
തിരുവനന്തപുരം: 2020 സെപ്റ്റംബർ ഒന്നുമുതൽ 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും. കോവിഡ് കാലത്ത് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും അക്കാലത്തെ തിരിച്ചടവിലെ വീഴ്ച ബാങ്കുകൾ കണക്കിലെടുക്കില്ല.
മൊറട്ടോറിയം സംബന്ധിച്ച കേസിൽ സുപ്രീംകോടതി അടുത്തിടെ അന്തിമവിധി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിലാണ് ഈ തീരുമാനം.
രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കിയിരുന്നു. അതിന് സർക്കാർ ബാങ്കുകൾക്ക് 6500 കോടി രൂപ നൽകിയിരുന്നു. എന്നാൽ, ഈ ആനുകൂല്യം മറ്റ് വായ്പകൾക്കും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതിന് ഇനിയും ഏകദേശം ഏഴായിരം കോടി രൂപവേണം. ഇത് സർക്കാർ നൽകണമെന്ന് ബാങ്കുകൾ ആവശ്യപ്പെടും.
മൊറട്ടോറിയം കാലത്ത് പലിശയിളവ് കിട്ടാത്ത വായ്പകൾക്ക് അക്കാലത്ത് ഈടാക്കിയ പിഴപ്പലിശയും കൂട്ടുപലിശയും നിശ്ചിത കാലത്തിനുള്ളിൽ തിരിച്ചുനൽകുകയോ അടുത്ത ഗഡുവിൽ ക്രമീകരിക്കുകയോ ചെയ്യും.
നടപടി ഊർജിതമാക്കി ബാങ്കുകൾ
മൊറട്ടോറിയം കാലയളവിനുശേഷം വായ്പാകുടിശ്ശികകളിൽ നടപടി ഊർജിതമാക്കി ബാങ്കുകൾ. നിശ്ചിത തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന മുന്നറിയിപ്പ്.
കുടിശ്ശികത്തുക മുഴുവനും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയവരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്.
തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകൾ വ്യത്യസ്ത നയമാണ് സ്വീകരിക്കുന്നത്. ചില പൊതുമേഖലാബാങ്കുകൾ തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ഇപ്പോഴും അവസരം നൽകുന്നുണ്ട്. എന്നാൽ, പല പുത്തൻ തലമുറ ബാങ്കുകളും സ്വകാര്യ ബാങ്കുകളും കുടിശ്ശിക വന്ന മുഴുവൻ തുകയും ഉടൻ തന്നെ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായാണ് ആക്ഷേപം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)