
ഇപ്പോൾ നാം ചർച്ച ചെയ്യുന്ന താലിബാൻ വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്നു നാം അറിഞ്ഞിരിക്കണം. അതിന്റെ ചരിത്രവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന താലിബാൻ അഫ്ഗാൻ ചർച്ചകൾ ടെലിവിഷനിൽ മാത്രം ഒതുങ്ങിപ്പോകേണ്ട ഒന്നല്ല. ഇതിന്റെ ചരിത്രത്തിലേക്ക് നമുക്കൊന്നു പോകാം...
90 ദിവസത്തിനുള്ളിൽ കാബൂൾ പിടിച്ചടക്കി അഫ്ഗാനിസ്താനെ താലിബാൻ പൂർണ്ണ നിയന്ത്രണത്തിലാക്കുമെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. എന്നാൽ ഇതിന് 90 ദിവസം അവർക്ക് വേണ്ടി വന്നില്ല. റിപ്പോർട്ട് വന്ന് മണിക്കൂറുകൾ പിന്നിടുംമുമ്പേ അഫ്ഗാനിസ്താനെ താലിബാൻ കീഴടക്കിക്കഴിഞ്ഞിരുന്നു. യുഎസ് സൈന്യം തുരത്തിയതിന് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് താലിബാൻ കാബൂൾ തിരികെ പിടിക്കുന്നത്. ജൂലൈ ആദ്യം തൊട്ട് യുഎസ് തങ്ങളുടെ സൈന്യത്തെ പിൻവലിച്ച് തുടങ്ങിയത് മുതലാണ് താലിബാൻ അഫ്ഗാനിസ്താനെ കീഴ്പ്പെടുത്തൽ വേഗത്തിലാക്കിയത്.
എന്നാൽ ഈ താലിബാൻ എന്താണെന്നും നാം അറിഞ്ഞിരിക്കണം. തീവ്രവാദവുമായി ചേർത്ത് വായിക്കുന്നിടത്തെല്ലാം അൽഖ്വയ്ദക്കൊപ്പം താലിബാന്റെ പേരുകളും പതിഞ്ഞിരുന്നു. ഇപ്പോൾ ഒരു രാജ്യം തന്നെ അവർ തങ്ങളുടെ കാൽപ്പിടിയിലേക്ക് ഒതുക്കി മാറ്റുന്നു. അവരുടേതായ നിയമങ്ങൾ, ഭരണഘടന സർവ്വസ്വവും അവർ തിരുത്തി എഴുതുന്നു.
അഫ്ഗാൻ പോലെ താരതമ്യേനെ അശക്തരായ ഒരു രാജ്യത്തിന് നേരിടാനാവുന്നതിലുമപ്പുറം താലിബാൻ എന്ന പ്രസ്ഥാനത്തിന് പിന്നിൽ ചില കഥകളുണ്ട്.
എന്താണ് താലിബാൻ?
വിദ്യാർഥി എന്നർഥമുള്ള താലിബ് എന്ന് അറബി വാക്കിൽ നിന്നാണ് താലിബാൻ എന്ന പദമുണ്ടായത്. അഫ്നിലെ സോവിയറ്റ് പിന്മാറ്റത്തിന് പിന്നാലെ രാജ്യത്തെ കടുത്ത ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടു. ഇത് അപകടരമായ അവസ്ഥയിലേക്ക് പോകും മുൻപ് താലിബാൻ എന്ന സംഘടന അവിടെ ഇടപെടുന്നു.
1994-ലാണ് താലിബാൻ രൂപീകൃതമായത്. 1980-കളിൽ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുജഹിദീൻ എന്നറിയപ്പെടുന്ന മുൻ അഫ്ഗാൻ പ്രതിരോധ പോരാളികളായിരുന്നു ഇതിന് രൂപംകൊടുത്തത്. ഇസ്ലാമിക് നിയമങ്ങൾ രാജ്യത്ത് അടിച്ചേൽപ്പിക്കുകയും വിദേശ സ്വാധീനം എടുത്തുകളയുമായിരുന്നു ഇവരുടെ ലക്ഷ്യം. 1996-ൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് കർശന സ്ത്രീവിരുദ്ധ നിയമങ്ങളാണ് നടപ്പാക്കിയത്. സ്ത്രീകൾ തല മുതൽ കാൽ വരെ മറയുന്ന വസ്ത്രം ധരിക്കണം, സ്ത്രീകളെ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിച്ചിരുന്നില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനും അനുമതിയില്ല. ടെലിവിഷൻ, സംഗീതം, ഇസ്ലാമിക് അല്ലാത്ത ആഘോഷങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നിരോധനമേർപ്പെടുത്തി.
താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്. കാര്യങ്ങളെല്ലാം മുന്നോട്ട് പോകുമ്പോഴാണ് ചില തീവ്രവാദ നേതാക്കളെ താലിബാൻ അഫ്ഗാനിൽ ഒളിവിൽ താമസിപ്പിച്ചത്. ഇതിൽ ഒസാബ ബിൻലാദനും അടങ്ങുന്നു.
ഇത് അമേരിക്കയെ ചൊടിപ്പിച്ചു. സോവിയറ്റ് പിന്മാറ്റത്തോടെ ഉപേക്ഷിച്ച ആ ശ്രദ്ധ അമേരിക്കയും രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും താലിബാന് മേൽ ആരംഭിച്ചു. 2001- ഓടെ നാറ്റോ താലിബാൻ കേന്ദ്രങ്ങൾക്ക് മേൽ ബോംബാക്രമണങ്ങൾ ആരംഭിച്ചു. ഡിസംബറോടെ മിക്കവാറും താലിബാൻ നേക്കളും രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് കടന്നു.
