
ലോകം കണ്ട വലിയ ‘കടൽ ട്രാഫിക് ജാം’ സൂയസ് കനാലിൽ ഉണ്ടാവാൻ കാരണം എന്ത്?....സൂയസിലൂടെ ഉള്ള കപ്പൽ ഗതാഗതം ലോക രാഷ്ട്രങ്ങൾക്ക് എത്രമാത്രം പ്രാധാന്യമേറിയതാണ്?
എന്താണ് സൂയസ് കനാൽ പ്രതിസന്ധി ?
ലോകത്താദ്യമായി ഒരു പ്രദേശത്ത് യുഎൻ സമാധാന സേനയെ വിന്യസിച്ചത് എവിടെയാണ്?
ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയൻ കടലിലെ പോർട്ട് സൈദിനെയും, ചെങ്കടലിലെ സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈൽ), ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).
ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെ തന്നെ യൂറോപ്പും, ഏഷ്യയും തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. 1869-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും, ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. 193 കിലോമീറ്റർ നീളമുള്ള ജലപാതയായ സൂയസ് കനാലിൽ ഒരു കണ്ടെയ്നർ കപ്പൽ കുടുങ്ങിയത് ആഗോള തലത്തിലുള്ള വ്യാപാരത്തെ ബാധിച്ചിരിക്കുകയാണ് ഇപ്പോൾ. ഈജിപ്തിൽ സ്ഥിതി ചെയ്യുന്നതും, സമുദ്ര നിരപ്പിലുള്ളതുമായി ഈ കൃത്രിമ ജലപാത 1859 നും 1869 നും ഇടയിലാണ് നിർമിക്കപ്പെട്ടത്. അറ്റ്ലാന്റിക് സമുദ്ര മേഖലയിൽ നിന്ന് ഇന്ത്യൻ, പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലകളിലേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ജലമാർഗമാണ് സൂയസിലൂടെ
യുള്ളതെന്നതിനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നാണ് ഇത്.
കനാലിലൂടെയല്ലെങ്കിൽ ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിവേണം ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിന്നുള്ള കപ്പലുകൾക്ക് അറ്റ്ലാന്റിലേക്ക് കടക്കാൻ. ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള പാതയെ അപേക്ഷിച്ച് 7,000 കിലോമീറ്റർ ദൈർഘ്യം കുറവാണ് സൂയസ് വഴിയുള്ള പാത. കനാൽ ഔപചാരികമായി നിർമ്മിച്ചതു മുതലുള്ള 150ഓ അല്ലെങ്കിൽ അതിൽ കൂടുതൽ വർഷങ്ങൾക്കിടെ അതിലൂടെയുള്ള കപ്പൽ ഗതാഗത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാൽ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പ്രശ്നങ്ങൾ കനാൽ അഞ്ച് തവണ അടച്ചുപൂട്ടിയിരുന്നു. ഏറ്റവുമൊടുവിൽ 1975 ജൂണിലാണ് എട്ടുവർഷത്തെ ഒരു അടച്ചുപൂട്ടലിനു ശേഷം കനാൽ വീണ്ടും തുറന്നത്.
ഈജിപ്തിലെ ഫറവോ ആയ സേനാസ്രെറ്റ് മൂന്നാമന്റെ ഭരണകാലത്ത് (ബിസി 1887-1849) നിർമ്മാണം ആരംഭിച്ചതു മുതൽ കനാൽ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നിലവിലുണ്ട്. പിന്നീട് ഭരിച്ച പല രാജാക്കന്മാരും ഈ കനാൽ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു. 1800-കളുടെ മധ്യത്തിൽ ഫ്രഞ്ച് നയതന്ത്രജ്ഞനും, എഞ്ചിനീയറുമായ ഫെർഡിനാന്റ് ഡി ലെസെപ്സ് ഈജിപ്ഷ്യൻ വൈസ്രോയി സെയ്ദ് പാഷയുമായി കനാലിന്റെ നിർമ്മാണത്തെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തി. 1858-ൽ യൂണിവേഴ്സൽ സൂയസ് ഷിപ്പ് കനാൽ കമ്പനിയെ 99 വർഷത്തേക്ക് കനാൽ നിർമ്മിക്കാനും, പ്രവർത്തിപ്പിക്കാനും ചുമതലപ്പെടുത്തി. 99 വർഷത്തിനുശേഷം അവകാശങ്ങൾ ഈജിപ്ഷ്യൻ സർക്കാരിന് കൈമാറും എന്ന ധാരണയിലാണ് കരാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ, നിർമ്മാണം നിർത്തലാക്കാനുള്ള ബ്രിട്ടീഷുകാരുടെയും, തുർക്കികളുടെയും ശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ടുവെങ്കിലും 1869 ൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി കനാൽ തുറന്നു.
ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും കനാൽ കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരുന്നു. ബ്രിട്ടീഷുകാർ തങ്ങളുടെ സമുദ്ര-കൊളോണിയൽ താൽപ്പര്യങ്ങൾക്കായി ഈ അധികാരം ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി 1936 ലെ ഉടമ്പടിയുടെ ഭാഗമായി സൂയസ് കനാൽ മേഖലയിൽ പ്രതിരോധ സേനയെ വിന്യസിക്കാനും ബ്രിട്ടണ് കഴിഞ്ഞു. എന്നാൽ 1954 ൽ ഈജിപ്ഷ്യൻ ദേശീയവാദികളുടെ സമ്മർദ്ദം നേരിട്ട ഇരുരാജ്യങ്ങളും ഏഴ് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. കരാർ വ്യവസ്ഥകൾ കാരണം ബ്രിട്ടണ് സൈനികരെ പിൻവലിക്കേണ്ടി വന്നു.
1956 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ നാസർ നൈൽ നദിയിൽ ഒരു അണക്കെട്ടിന്റെ നിർമ്മാണത്തിനായി പണം കണ്ടെത്താനായി സൂയസ് കനാൽ ദേശസാൽക്കരിച്ചു. ഇത് കാരണം യുകെ, ഫ്രാൻസ്, ഇസ്രായേൽ എന്നിവർ ഈജിപ്തിനെതിരെ ആക്രമണം നടത്താൻ തീരുമാനിച്ചു. സൂയസ് കനാൽ പ്രതിസന്ധി എന്നാണ് ഈ സാഹചര്യം അറിയപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനുശേഷം 1957-ൽ ഈ സംഘർഷം അവസാനിച്ചു. തുടർന്ന് യുഎൻ സമാധാന സേനയെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. ലോകത്താദ്യമായി അന്നാണ് ഒരു പ്രദേശത്ത് യുഎൻ സമാധാന സേനയെ വിന്യസിച്ചത്. പ്രദേശത്ത് നിന്ന് അധിനി വേശ സേന തങ്ങളുടെ സൈന്യത്തെ പിൻവലിച്ചപ്പോഴും യുഎൻ സേന സിനായിയിൽ നിലയുറപ്പിച്ചിരുന്നു.
ഈജിപ്തും, ഇസ്രായേലും തമ്മിലുള്ള സമാധാനം നിലനിർത്താനായിരുന്നു സിനായ് പ്രദേശത്ത് യുഎൻ സേനാ വിന്യാസം തുടർന്നത്. 1967 ൽ നാസർ സമാധാന സേനയെ സീനായിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. ഇത് ഈജിപ്തും, ഇസ്രായേലും തമ്മിലുള്ള പുതിയ സംഘട്ടനത്തിലേക്ക് നയിച്ചു. ഇസ്രായേല്യർ സിനായി പിടിച്ചടക്കി. മറുപടിയായി ഈജിപ്ത് കനാൽ അടച്ചു. 1975ൽ ഇരുരാജ്യങ്ങളും സേനാപിൻമാറ്റ കരാറിൽ ഒപ്പുവെയ്ക്കുന്നത് വരെ കനാൽ അടഞ്ഞുതന്നെ തുടർന്നു. ഈജിപ്തിന്റെയും, സിറിയയുടെയും നേതൃത്വത്തിലുള്ള അറബ് സഖ്യവും, ഇസ്രായേലും തമ്മിൽ നടന്ന 1973 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഈ കനാൽ.
