
വർക്കല സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയുടെ ജീവിതകഥ അറിഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉൾപ്പെടെ നിരവധി പ്രമുഖർ ആനിയെ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. ആനിയുടെ ജീവിതം സ്ത്രീകള്‍ക്ക് പ്രചോദനമാകണമെന്ന് വി ഡി സതീശൻ എഫ് ബി യിൽ എഴുതി. സിനിമയിലായിരുന്നെങ്കില്‍ ആനി ശിവ പറഞ്ഞ വാക്കുകള്‍ കേട്ട് നമ്മള് കൈയ്യടിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
ആണ്‍കോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു ദശകം മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക’ എന്ന് എസ്.ഐ. ആനി ശിവയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
‘നമ്മുടെ സഹോദരിമാരും പെണ്മക്കളും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെ ഇരകളായി എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതം. ഇതിനിടയില്‍ അനുഭവിക്കാത്തതായി ഒന്നും ഇല്ല. പക്ഷെ അതിനെയെല്ലാം എതിര്‍ത്ത് സ്വന്തം മകനെയും ചേര്‍ത്ത് നിര്‍ത്തി ഈ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്ക്കുമ്പോള് അവള് ഒരു ഐക്കണ്‍ ആവുകയാണ്,’ വി.ഡി. സതീശന് പറഞ്ഞു
വീട്ടുകാരാല്‍ തിരസ്കൃതയായി ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 18ാമത്തെ വയസില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആനി ശിവ 14 വര്‍ഷങ്ങള്‍ക്കുശേഷം വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആണ്.
ആദ്യം കറിപൗഡറും സോപ്പും വീടുകളില്‍ കൊണ്ടു നടന്ന് കച്ചവടം നടത്തുകയും പിന്നീട് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ടും റെക്കോര്‍ഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവ വേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പം കൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനും പോയാണ് സോഷ്യോളജിയില്‍ ബിരുദം നേടുന്നത്.
തുടർന്നാണ് പി എസ് സി കോച്ചിംഗിന് പോകുന്നത്. എസ് ഐ ടെസ്റ്റിനുള്ള പരിശീലനത്തിന് ഫീസ് നൽകാനും സുഹൃത്തുക്കൾ ആനിക്കൊപ്പം നിലയുറപ്പിച്ചു. വരുമാനം കണ്ടെത്തുന്ന ജോലികൾക്കിടയിലാണ് അവർ പഠിച്ചത്.
'ബെഡ്റൂം ആയിരുന്നു എൻ്റെ പഠന ലോകം. ചെറുപ്പം മുതൽക്കേ ഉറക്കം തീരെ കുറവായിരുന്നതിനാൽ ഉറക്കം കളഞ്ഞുള്ള പഠിത്തം എന്നെ ശാരീരികമായി ബാധിച്ചില്ല. രാവിലെ നാലു മണി വരെയോ അഞ്ച് മണി വരെയോ പഠിത്തം തുടരുമായിരുന്നു. ഞാൻ ഒന്നും കാണാപാഠം പഠിക്കാറില്ലായിരുന്നു. പഠിക്കേണ്ട കാര്യങ്ങൾ പേപ്പറിൽ വിവിധ കളർ പേന കൊണ്ട് എഴുതി ബെഡ്റൂമിൽ ഒട്ടിച്ചു വയ്ക്കും എന്നിട്ടു രണ്ടു മൂന്നു വട്ടം അത് വായിക്കും. പിന്നെ ഞാൻ മറക്കില്ല അതായിരുന്നു എന്റെ പഠന രീതി.'- ആനി പറയുന്നു.
സോഷ്യൽ മീഡിയയിൽ ആനി ശിവയുടെ ജീവിതകഥ ഷെയർ ചെയ്ത് യുവാക്കളും മുതിർന്നവരും ഒരുപോലെ ആഘോഷിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)