
രാജ്യത്ത് എയർ ടാക്സി സർവീസ് യാഥാർഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കേന്ദ്രസർക്കാരിന്റെ പുതിയ ഡ്രോൺ ചട്ടത്തിലൂടെയാണ് ഇത് യാഥാർഥ്യമാക്കാൻ പോകുന്നത്. നിരത്തുകളിൽ ഓടുന്ന ഊബർ ടാക്സികൾക്ക് സമാനമായി വായുവിലൂടെ എയർ ടാക്സികൾ ഓടുന്ന കാലം അധികം വിദൂരമല്ലെന്നും പുതിയ ഡ്രോൺ ചട്ടത്തിന് കീഴിൽ രാജ്യത്ത് എയർ ടാക്സി സർവീസ് സാധ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഡ്രോൺ ഉപയോഗത്തിന് കർശന വ്യവസ്ഥകളുമായി കേന്ദ്രം പുതിയ ചട്ടങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രിയുടെ പ്രതികരണം. പുതിയ ചട്ടങ്ങൾ പ്രകാരം ഡ്രോണുകൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പറും ഓൺലൈൻ രജിസ്ട്രേഷനും ആവശ്യമാണ്. ലൈസൻസ് ഫീസും കുറച്ചു. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ ഭാരപരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാമായും വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്സികളും ഉൾപ്പെടുന്നു.
ആഗോള തലത്തിൽ എയർ ടാക്സികൾ യാഥാർഥ്യമാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. നിരവധി സ്റ്റാർട്ട് അപ് കമ്പിനികൾ ഇതിനായി മുന്നോട്ടുവരുന്നുണ്ട്. രാജ്യത്തെ പുതിയ ഡ്രോൺ ചട്ടത്തിലൂടെ ഊബർ പോലുള്ള ഓൺലൈൻ ടാക്സി സർവീസുകൾക്ക് സമാനമായി എയർ ടാക്സികൾ വായുവിലൂടെ പറക്കുന്നത് കാണാനാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2025-ഓടെ എയർ ടാക്സി സർവീസ് തുടങ്ങുമെന്ന് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും അറിയിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ വ്യവസ്ഥചെയ്യുന്ന ചട്ടങ്ങൾ പുറത്തിറക്കിയത്. ആഗോളതലത്തിൽ നിരവധി കമ്പനികൾ എയർ ടാക്സി നിർമാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)