ലോകത്താകമാനമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയ്നറുകളിൽ 30 ശതമാനവും കടന്നു പോകുന്നത് സൂയസിലൂടെയാണ്. ലോകത്തിൽ ആകെ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളിൽ 12 ശതമാനവും ഈ കനാലിലൂടെയാണ്. ലോകത്തിലെ ആകെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4.4 ശതമാനവും സൂയസിലൂടെയാണെന്നറിയുമ്പോൾ വ്യക്തമാണ് എത്രമാത്രം പ്രാധാന്യമേറിയതാണ് ഈ മനുഷ്യ നിർമിത കപ്പൽപ്പാതയെന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ കപ്പൽപ്പാതയിലെ ഇപ്പോഴത്തെ അപകടം മൂലം കനാലിന്റെ നിയന്ത്രണാധികാരമുള്ള ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി ഇതുവഴിയുള്ള എല്ലാ കപ്പൽ ഗതാഗതവും നിരോധിച്ചുണ്ട്.
ഈജിപ്തിനു കഴിഞ്ഞ വർഷം 500 കോടി ഡോളറിലേറെ ടോളിനത്തിൽ മാത്രം ലഭിക്കാൻ സഹായിച്ച കനാൽ കൂടിയാണ് സൂയസ്. ഏഷ്യയെയും, യൂറോപ്പിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഈ വ്യാപാര പാതയിൽ എവർ ഗ്രീന്‍ എന്ന കപ്പല്‍ സൃഷ്ടിച്ച ആഘാതം വരുംനാളുകളിൽ വിപണിയിലും പ്രതിഫലിക്കും. കനാലിലൂടെ കടന്നു പോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോൾ ഗതാഗതം വൈകുന്ന ഓരോ ദിവസവും നഷ്ടമുണ്ടാകുന്നത് ഏകദേശം 900 കോടി ഡോളർ വീതമാണ്.
ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഓരോ വർഷവും കടന്നുപോകുന്നതിനാൽ പടിഞ്ഞാറും, കിഴക്കും തമ്മിലുള്ള എല്ലാ വ്യാപാരത്തിന്റെയും ജിവനാഡിയായി ഈ കനാൽ തുടരുന്നു. പ്രതിദിനം ശരാശരി 50 കപ്പലുകളും അവയിലെ ഏകദേശം 9.5 ബില്യൺ ഡോളർ വിലവരുന്ന ചരക്കുകളും കനാലിലൂടെ കടന്നുപോകുന്നു. ക്രൂഡ് ഓയിൽ മുതൽ പെട്ടെന്ന് നശിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ വരെ ഈ ചരക്കുകളിൽ ഉൾപ്പെടുന്നു. മാർച്ച് 23 നാണ് ചൈനയിൽ നിന്ന് നെതർലാൻഡിലേക്കുള്ള യാത്രാമധ്യേ എംവി എവർ ഗിവൺ എന്ന ഭീമൻ കണ്ടെയ്നർ കപ്പൽ കനാലിന്റെ ഇടുങ്ങിയ ഭാഗങ്ങളിലൊന്നിൽ കുടുങ്ങിപ്പോയത്. ഇത് കനാലിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാൻ കാരണമായി. 200 ഓളം കപ്പലുകൾ കനാലിന്റെ ഇരുഭാഗങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. ഈ തടസ്സത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ തടസ്സം എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാൽ ചില രാജ്യങ്ങളിൽ ഇതിനകം തന്നെ എണ്ണവിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
ഭാവിയിലെ അപകടങ്ങൾ തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച ചർച്ച ഈ അപകടത്തിൻ്റേ പശ്ചാത്തലത്തിൽ ഉയർന്നു വന്നിട്ടുണ്ട്. ഈ ഇടുങ്ങിയ ജലപാതയെ ആഗോള തലത്തിൽ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് എന്തുചെയ്യാം എന്ന ചർച്ചയും ഈ പശ്ചാത്തലത്തിൽ ഉയർന്നിട്ടുണ്ട്.
