
ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഔദ്യോഗിക പേജെന്ന് സൂചിപ്പിക്കുന്ന 'നീല ടിക് ചിഹ്നം' ട്വിറ്റര്‍ ഏകപക്ഷീയമായി നീക്കിയത് വന്‍ വിവാദമായി.
വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ പേജിന്റെ നീല്‍ ടിക് ചിഹ്നമാണ് ട്വിറ്റര്‍ നീക്കിയത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന് ട്വിറ്റര്‍ തയ്യാറല്ലെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മറ്റമാര്ഗ്ഗങ്ങളില്ലാതെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത ട്വിറ്റര്‍ പേജില്‍ നീല ടിക് പുനഃസ്ഥാപിച്ച് നല്കി ട്വിറ്റര്‍ വിവാദത്തില്‍ നിന്നും തലയൂരുകയായിരുന്നു.
ട്വിറ്റര്‍ ഒരു വ്യക്തിയുടെ പേജ് ഔദ്യോഗികമാണെന്ന് അംഗീകരിക്കുമ്പോള്‍ നല്കുന്ന ബാഡ്ജ് ആണ് ഈ നീല്‍ ടിക് ചിഹ്നം. എന്നാല്‍ തികച്ചും ഏകപക്ഷീയമായി. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ശനിയാഴ്ച വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത പേജില്‍ നിന്നും ഈ ചിഹ്നം നീക്കിയത്. ഇതിന് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ഉണ്ടായില്ലെന്നതാണ് ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ടവരെയും ബിജെപിയെയും ചൊടിപ്പിച്ചത്. ട്വിറ്ററിന്റെ ഈ ഏകപക്ഷീയ നടപടി പിന്നീട് ഉപരാഷ്ട്രപതിയുടെ ഓഫീസ് സ്ഥിരീകരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉണ്ടായി.
@വിപിസെക്രട്ടേറിയറ്റ് എ്ന്ന വെങ്കയ്യനായിഡുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് നീല ടിക്കോടെ തടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിഗത പേജായ @എംവെങ്കയ്യനായിഡു എന്ന പേജിലെ നീല ടിക്കാണ് ട്വിറ്റര്‍ എടുത്തുകളഞ്ഞത്.
ഒരു അക്കൗണ്ട് നിര്ജ്ജീവമായാലോ അതിന്റെ ഉപയോക്താവിന്റെ പേര് മാറ്റിയാലോ, ആ പേജ് അപൂര്‍ണ്ണമാണെങ്കിലോ, നേരത്തെ ട്വിറ്റര്‍ അംഗീകരിച്ച പേജിലെ സ്ഥാനത്ത് നിന്നും അതിന്റെ ഉടമ മാറിയിട്ടുണ്ടെങ്കിലോ, എല്ലാം ട്വിറ്റര്‍ തന്നെ നല്കിയ വെരിഫൈഡ് ബാഡ്ജായ നീല ടിക് ചിഹ്നം പിന്‍വലിക്കാന്‍ കമ്പനിയ്ക്ക് അധികാരമുണ്ട്. അതുപോലെ ഒരു അക്കൗണ്ട് തുടര്‍ച്ചയായി ട്വിറ്റര്‍ മുന്നോട്ട് വെച്ച നിയമങ്ങള്‍ ലംഘിച്ചാലും ആ അക്കൗണ്ടിലെ നീല ടിക് ബാഡ്ജ് പിന്‍വലിക്കാം. അതായത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയോ, അക്രമനയങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചാലോ, അപലപനീയമായ രീതിയില്‍ പെരുമാറുകയോ ചെയ്താലെല്ലാം നീല ടിക് ചിഹ്നം ട്വിറ്റര്‍ പിന്‍വലിക്കും.
ഉപരാഷ്ട്രപതിയുടെ പേജിലെ നീല ടിക് ബാഡ്ജ് പിന്‍വലിച്ചത് അദ്ദേഹത്തിന്റെ വ്യക്തിഗത പേജ് കുറെക്കാലമായി നിര്ജ്ജീവമായതുകൊണ്ടാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത പേജില്‍ ആറ് മാസമായി പുതിയ സന്ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് നീല ടിക് പിന്‍വലിച്ചതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തായാലും ട്വിറ്ററിന്റെ ഈ വിവാദ നീക്കത്തിനെതിരെ പൊടുന്നനെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നിരവധി പേര് ട്വിറ്ററിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് ബിജെപിയുടെ മുംബൈയിലെ വക്താവ് സുരേഷ് നഖുവ പറഞ്ഞു. സംഭവം വിവാദമായതോടെ ട്വിറ്റര്‍ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത പേജില്‍ നീല്‍ ടിക് ബാഡ്ജ് പുനഃസ്ഥാപിക്കുകയായിരുന്നു.
ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന് ട്വിറ്റര്‍ തയ്യാറാവാത്തതിനാല്‍ കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ പാതയിലായതിനാല്‍ സംഭവം കൂടുതല്‍ വിവാദമാവുകയായിരുന്നു.
എന്തുകൊണ്ടാണ് അടുത്തിടയായി ഇന്ത്യയിലെ പ്രമുഖരായ പലര്‍ക്കും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂടിക്ക് നഷ്ടമാക്കുന്നത് ? അതിന് മറുപടിയുമായി വന്നിരിക്കുകയാണ് ട്വിറ്റര്‍.
ട്വിറ്ററിന്റെ പുതിയ വെരിഫിക്കേഷന് പോളിസി കാരണമാണ് പലര്‍ക്കും തങ്ങളുടെ വെരിഫിക്കേഷന് നഷ്ടമായത്. പുതിയ പോളിസി അനുസരിച്ച് ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതെ ഇരുന്നാലോ (ഇന്‍ ആക്ടീവ്) അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമാക്കാതെ ഇരുന്നാലോ ആ അക്കൗണ്ടിന്റെ വേരിഫിക്കേഷന് നഷ്ടമാക്കും. ഇതാണ് പലര്‍ക്കും വിനയായത്. ഈ വര്‍ഷം ജനുവരി 22 നാണ് ട്വിറ്ററിന്റെ പുതിയ വെരിഫിക്കേഷന് പോളിസി നിലവില്‍ വന്നത്.
ഉപരാഷ്ട്രപതി വെങ്കയ നായിഡുവിന്റെ അക്കൗണ്ട് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇന്‍ ആക്ടീവാണെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.
അതേസമയം ആറ് മാസമായി യാതൊരു ട്വീറ്റും ചെയ്യാത്ത പല അക്കൗണ്ടുകള്‍ക്കും വെരിഫിക്കേഷന് നഷ്ടമായിട്ടില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനും ട്വിറ്റര്‍ മറുപടി പറയുന്നുണ്ട്. ഒരു അക്കൗണ്ട് നിര്‍ജീവമാണോ എന്ന് തീരുമാനിക്കുന്നത് അതില്‍ നിന്നുണ്ടായ ട്വീറ്റുകള്‍ കണക്കിലെടുത്തല്ലെന്നും ലോഗ് ഇന്‍ ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെന്നും ട്വിറ്റര്‍ വൃത്തങ്ങള്‍ പറഞ്ഞു. ട്വിറ്റര്‍ ഇന്‍ ആക്ടീവ് അക്കൗണ്ട് പോളിസിയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
വെരിഫിക്കേഷന് നിലനിര്‍ത്താന്‍ ആറ് മാസത്തില്‍ ഒരു തവണയെങ്കിലും ലോഗ് ഇന്‍ ചെയ്യണമെന്നും കൂടാതെ അക്കൗണ്ടില്‍ ഒരു വെരിഫൈഡ് ഇ-മെയിലും ഒരു മൊബൈല്‍ നമ്ബറും ചേര്‍ക്കണമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ വെരിഫിക്കേഷന് നഷ്ടമാക്കും മുമ്ബ് ഉപഭോക്താക്കള്‍ക്ക് ഒരു ഇ-മെയിലും ആപ്പ് നോട്ടിഫിക്കേഷനും ലഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. അതേസമയം മരിച്ചു പോയവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് ഇത്തരത്തില്‍ വേരിഫിക്കേഷന് നഷ്ടമാകില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
2017 ല്‍ നിര്‍ത്തിവച്ച വെരിഫിക്കേഷനായുള്ള പുതിയ ആപ്ലിക്കേഷന്‍ കഴിഞ്ഞമാസമാണ് ട്വിറ്റര്‍ വീണ്ടും ആരംഭിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)