
രണ്ടുപതിറ്റാണ്ടുകാലം അഫ്ഗാനിസ്താനിലെ അമേരിക്കന്‍ എംബസിയില്‍ പാറിയ ദേശീയ പതാകയിനി ഉയരില്ല. അഫ്ഗാന് താലിബാന് നിയന്ത്രണത്തിലായതോടെ എംബസിയില്‍ നിന്ന് പതാക താഴ്ത്തിക്കെട്ടി. എംബസിയിലെ ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും ചെയ്തു. ജീവനക്കാരെ ഒഴിപ്പിച്ചെങ്കിലും എംബസി പൂട്ടില്ലെന്നാണ് അമേരിക്ക അറിയിച്ചത്.
ലോകരാജ്യങ്ങളുടെ ചെറുത്തുനിൽപ്പ്
അഫ്ഗാനിസ്താന് വിടാന്‍ ആഗ്രഹിക്കുന്ന വിദേശികളും സ്വദേശികളുമായവരെ സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിക്കണമെന്ന് 60 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളും രാജ്യാതിര്‍ത്തി കവാടങ്ങളും തുറക്കാന്‍ ആവശ്യപ്പെട്ട ഈ രാജ്യങ്ങള്‍, മനുഷ്യജീവനും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കാനും സുരക്ഷയും സമാധാനവും ഉറപ്പാക്കാനും അഫ്ഗാന്റ ഭരണ ഉത്തരവാദിത്തമുള്ളവരോട് ആവശ്യപ്പെട്ടു. അമേരിക്ക, ആസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ദക്ഷിണ കൊറിയ, ഖത്തര്‍, ബ്രിട്ടന് തുടങ്ങി 60 രാജ്യങ്ങളാണ് ആവശ്യമുന്നയിച്ചത്. കാബൂളിലെ ഇന്ത്യന്‍ എംബസി അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ഇന്ത്യയുടെ നാല് കോണ്‍സുലേറ്റുകളും അടച്ചിരുന്നു.
ഇന്ത്യ: കേന്ദ്രസർക്കാർ സഹായം
കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥരും സൈനികരും അടക്കം ഇരുന്നൂറോളം പേര് ഉണ്ടെന്നാണ് കണക്ക്. ഇവരെ തിരികെ കൊണ്ടു വരാനായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് യാത്രവിമാനങ്ങള്‍ ഇന്ന് വൈകിട്ടോടെ കാബൂളിലെത്തിയിരുന്നു. അതില്‍ ഒരു യാത്രാവിമാനം അല്പസമയം മുന്‍പ് ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയിലുള്ള ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനവും ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാന് വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം ഒരുക്കും.
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്
പരിഹരിച്ചിട്ടില്ലാത്ത പ്രശ്നമാണ് അഫ്ഗാനിൽ ഉള്ളതെന്നും ലോകം അഫ്ഗാനെ സഹായിക്കണമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. 20 വര്‍ഷത്തെ അമേരിക്കന്‍ ഇടപെടല്‍ പാഴ്വേലയായിരുന്നില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം പക്ഷേ, പടിഞ്ഞാറന്‍ ശക്തികള്‍ അഫ്ഗാനില്‍ ദീര്‍ഘവീക്ഷണം കാണിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിലെ അമേരിക്കന്‍ പരാജയം അവിടെ സ്ഥായിയായ സമാധാനം കൊണ്ടുവരാന്‍ വഴിതെളിക്കുമെന്ന് ഇറാന് പ്രസ്താവിച്ചു. മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്ഡേണ്, സ്ത്രീകളെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കണമെന്നും താലിബാനോട് അഭ്യര്‍ഥിച്ചു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരണങ്ങൾ
താലിബാന്റെ അഫ്ഗാന് കീഴടക്കല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്നും തങ്ങളുടെ എംബസി ജീവനക്കാരെ കാബൂളില്‍ നിന്ന് ഒഴിപ്പിക്കുമെന്നും റഷ്യയുടെ അഫ്ഗാന് കാര്യ ദൂതന് സാമിര്‍ കാബുലോവ് പറഞ്ഞു. തങ്ങളുടെ വലിയ സാന്നിധ്യം ഇല്ലാതാക്കാന്‍ കാബൂളില്‍നിന്ന് നൂറോളം എംബസി ജീവനക്കാരെ ഒഴിപ്പിക്കുമെന്നു പറഞ്ഞ കാബുലോവ്, അഫ്ഗാനിലെ റഷ്യന്‍ അംബാസഡര്‍ ഉടന്‍ തന്നെ താലിബാന് പ്രതിനിധിയുമായി ചര്‍ച്ച നടത്തുെമന്നും പ്രതികരിച്ചു. തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ അറിയിച്ചു. താലിബാന് അക്രമം വെടിയണമെന്ന് ആവശ്യപ്പെട്ട ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, രാജ്യത്തിന് ഇനിയുമൊരു ദുരന്തം താങ്ങാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഭയന്ന് അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പ്രതികരിച്ചു. അഫ്ഗാന് ജനത എത്തിപ്പെട്ട അവസ്ഥയില്‍ ഹൃദയവേദനയുണ്ടെന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പ്രതികരണം. പ്രത്യേക കുടിയേറ്റ പദ്ധതി വഴി അഫ്ഗാന് പൗരന്മാര്ക്ക് കാനഡയുടെ സുരക്ഷിതത്വം നല്‍കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാബൂളിലെ നയതന്ത്ര കാര്യാലയത്തില്‍ കുടുങ്ങിയത് 200ല്‍പരം ഇന്ത്യക്കാര്‍. നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും ഇന്ത്യന്‍ എംബസിയുടെ സംരക്ഷണത്തിന് നിയോഗിച്ച അര്‍ധസേന വിഭാഗമായ ഐ.ടി.ബി.പിയിലെ നൂറോളം പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ പേര് കാബൂളിനു പുറത്തുമുണ്ട്. ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ വ്യോമസേനയുടെ സി 17 വിമാനങ്ങള്‍ തയാറാക്കിനിര്ത്തിയെങ്കിലും എംബസി വളപ്പില്‍ നിന്ന് ഇന്ത്യക്കാരെ വിമാനത്താവളം വരെ എത്തിക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്.
സാഹചര്യങ്ങള്‍ കാബിനറ്റ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വൈകിയതിന് സര്‍ക്കാര്‍ വിമര്‍ശനം നേരിടുകയാണ്. അഫ്ഗാനിലെ സാഹചര്യങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പ് മോശമായിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി എടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. അഫ്ഗാന് വ്യോമമേഖലയില്‍ വാണിജ്യ വിമാനങ്ങള്‍ പറക്കുന്നതു വിലക്കിയതോടെ, അമേരിക്കയില്‍നിന്ന് ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി തിരിച്ചുവിടുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)