
തിരുവനന്തപുരം: സംസ്ഥാനത്തെ 40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്സിന് ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന് ലഭിക്കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്ബാടും കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.
വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണ്. സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന് ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും. ജൂണ്‍ 15ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പി.എസ്.എ ഓക്സിജന്‍ പ്ലാന്റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഒരുകോടിയിലധികം ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. ഒരു തുള്ളി വാക്സിന് പോലും പാഴാക്കാതെയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. "ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിന് പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്സുമാര്‍ ഒരു തുള്ളി പോലും വാക്സിന് പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്സിനേഷന് ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു." - അവര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രുപം:
സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്സിന് നല്കി. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിന് പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്സുമാര്‍ ഒരു തുള്ളി പോലും വാക്സിന് പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്സിനേഷന് ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു.
18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 8,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്സിന് കേന്ദ്രം നല്‍കിയതാണ്. ഇന്ന് 50,000 ഡോസ് കോവാക്സിന് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണല്‍ വാക്സിന് സ്റ്റോറിലാണ് വാക്സിന് ആദ്യം എത്തിക്കുന്നത്. റീജിയണല്‍ വാക്സിന് സ്റ്റോറില്‍ നിന്നും ജില്ലകളിലെ വാക്സിന് സ്റ്റോറേജിലേക്ക് നല്കുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളില്‍ ഉള്ള വാക്സിന് സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്സിന് വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കിയത്. കോവിഡ് മുന്നണി പോരാളികളുടെ വാക്സിനേഷന് ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടേയും 45 നും 60 നും ഇടയ്ക്കുള്ള അനുബന്ധ രോഗമുള്ളവരുടേയും വാക്സിനേഷന് മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ഏപ്രില്‍ ഒന്നിന് ആരംഭിച്ചു. 18 നും 45 നും ഇടയ്ക്ക് പ്രായമായവരുടെ വാക്സിനേഷന് മേയ് മാസത്തില്‍ ആരംഭിച്ചു. വാക്സിന്റെ ലഭ്യത കുറവ് കാരണം അനുബന്ധ രോഗമുള്ളവര്‍ക്കാണ് ആദ്യ മുന്‍ഗണന നല്‍കിയത്. 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിന് നല്കി വരുന്നു.
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു. 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് നല്കാന് കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതല്‍ വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് ഏജ് ഗ്രൂപ്പുകാരേയും പരിഗണിക്കുന്നതാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)