2018ൽ നിർമിക്കപ്പെട്ട എവർ ഗിവൺ ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണ്. പാനമയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പലിന് 400 മീറ്ററോളം നീളവും, 59 മീറ്റര്‍ വീതിയുമുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ അത്രയും നീളം വരും എവർ ഗിവണിനെന്നു ചുരുക്കം. ഒരേസമയം 20,000 കണ്ടെയ്നറുകൾ വരെ വഹിച്ചു യാത്ര ചെയ്യാനുള്ള ശേഷിയും ഈ കപ്പൽ ഭീമനുണ്ട്. ഏഷ്യൻ രാജ്യങ്ങൾക്കും , യൂറോപ്പിനുമിടയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന കപ്പലാണിത്. ഇത്തവണ പടുകൂറ്റൻ കണ്ടെയ്നറുകളുമായി ചൈനയിൽ നിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്കു പോവുകയായിരുന്നു കപ്പല്‍. ചെങ്കടലിൽ നിന്നു സൂയസ് കനാൽ വഴി വടക്ക് മെഡിറ്ററേനിയൻ മേഖലയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. സൂയസിലേക്കു കടന്നപ്പോൾത്തന്നെ മണിക്കൂറിൽ 50 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്ന അതിശക്തമായ കൊടുങ്കാറ്റുണ്ടായെന്നും കണ്ടെയ്നറുകളൊന്നും മുങ്ങാതെ ഒരു വിധം സൂയസ് കനാൽ കടക്കാമെന്നു കരുതിയപ്പോഴാണ് കാറ്റ് കാരണം കാഴ്ച മറഞ്ഞതോടെ മുന്നോട്ടുള്ള പാത കാണാതായി. കപ്പൽ കനാലിനു കുറുകെ വരികയും, മണൽത്തിട്ടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. മാർച്ച് 23ന് പ്രാദേശിക സമയം രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംഭവം.
കപ്പലിന്റെ വേഗം, ഇന്ധനക്ഷമത എന്നിവ കൂട്ടാനും സ്ഥിരത കൈവരിക്കാനും സഹായിക്കുന്ന ‘ബൽബസ് ബോ’ എന്ന മുൻഭാഗമാണ് പ്രശ്നക്കാരനായത്. ബൽബസ് ബോ മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറിയതോടെ കപ്പൽ കനാലിനു വിലങ്ങനെ പെട്ടുപോവുകയായിരുന്നു. കപ്പലിലെ വൈദ്യുതബന്ധം നഷ്ടമായതിനെത്തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്ന് ആദ്യറിപ്പോർട്ടുകൾ ഉണ്ടായിരുന്നു.പ്രാഥമിക പരിശോധനയിൽ സാങ്കേതിതകപരമോ, എൻജിനുണ്ടായ തകരാറോ അല്ല കപ്പൽ മണ്ണിലുറയ്ക്കാൻ കാരണമെന്നും കണ്ടെത്തിയിരുന്നു. കപ്പലിൽ ആകെ 25 പേരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്.
