
തിരുവനന്തപുരം: നേരാംവണ്ണം ബസ് ഓടിക്കാത്ത കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാര്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതു വഴി അപകട മരണങ്ങള് കൂടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ മാര്‍ക്കാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും നിലനിന്നിരുന്ന കഴിഞ്ഞ വര്‍ഷം 296 അപകടങ്ങളാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ മൂലം ഉണ്ടായത്. ഇതിലായി ആകെ 52 പേര് മരണപ്പെടുകയും 303 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. സ്വകാര്യ ബസുകള്‍ മൂലം 713 അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിലായി 105 പേര് മരണപ്പെടുകയും 903 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.
സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെ.എസ്.ആര്.ടി.സി ബസ് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കുറവാണ്. എന്നാല്‍ കെ.എസ്.ആര്.ടി.സി-യുടെയും സ്വകാര്യ ബസുകളുടെയും ആകെ എണ്ണം വെച്ച് കണക്കാക്കുമ്പോള്‍ അപകട മരണ നിരക്ക് കെ.എസ്.ആര്.ടി.സി-ക്ക് കൂടുതലാണ് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സര്‍ക്കാര്‍ വാഹനം എന്ന നിലയില്‍ ചില ഡ്രൈവര്‍മാര്‍ ധാര്‍ഷ്ട്യം കാണിച്ച് വാഹനം ഓടിക്കാറുണ്ടെന്നും അവര്‍ പറയുന്നു.
അതേസമയം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് നടപടിയില്‍ വലിയ അമര്‍ഷമുണ്ട്. കെ.എസ്.ആര്.ടി.സി-ക്കെതിരേ നടപടിയെടുക്കാന്‍ അറിയിച്ചുകൊണ്ട് മാര്‍ച്ച് 25-ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത് ഒരു വ്യക്തിയുടെ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ്. ഒരു ഇ-മെയില്‍ പരാതി മാത്രം പരിഗണിച്ച് കെ.എസ്.ആര്.ടി.സി പോലുള്ളൊരു സ്ഥാപനത്തിനെതിരേ നടപടിക്കൊരുങ്ങുന്നത് ശരിയല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കോര്പ്പറേഷന് തന്നെ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ എടുത്തുവരുന്നുണ്ട്. ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഡ്യൂട്ടി സമ്പ്രദായങ്ങളില്‍ അടക്കം ക്രമീകരണമുണ്ട്. ഇതോടൊപ്പം ബ്രത്ത് അനലൈസര്‍ വെച്ച് പരിശോധന നടത്തി ഡ്രൈവറും കണ്ടക്ടറും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുന്ന സംവിധാനവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തിനാണ് ഇത്തരം ഒരു നടപടിയെന്നാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ചോദിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)