
പാലക്കാട്: സംഘപരിവാറുകാര്‍ ഭഗവാന്റെ പേരിലും സാമ്പത്തികത്തട്ടിപ്പ് നടത്തുന്നവരാണെന്നും അതിന്റെ മുന്നില്‍ കൊടകരയിലെ കുഴല്പ്പണമൊന്നും ഒന്നുമല്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. രാം മന്ദിര്‍ ട്രസിറ്റിലെ അംഗങ്ങള്‍ തട്ടിപ്പുനടത്തിയ വിവരം പങ്കുവച്ച് ഫേസ്ബുക്കിലാണ് വി ടി ബല്‍റാമിന്റെ പരിഹാസം.
അയോധ്യയില്‍ 5.8 കോടിയോളം ന്യായവില വരുന്ന സുമാര്‍ 3 എക്കര്‍ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളില്‍ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളില്‍, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപയ്ക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുന്നു. ഉടന്‍ തന്നെ 17 കോടി രൂപ ബാങ്ക് വഴി കൈപ്പറ്റുന്നു. രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആള്ക്കാര് തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയര്‍ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ചമ്പത് റായിയുടെ കാര്‍മ്മികത്ത്വത്തിലാണ് മൊത്തം ഡീലുകള്‍. ഭഗവാന് രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്! -ബല്‍റാം ചോദിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയുമാണ് കോടിക്കണക്കിനു രൂപയുടെ തിരിമറി ആരോപിച്ചു കൊണ്ട് രംഗത്തുവന്നത്. 2 കോടി രൂപയ്ക്ക് വാങ്ങിയ വസ്തു, 18 കോടി രൂപയ്ക്ക് മറിച്ചു വിറ്റുവെന്നും മിനിറ്റുകള്‍ക്കുളളില്‍ നടന്ന രണ്ട് ഡീലുകളിലും ഒരാള്‍ തന്നെയാണ് ഒപ്പിട്ടതെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ എല്ലാ ആരോപണങ്ങളും ട്രസ്റ്റ് ഭാരവാഹികള്‍ നിഷേധിച്ചു.
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം നടത്തുന്നതിനുവേണ്ടി സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം 2020 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നേരിട്ട് രൂപീകരിച്ച ട്രസ്റ്റാണ് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. സര്‍ക്കാര്‍ നിര്‍ദേശിച്ച 12 പേരെടക്കം 15 അംഗങ്ങളുള്ള ഈ ട്രസ്റ്റിന് 70 ഏക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)