സാധാരണ ഗതിയിൽ സൂയസിലേക്കു പ്രവേശിക്കുന്ന കപ്പലുകൾ പ്രത്യേകം കൂട്ടമായാണു സഞ്ചരിക്കുക. ഇവയ്ക്കൊപ്പം ഒന്നോ , രണ്ടോ ‘ടഗുകളു’മുണ്ടാകും. അപകടമുണ്ടായാൽ കപ്പലിനെ വലിച്ചുമാറ്റാൻ സഹായിക്കുന്ന കൂറ്റൻ കപ്പലുകളാണിവ. അപകടത്തിൽ പ്പെടുന്ന കപ്പലിനെ പെട്ടെന്നു തന്നെ സുരക്ഷിതമായി മാറ്റുന്നതിനാൽ സാധാരണ ഇത്തരം പ്രശ്നങ്ങൾ മറ്റു കപ്പലുകളെ ബാധിക്കാറുമില്ല. എന്നാൽ സൂയസ് കനാലിന്റെ ഏറ്റവും തെക്കേ യറ്റത്തുള്ള ‘സിംഗിൾ ലെയ്നി’ലാണ് എവർ ഗിവൺ കുടുങ്ങിയത്. ‘ഒറ്റവരിപ്പാത’യായതിനാൽത്തന്നെ കൂറ്റൻ കപ്പൽ കനാലിനു കുറുകെ ഉറച്ചതോടെ മറ്റു കപ്പലുകൾക്കെല്ലാം യാത്ര പാതിവഴിയിൽ നിർത്തുകയല്ലാതെ വേറെ വഴിയുമില്ലാതായി.കടലിൽ ഇന്നേവരെയുണ്ടായതിൽവച്ച് ഏറ്റവും വലിയ ‘ട്രാഫിക് ജാമാണ്’ സൂയസ് കനാലിലുണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. 150ലേറെ കണ്ടെയ്നർ ഷിപ്പുകളും ,ഇന്ധനം നിറച്ച ടാങ്കറുകളും, ധാന്യങ്ങൾ നിറച്ച കപ്പലുകളുമാണ് നിലവിൽ സൂയസിലേക്കു കടക്കാനാകാതെ എന്തു ചെയ്യുമെന്ന് അന്തിച്ചു നിൽക്കുന്നത്. അവയിൽ പലതും തിരികെപ്പോകാനുള്ള ശ്രമത്തിലുമാണ്. ആഫ്രിക്കൻ വൻകര ചുറ്റിയാണ് ആ യാത്ര സാധ്യമാവുക. പക്ഷേ സൂയസ് കനാൽ വഴി പോകുന്നതിനേക്കാൾ 9,000 കിലോമീറ്റർ അധികമാണ് ആ യാത്ര. അതിനാൽ ത്തന്നെ ചിലരെങ്കിലും അൽപം കാത്തു കെട്ടിയിട്ടാണെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടതിനു ശേഷം മുന്നോട്ടു പോകാമെന്ന പ്രതീക്ഷയിലാണ്.
ആഫ്രിക്ക വഴി പോയാൽ ഇനിയും 2–3 ആഴ്ചയെടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ. നാലു ലക്ഷത്തോളം ഡോളറും അധികമായി ചെലവു വരും. ഈ സാഹചര്യത്തിലാണ് സൂയസിൽത്തന്നെ കാത്തിരിക്കാമെന്ന നിലപാടിലേക്ക് കപ്പൽ കമ്പനികളെത്തിയത്. സൂയസ് കനാൽ അതോറിറ്റി ആരംഭത്തിൽ ചില കപ്പലുകളെ കടത്തിവിട്ടെങ്കിലും പ്രതിസന്ധി രൂക്ഷമാകുന്നെന്നു കണ്ടതോടെ കപ്പൽ ഗതാഗതം പൂർണ്ണമായി നിർത്തിവച്ചിരിക്കുകയാണ്. കടൽത്തീരത്തടിഞ്ഞ പടുകൂറ്റൻ തിമിംഗലത്തെപ്പോലെത്തന്നെയാണ് നിലവിൽ എവർ ഗിവണിന്റെ അവസ്ഥ. എടുത്തുമാറ്റാനാകുമെന്നത് ഉറപ്പ്, പക്ഷേ അധ്വാനിക്കണം, ഏറെ സമയവും വേണം.
ബൽബസ് ബോ മണ്ണിലുറച്ചതിനാൽ ത്തന്നെ അതിനു ചുറ്റുമുള്ള മണലും, ചെളിയും മാറ്റുകയാണ് പ്രധാനം. അതിന് രണ്ടു ഡ്രഡ്ജറുകൾ ഡ്രഡ്ജിങ് തുടരുകയാണ്.