പാകിസ്താനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മുൻ നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്ന് 2016-ലാണ് ഹൈബത്തുള്ള അഖുൻസാദയെ പരമോന്നത നേതാവായി താലിബാൻ തിരഞ്ഞെടുത്തത്.
താലിബാൻ സഹസ്ഥാപകനായ മുല്ല അഹ്ദുൾ ഗനി ബറദറാണ് മറ്റൊരു പ്രധാന നേതാവ്. 2010-ൽ കറാച്ചിയിൽ വെച്ച് പിടിയിലായ ഇയാൾ 2013-ൽ മോചിക്കപ്പെട്ടിരുന്നു. താലിബാന്റെ രാഷ്ട്രീയ സമിതിയുടെ തലവനായ മുല്ല അഹ്ദുൾ ഗനി ബറദർ അടുത്തിടെ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പുതിയ സ്ഥിതിഗതികൾ
ജൂലൈ രണ്ടിനാണ് അമേരിക്കൻ സേനയുടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയായത്. ഇത് അവസരമെന്ന് കരുതിയ താലിബാൻ തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ വ്യാപിപ്പിച്ചു. അഫ്ഗാൻ സേനയ്ക്ക് ഇവരുടെ മുന്നിൽ അടിയറവ് പറയേണ്ടി വന്നു.
മറ്റ് രാജ്യങ്ങളെ പോലെ അല്ല. ശരിയത്താണ് താലിബാന്റെ നിയമം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്. ഇക്കാലത്ത് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ എന്നീ മൂന്നു രാജ്യങ്ങൾ മാത്രമേ താലിബാന്റെ സർക്കാരിനെ അംഗീകരിച്ചിരുന്നുള്ളൂ.
യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ടനുസരിച്ച് ഈ വർഷം ജൂണിൽ നഗരങ്ങൾക്ക് പുറത്തുള്ള അഫ്ഗാനിസ്താന്റെ ഭൂപ്രദേശത്തിന്റെ 50 മുതൽ 70 ശതമാനം വരെ നിയന്ത്രണം താലിബാൻ കൈപിടിയിലായിരുന്നു.
അഫ്ഗാൻ സർക്കാരിന് ഈ റിപ്പോർട്ട് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാൻ നേതൃത്വത്തിന് സമാധാന ശ്രമങ്ങളിൽ താത്പര്യമില്ലെന്നും രാജ്യം പിടിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ടിൽ വ്യക്തമാക്കി.
താലിബാന്റെ ലക്ഷ്യം
അഫ്ഗാനെ കീഴ്പ്പെടുത്തിയതിന് പിന്നാലെ പഴയതിൽ നിന്ന് വ്യത്യസ്തരാണ് തങ്ങളെന്ന് സ്വയം അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സമാധാന പ്രക്രിയയിൽ പ്രതിജ്ഞാബദ്ധരാണെന്ന് അവർ അവകാശപ്പെടുന്നു. സ്ത്രീകൾക്കുള്ള ചില അവകാശങ്ങൾ നിലനിർത്താൻ തയ്യാറാണെന്നും അവർ പറയുന്നു.
സ്ത്രീകൾക്ക് പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ തുടർന്നും അനുവദിക്കുമെന്ന് താലിബാൻ വാക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. നയതന്ത്രജ്ഞർക്കും മാധ്യമ പ്രവർത്തകർക്കുമടക്കം രാജ്യത്ത് പ്രവർത്തനം തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും അവർക്ക് അഫ്ഗാനിലെ ജനങ്ങൾക്കായി അവരുടെ പ്രവർത്തനങ്ങൾ നടത്താനാകുമെന്നും സുഹൈൽ ഷഹീൻ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിന് ശേഷം താലിബാൻ ഭരണം വീണ്ടും വരുമ്പോൾ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഒരു വിലയും ലഭിക്കില്ലെന്നാണ് നിരവധി നിരീക്ഷികർ ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ ഭയന്ന് ആയിരകണക്കിന് ആളുകൾ രാജ്യത്ത് നിന്ന് പാലായനം ചെയ്യുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി.
സ്ത്രീകൾളോട് കാണിക്കുന്നത് അനീതിയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരുവിധ വിലയും അവിടെ കല്പിക്കുന്നില്ല എന്ന് നമുക്ക് വ്യക്തമാക്കി തരുന്ന പല ദൃശ്യങ്ങളും നാം കണ്ടുകഴിഞ്ഞു.
താലിബാന്റെ ശക്തി
കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരു ട്രില്യൻ ഡോളറിലധികമാണ് യുഎസ് അഫ്ഗാനിൽ ചെലവഴിച്ചിട്ടുള്ളത്. അഫ്ഗാൻ സൈനികരേയും പോലീസുകാരേയും പരിശീലിപ്പിക്കുന്നതിനൊപ്പം ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും നൽകി.
യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ടനുസരിച്ച് ഫെബ്രുവരിയിൽ 3,08,000 പേരാണ് അഫ്ഗാനിസ്ഥാൻ സൈന്യത്തിലുള്ളത്. അതേ സമയം 58,000 മുതൽ ഒരു ലക്ഷം തീവ്രവാദികൾ മാത്രമാണ് താലിബാനുള്ളത്. കണക്കുകൾ വെച്ച് നോക്കുമ്പോൾ ഒരു അഫ്ഗാൻ സൈന്യത്തിനൊപ്പം ഒരു തരത്തിലും താലിബാൻ എത്തുന്നില്ല എന്നത് കൗതുകരമാണ്. അതേ സമയം തങ്ങളുടെ വിജയത്തിൽ ഒരു ആശ്ചര്യവുമില്ലെന്നും ജനങ്ങളുടെ പിന്തുണയോടെയാണ് നേട്ടമുണ്ടാക്കിയതെന്നുമാണ് താലിബാൻ പറയുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)