീസിന്റെ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളിലായി സംശയാസ്പദമായ സാഹചര്യത്തില്‍ നാല് ബോട്ടുകള്‍ പിടികൂടിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകളാണ് മതിയായ രേഖകളില്ലാതെ കേരള തീരത്ത് എത്തിയത്. ബോട്ടുകളില്‍ വിശദമായി പരിശോധന നടത്തുകയും മത്സ്യതൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതിനു ശേഷം മറ്റു സംശയങ്ങളില്ലാത്തതിനെത്തുടര്ന്ന് ഇവരെ പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു.
കോഴിക്കോട് കഴിഞ്ഞ ദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ കോസ്റ്റല്‍ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ആക്രി സാധനങ്ങള്‍ വാങ്ങാനായി എത്തിയതാണെന്നു ബോധ്യപ്പെട്ടു. ഇവരുടെ പശ്ചാത്തലവും മറ്റും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.
തീരദേശത്തെ ജനപ്രതിനിധികള്‍, ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, മറൈന്‍ എന്‍ഫോഴ്സ്, മത്സ്യതൊഴിലാളികള്‍, വള്ളം, ബോട്ടുടമകള്‍, ലേലം വിളിക്കാനായി ഹാര്‍ബറില്‍ സ്ഥിരമായി എത്തുന്നവര്‍ എന്നീ തീരദേശമേഖലയുമായി സ്ഥിരമായി ബന്ധപ്പെടുന്നവരെ ഉള്‍പ്പെടുത്തിയുള്ള ഹാര്‍ബര്‍ സമിതി തീരദേശത്തെ സുരക്ഷ സംബന്ധിച്ച് കോസ്റ്റല്‍ പോലീസിനെ സഹായിക്കുന്നുണ്ട്.
അപരിചിതരായവര്‍ തീരത്ത് എത്തിയാല്‍ അക്കാര്യം ഹാര്‍ബര്‍ സമിതി പരിശോധിച്ചുറപ്പുവരുത്തും. തീരമേഖലയുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും കൈമാറുന്നതില്‍ ഇത്തരം സമിതികള്‍ വഹിക്കുന്ന പങ്ക് വലുതാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)