ഇപ്പോൾ എത്തിച്ചിരിക്കുന്ന എട്ട് ടഗ് കപ്പലുകളിൽ ഒന്നിന് 160 ടൺ വരെ വലിച്ചുമാറ്റാനുള്ള ശേഷിയുണ്ട്. എന്നാൽ 48 മണിക്കൂറോളം ഇവ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് അധികൃതരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ കപ്പലിൽ നിന്ന് കണ്ടെയ്നറുകളും, ഇന്ധനവും വെള്ളവും മാറ്റി അതിന്റെ ഭാരവും കുറയ്ക്കേണ്ടതുണ്ട്. കപ്പലിന്റെ സ്ഥിരത നിലനിർത്തുന്നതിനായി അടിത്തട്ടിൽ നിറച്ചിരിക്കുന്ന ‘ബാലസ്റ്റ് വാട്ടറാണ്’ ഒഴിവാക്കേണ്ടത്. അതിനു ശേഷം വേണം കപ്പൽ വലിച്ചു മാറ്റാൻ ടഗുകളുടെ സഹായം തേടാൻ. ഇവ മൂന്നും ചേരുന്നതോടെ കപ്പലിന്റെ ‘രക്ഷാപ്രവർത്തനം’ ഏറെക്കുറെ സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. അംബരചുംബിയോളം വലുപ്പമുള്ള കപ്പലിൽ നിന്ന് കണ്ടെയ്നറുകളും, വെള്ളവും ഉൾപ്പെടെ മാറ്റുന്നതിന് ദിവസ്സങ്ങളെടുക്കുമെന്ന പ്രശ്നവുമുണ്ട്. ഡച്ച് കമ്പനിയായ സ്മിത്ത് സാൽവജ്, ജാപ്പനീസ് കമ്പനിയായ നിപ്പോൺ സാൽവജ് എന്നിവയാണ് എവർ ഗിവണിനെ ‘രക്ഷിക്കാനായി’ രംഗത്തുള്ളത്. സൂയസ് കനാൽ അതോറിറ്റിയോടും, എവർ ഗിവൺ സംഘത്തോടുമൊപ്പം ചേർന്നാണ് ജാപ്പനീസ്–ഡച്ച് സംഘം പുതിയ പദ്ധതികൾ തയാറാക്കുന്നത്.
ചില്ലറ വ്യാപാരത്തിനുള്ള മൊബൈൽ ഫോണ്‍ മുതൽ വാഴപ്പഴം വരെ കനാലിൽ കെട്ടിക്കിടക്കുകയാണെന്നതാണു യാഥാർഥ്യം. കൊറോണവൈറസ് കാരണം കഷ്ടത്തിലായ റീട്ടെയ്ൽ ശൃംഖലയ്ക്കേറ്റ പുതിയ തിരിച്ചടിയെന്നാണ് സൂയസിലെ പ്രശ്നത്തെ മേഖലയിലുള്ളവർ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏതാണ്ടെല്ലാ കണ്ടെയ്നർ ഷിപ്പിങ് കമ്പനികൾക്കും സൂയസിലെ പ്രശ്നം തിരിച്ചടിയായിട്ടുണ്ട്.ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കു നിർമിച്ചു കയറ്റി അയയ്ക്കുന്ന ഉൽപന്നങ്ങളുടെ വിതരണത്തെയും സൂയസ് പ്രതിസന്ധി ബാധിക്കും. പടിഞ്ഞാറൻ യൂറോപ്പിലെ ഓരോ തുറമുഖത്തും ഈ പ്രശ്നം പ്രതിഫലിക്കും.എവർ ഗിവൺ വഴിയിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ ഈ ദിവസങ്ങളില്‍ സൂയസിലൂടെ 16 ഇന്ധന ടാങ്കർ കപ്പലുകൾ കടന്നു പോകേണ്ടതായിരുന്നു. അവയും അനിശ്ചിതമായി വൈകിയ അവസ്ഥയിലാണ്. ഈ ടാങ്കറുകളിലാകെ 8.7 ലക്ഷം ടൺ ക്രൂഡ് ഓയിലാണുള്ളത്. 6.7 ലക്ഷം ടൺ ഗ്യാസൊലിൻ, നാഫ്ത, ഡീസൽ തുടങ്ങിയ ഉപോൽപന്നങ്ങളുമുണ്ട്. സൂയസിലൂടെ ഏറ്റവും കൂടുതൽ ഇന്ധനം മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് സൗദിയും, റഷ്യയുമാണ്. ഈ ഇന്ധനം പ്രധാനമായും എത്തുന്നതാകട്ടെ ഇന്ത്യയിലേക്കും, ചൈനയിലേക്കും.
സൂയസ് കനാല്‍ വഴിയുള്ള ഇന്ധന വരവിൽ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. 2020ലെ കണക്കനുസരിച്ച് ലോകത്ത് ഒരു ദിവസം സമുദ്രത്തിലൂടെ കൊണ്ടുപോയ 3.92 കോടി ബാരൽ ക്രൂഡ് ഓയിലിൽ 17.4 ലക്ഷം ബാരൽ സൂയസ് കനാലിലൂടെയാണു കടന്നുപോയത്. സൂയസ് ഉൾക്കടലിനെയും, മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ്–മെഡിറ്ററേനിയൻ (സൂമെഡ്) പൈപ് ലൈൻ സൂയസ് കനാലിനു സമാന്തരമായി 320 കിലോമീറ്റർ ദൂരത്തിലുണ്ട്. പ്രതിദിനം 28 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട് ഈ പൈപ്പ് ലൈന്‍. എന്നാൽ ഇതു പൂർണമായും ഉപയോഗപ്പെടുത്തുന്നതു കുറവാണ്. എന്നാൽ കപ്പൽ അപകടം സംഭവിച്ച സാഹചര്യത്തിൽ സൂമെഡ് പൈപ്പ്ലൈൻ വഴി ക്രൂഡ് ഓയിൽ കൊണ്ടുപോകുന്നതിന് ചില വ്യാപാരികളെ അധികൃതർ സമീപിച്ചതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇത് ചെലവേറിയ മാര്‍ഗമാണെന്നാണ് വ്യാപാരികളുടെ നിലപാട്.
20 ലക്ഷം ബാരലുകളുമായി സഞ്ചരിക്കുന്ന സൂപ്പർ ടാങ്കറുകൾക്കു മാത്രമേ സൂമെഡ് പൈപ്ലൈനിന്റെ സേവനം ഉപയോഗപ്പെടുത്താനാകൂവെന്നും അവർ പറയുന്നു. ബാരലിന് ഒരു ഡോളർ വരെ സർവീസ് ചാർജായി നൽകേണ്ടിയും വരും. ഇതിനോടകം ഏറെ നഷ്ടം നേരിട്ട കമ്പനികൾ പൈപ്ലൈൻ സാധ്യത ഉപയോഗപ്പെടുത്താനുള്ള സാധ്യതയും കുറവാണ്.കപ്പൽ ഇനി എത്ര വേഗം യാത്രയ്ക്കു സജ്ജമാക്കിയാലും ഉടമകളായ ഷോയി കിസെനും , ഇൻഷുറൻസ് കമ്പനികളും ദശലക്ഷക്കണക്കിനു ഡോളറിന്റെ കണക്ക് ഇടപാടുകാരോടു പറയേണ്ടി വരും. എവർ ഗിവണിനു തൊട്ടുപിറകിലായുണ്ടായിരുന്ന ചരക്കുകപ്പലുകൾ തെക്കു ഭാഗത്തേക്കു തിരിച്ചുവിട്ട് സൂയസ് തുറമുഖത്തേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണിപ്പോൾ. കനാലിൽ മറ്റു തടസ്സങ്ങളുണ്ടാകാതിരിക്കാനാണിത്. എവർ ഗ്രീണിനെയും മണൽത്തിട്ടയിൽ നിന്നു മോചിപ്പിച്ചാൽ ആദ്യം സൂയസ് തുറമുഖത്തേക്കായിരിക്കും മാറ്റുക. ഇതാദ്യമായല്ല ഈ പടുകൂറ്റൻ കപ്പൽ അപകടത്തിൽപ്പെടുന്നത്. 2019ൽ ജർമനിയിലെ ഹാംബർഗിൽ നങ്കൂരമിട്ടിരുന്ന കടത്തുബോട്ടിലേക്ക് ഇടിച്ചു കയറിയും വൻ അപകടമുണ്ടാക്കിയിരുന്നു. അന്നും ശക്തമായ കാറ്റാണ് നിയന്ത്രണം വിടാനുള്ള കാരണമായി അധികൃതർ പറഞ്ഞത്. കടത്തു ബോട്ടിന് കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)